15 August Monday

ഫാസിൽ‐ എന്നും പുതുമയുടെ വസന്തം

സുജിത്ത് ടി കെ നളിനം sujthtk16@gmail.comUpdated: Sunday Dec 5, 2021
ഫാസിലിന്റെ സിനിമകൾക്കായി മലയാളികൾ കാത്തിരുന്ന കാലം ഉണ്ടായിരുന്നു. 41 വർഷം പിന്നിട്ട ആ കരിയറിൽ എത്രയെത്ര ഹിറ്റുകളാണ്‌ പിറന്നത്‌. എത്രയെത്ര പ്രതിഭകളെയാണ്‌ ഈ സംവിധായകൻ മലയാളത്തിന്‌ സമ്മാനിച്ചത്‌. ഇപ്പോഴിതാ ‘കുഞ്ഞാലി മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ  അഭിനയിക്കുന്നു, മലയാളികളുടെ പ്രിയസംവിധായകൻ

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പ്രണയചിത്രത്തിന്‌ 41 വർഷം പിന്നിട്ടിട്ടും ആ സിനിമയും  പാട്ടുകളും ഇപ്പോഴും പ്രേക്ഷകരിൽ പുതുമയുടെ പൂക്കളാണ്‌ വിരിയിക്കുന്നത്‌.  പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും വിരഹത്തിന്റെയും ആർദ്രഭാവങ്ങൾ നിറച്ച ഫാസിൽ സിനിമകളുടെ ആരംഭം  1980ലാണ്‌. ദുർഗ്രഹതകൾ ഏതുമില്ലാത്ത ലളിതമായ ആഖ്യാനശൈലിയാണ്‌ ഫാസിൽ ചിത്രങ്ങളുടെ മുദ്ര. എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, പൂവിന് പുതിയ പൂന്തെന്നൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, എന്റെ സൂര്യപുത്രിക്ക്, അനിയത്തി പ്രാവ്‌ അങ്ങനെ പേരുകളിൽ പോലും പുതുമയുടെ വസന്തം.

മണിച്ചിത്രത്താഴിലൂടെ സങ്കീർണമായ മനഃശാസ്‌ത്ര വ്യവഹാരങ്ങൾക്ക്‌ സിനിമാ ഭാഷ്യം നൽകിയ  സംവിധായകൻ തന്നെയാണ്  ഏറെ നാൾക്കുശേഷം മമ്മൂട്ടിയെയും മോഹൻലാലിനെയും  ഒരുമിപ്പിച്ച ഹരികൃഷ്‌ണൻസിലൂടെ ത്രികോണപ്രയണത്തിന്റെ കഥ പറഞ്ഞുതന്നത്‌. അഭിനേതാക്കളായ മോ ഹൻലാൽ ശങ്കർ, പൂർണിമ ജയറാം, കുഞ്ചാക്കോ ബോബൻ, ശാലിനി, ഫഹദ്,  സംഗീത സംവിധായകൻ ജെറി അമൽദേവ്‌, സംവിധായകരായ സിദ്ദിക്ക്‌–- ലാൽ, ഗാനരചയിതാവ്‌  കൈതപ്രം ഇങ്ങനെ എത്രയെത്ര പ്രതിഭകളെയാണ്‌ ഫാസിൽ അവതരിപ്പിച്ചത്‌.  ഫാസിൽ സംസാരിക്കുന്നു:

ആ സെറ്റ്‌ എന്റെ പള്ളിക്കൂടം

ഒരു സിനിമാ പ്രവർത്തകനെയും സമീപിച്ച് എന്റെ കഥ സിനിമയാക്കണമെന്നോ സംവിധാനം പഠിക്കണമെന്നോ ചോദിച്ചിട്ടില്ല.  സിനിമാ പ്രവേശം അങ്ങനെയങ്ങ്‌ സംഭവിക്കുകയായിരുന്നു. നെടുമുടി വേണുവുമായി ചേർന്ന് നാടക, മിമിക്രി വേദികളിൽ സജീവമായിരുന്നു. കലാഭിരുചി കണ്ടിട്ട് നവോദയാ അപ്പച്ചൻ സാർ "അച്ചാരം അമ്മിണി ഓശാരം ഓമന'യുടെ കഥാചർച്ചയ്‌ക്കു  വിളിച്ചു. അടൂർ ഭാസിയാണ്  സംവിധായകൻ. ക്യാമറാമാനും സെക്കൻഡ്‌ യൂണിറ്റ് ഡയറക്ടറും എ വിൻസെന്റ്. ഷൂട്ട്‌ തുടങ്ങിയപ്പോൾ ‘എല്ലാം കണ്ടു മനനസ്സിലാക്കിക്കൊള്ളൂ’  എന്ന്‌ അപ്പച്ചൻ സാർ. സിനിമയുടെ വ്യാകരണം ഹൃദിസ്ഥമാക്കാനുള്ള അവസരമായിരുന്നു അത്‌. എന്റെ സിനിമാ പള്ളിക്കൂടവും യൂണിവേഴ്സിറ്റിയും അതുതന്നെ.  നവോദയയുടെ അടുത്ത ചിത്രം ഉണ്ണിയാർച്ചയിലും ഭാഗഭാക്കായി.  ഉണ്ണിയാർച്ച സൂപ്പർ ഹിറ്റായതോടെ അപ്പച്ചൻ സാർ എന്നോട്  തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടു. നസീർ, മധു, സുകുമാരൻ, ശ്രീവിദ്യ തുടങ്ങിയവർ അഭിനയിച്ച തീക്കടലിന്‌ തിരക്കഥ എഴുതുന്നത്‌ അങ്ങനെ.  എന്റെ ആദ്യരചനയാണത്‌. നവോദയ നിർമിക്കുന്ന അടുത്ത ചിത്രം ഫാസിൽ തന്നെ സംവിധാനം ചെയ്‌തോളൂ എന്ന്‌  അപ്പച്ചൻ - സാർ  പറഞ്ഞു. അങ്ങനെയാണ്‌  ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെത്തിയത്‌.

മഞ്ഞിൽ വിരിഞ്ഞ ഹിറ്റ്‌

പ്രേതം യാഥാർഥ്യമോ ഭാവനയാണോ എന്നതിനെക്കുറിച്ചുള്ള ഫീച്ചർ ആയിടെ വായിച്ചു. ഒരു വ്യക്തി അയാളുടെ അനുഭവത്തിൽനിന്ന്‌ പ്രേതത്തെക്കുറിച്ച് എഴുതിയത് എന്നെ ആകർഷിച്ചു. ആ സ്‌പാർക്കിൽനിന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഉണ്ടായത്.  തിരക്കഥ നവോദയക്ക്‌ ഇഷ്ടമായപ്പോൾ പുതുമുഖങ്ങൾക്കായി ഞങ്ങൾ പരസ്യം കൊടുത്തു. മോഹൻലാലിന്റെ കൂട്ടുകാരാണ് ലാലിന്റെ ഫോട്ടോ ഞങ്ങൾക്ക് അയച്ചുതന്നത്. നരേന്ദ്രൻ എന്ന എന്റെ വില്ലൻ കഥാപാത്രം ഒരു നാണം കുണുങ്ങിയായിരുന്നു. ലാൽ ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ ഞാനും ജിജോയും ഫുൾ മാർക്ക് കൊടുത്തു. ശങ്കറിനെ ഞങ്ങൾ നേരിൽക്കണ്ടു. അപ്പോൾ ഇറങ്ങിയ ശങ്കറിന്റെ തമിഴ്പടം കൂടി കണ്ടപ്പോൾ ഹീറോയും ഒക്കെയായി. ഹീറോയിനായി ഒരുപാട് കുട്ടികളുടെ ഫോട്ടോ വന്നെങ്കിലും പൂർണിമയുടെ  ഫോട്ടോ കിട്ടിയതുമുതൽ ഞാൻ എല്ലാവരോടും പറഞ്ഞു, ‘ഇതാണ് എന്റെ പ്രഭ'. ജെറി അമൽദേവിന്റെ ആദ്യ സിനിമകൂടിയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ബിച്ചു തിരുമല എഴുതി ജെറി അമൽദേവ് ഈണമിട്ട മനോഹര ഗാനങ്ങളും ഹിറ്റായി. സിബി മലയിൽ ആയിരുന്നു അസോസിയറ്റ് ഡയറക്ടർ. അശോക്‌കുമാർ ക്യാമറാമാനും.

മമ്മൂട്ടിയും ലാലും

മമ്മൂട്ടി സിനിമയിൽ ഉള്ളതാണ് മോഹൻലാൽ ഇത്രയും ഷൈൻ ചെയ്യാൻ കാരണം. മറുവശത്ത് മോഹൻലാൽ ഉള്ളതാണ് മമ്മൂട്ടിയുടെ ആർജവം. ഇരുവരും പരസ്‌പരം കൊടുത്തും വാങ്ങിയും മുന്നേറുകയാണ്.  എഴുത്തുകാരും  സംവിധായകരും ഇവരുവരെയും ഫലപ്രദമായി ഉപയോഗിച്ചു. ഞാനൊരു ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കിയാൽ അടുത്തത്‌ മമ്മൂട്ടിയുടെ ഊഴം.  ജോഷി മമ്മൂട്ടിയെ വച്ച് സൂപ്പർ ഹിറ്റ് തീർത്തപ്പോൾ, മറ്റൊരു ലാൽ ഹിറ്റുമായി പ്രിയദർശൻ എത്തി. എം ടി ഹരിഹരൻ–- ടീം അമൃതംഗമയയിൽ മോഹൻലാലിനെയും ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടിയെയും നായകനാക്കി. സത്യൻ–-ശ്രീനി ടീമും സിബി–-ലോഹി ടീമും രണ്ടു താരങ്ങളെയും മാറിമാറി അണിനിരത്തി. വിയറ്റ്നാം കോളനിയിൽ മോഹൻലാലിനെ നായകനാക്കിയപ്പോൾ, ഹിറ്റ്‌ലറിൽ മമ്മൂട്ടിയെ നായകനാക്കി സിദ്ധിക്കും ലാലും. ക്രിയാത്മകമായ  മത്സരബുദ്ധിയോടെയുള്ള ഇത്തരം സിനിമകൾ താരങ്ങൾക്കും സിനിമാ മേഖലയ്‌ക്കും ഏറെ ഗുണം ചെയ്‌തു.  പിന്നീട് വന്ന അഭിനേതാക്കൾ ഇത്രയും അവസരം കിട്ടിയിട്ടില്ല.

പാട്ടിന്റെ പ്രസക്തി

പാട്ട് വേണ്ടെന്ന തീരുമാനത്തിൽ പടമെടുത്ത്, ആ ചിത്രങ്ങൾ അതേപോലെ പ്രേക്ഷകർ തിരസ്‌കരിച്ച അവസ്ഥ ഇന്ന് ഞാനും കാണുന്നുണ്ട്. പാട്ടിന്‌ സിനിമയിൽ  എന്നും പ്രസക്തിയുണ്ട്. അവ നന്നായി ഉപയോഗപ്പെടുത്താൻ കഴിവുള്ള ചലച്ചിത്രപ്രവർത്തകർ കുറവാണോ എന്ന് തോന്നിപ്പോയിട്ടുണ്ട്.  ഒരു സിനിമയിൽ മനോഹരമെങ്കിൽ നാലോ അഞ്ചോ പാട്ട്‌ ഇപ്പോഴും കാണികൾ സഹിക്കുമെന്ന പക്ഷക്കാരനാണ് ഞാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top