21 February Thursday

കാലത്തിന്റെ മറവിയോട് 'ചാച്ചന്റെ പ്രതികാരം'

ഷഫീഖ് അമരാവതിUpdated: Friday Dec 21, 2018


അരനൂറ്റാണ്ടിലേറെ നാടകരംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ആന്റണി അടുത്ത കാലത്താണ് സിനിമയില്‍ സജീവമായത്. സ്വയം തീര്‍ത്ത പാതയിലൂടെ ഏതാണ്ട് ആറ് പതിറ്റാണ്ടിലേറെയായി ഇദ്ദേഹം കലയ്ക്കായി അലഞ്ഞു. ആ ഫ്ളാഷ്ബാക്ക് കേരളത്തിന്റെ നാടകാരങ്ങിന്റെ കഥകൂടിയാണ്.ദേശാഭിമാനിക്കായി പരേതനായ ഷഫീക്ക് അമരാവതി 2016 ഫെബ്രുവരി 27ന് എഴുതിയത്

കാലത്തിന്റെ മറവി എന്ന നന്ദികേടിനെതിരെ, ഒരായുസ്സ് നാടകത്തിനായി സമര്‍പ്പിച്ച കെ എല്‍ ആന്റണി, ലീന ആന്റണി എന്ന കലാകാരദമ്പതികളുടെ മധുര പ്രതികാരം കൂടിയാണ് 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമ. ചിത്രത്തിലെ നായകനായ മഹേഷിന്റെ (ഫഹദ് ഫാസില്‍) ചാച്ചനെന്ന അഛനായി ആന്റണിയും ചിത്രത്തിലെ രണ്ടാം നായികയായ അപര്‍ണയുടെയും വില്ലന്റെയും അമ്മയായി ലീനയും അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത പാഠങ്ങളാണ് ചിത്രത്തിലൂടെ കാഴ്ചവെയ്ക്കുന്നത്. സ്വാഭാവികതയുടെ, അഭിനയമില്ലാ അഭിനയവുമായാണ് ചാച്ചന്‍ നമ്മുടെ മനസ്സില്‍ കൂടുകെട്ടുന്നതെങ്കില്‍ പച്ചയായ ജീവിതത്തിന്റെ നഗ്‌നമായ ഏടുകളാണ് ലീന പകരുന്നത്. കുടുംബത്തിന്റെ ദരിദ്രമുഖം മുതല്‍ അത് പകരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യവുമൊക്കെ ജീവിതം പോലെ തന്നെ ഇതില്‍ അനുഭവിച്ചറിയാനാകുന്നു.

മകനും തിരക്കഥാകൃത്തുമായ ലാസര്‍ ഷൈനുമായും ഈ കുടുംബവുമായും ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഷൈനെ പോലെ തങ്ങളും ചാച്ചന്‍ എന്ന് വിളിക്കുന്ന ആന്റണിയെയും അമ്മച്ചിയെന്ന് വിളിക്കുന്ന ലീനയെയും ഈ വേഷങ്ങളിലേക്ക് തെരഞ്ഞെടുക്കാന്‍ ചിത്രത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തനും നിര്‍മ്മാതാവ് ആഷിഖ് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനുമെല്ലാം തയ്യാറായത്. ആന്റണിയുടെ കഥാപാത്രത്തിന് ചാച്ചന്‍ എന്ന പേര് നിശ്ചയിച്ചതുപോലും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇവരുടെ കണ്ടെത്തല്‍ അസ്ഥാനത്തായില്ല, എന്നുമാത്രമല്ല അവരുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനം തന്നെയാണ് ഇവര്‍ പുറത്തെടുത്തത്. ജീവിത സായാഹ്നത്തില്‍ തേടിയെത്തിയ കന്നി സിനിമാവസരം ഇരുവരും അങ്ങിനെ അപൂര്‍വ്വാനുഭവമാക്കുകയും ചെയ്തു.

കെ എല്‍ ആന്റണിയും ഭാര്യയും പഴയ ചിത്രം

കെ എല്‍ ആന്റണിയും ഭാര്യയും പഴയ ചിത്രം
'നാടകവുമായി തട്ടിച്ചുനോക്കുമ്പോള്‍ സിനിമയില്‍ ലഭിച്ച അവസരം പ്രയാസകരമായി തോന്നിയില്ല. കഥാപാത്രം എന്റെ പ്രകൃതത്തിന് ഏറെ ഇണങ്ങുന്നതായി തോന്നുകയും ചെയ്തു. ചിത്രം ഇറങ്ങിയപ്പോഴും ആ വിശ്വാസത്തിന് കോട്ടം വന്നില്ല. ഇന്നത്തെ സിനിമയിലെ നായകരുടെ അഛന്മാര്‍ അതികായന്മാരാണ്. അതില്‍ നിന്നും വ്യത്യസ്തനായ സാധാരണക്കാരനായ, എന്നാല്‍ അസാധാരണ സ്വാഭാവവിശേഷമുള്ള അഛനെയാകണം ഈ സിനിമയുടെ അണിയറക്കാര്‍ ലക്ഷ്യമിട്ടത്. അതിന് താന്‍ അനുയോജ്യനാണെന്ന് അവര്‍ക്ക് തോന്നിക്കാണണം. ഏതായാലും അഭിനയത്തില്‍ അങ്ങേയറ്റം സ്വാതന്ത്യ്രമാണ് എനിക്ക് ലഭിച്ചത്. രണ്ടു മാസവും രണ്ട് ദിവസവും സകുടുംബം ഇടുക്കിയില്‍ താമസിച്ച ഷൂട്ടിങ്ങ് വേളയും ഏറെ സന്തോഷകരമായിരുന്നു. ചിത്രത്തിലെ നായകനായ ഫഹദ് ഫാസില്‍ പോലും തന്നെ ചാച്ചന്‍ എന്നാണ് വിളിച്ചിരുന്നത്. ഏറെ സ്‌നേഹത്തോടെയായിരുന്നു ഇദ്ദേഹമുള്‍പ്പെടെ എല്ലാവരുടെയും പെരുമാറ്റം. അഭിനയമൊക്കെ ചാച്ചന്റെ ഇഷ്ടംപോലെ എന്നാണ് ഇവരൊക്കെ പറഞ്ഞിരുന്നത്. സ്‌നേഹവും പ്രോത്സാഹനവുമൊക്കെയായി ഇവരാകെ പ്രചോദിപ്പിച്ചു. ചില രംഗങ്ങളുടെ ഷൂട്ടിങ്ങ് കഴിയുമ്പോള്‍ കെട്ടിപ്പിടിച്ചു പോലും അഭിനന്ദിക്കാനും ശ്രദ്ധേയ താരമായ ഫഹദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു മടിയും ഉണ്ടായില്ല. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും ശ്രദ്ധേയ സംവിധായകനുമായ ആഷിക്ക് അബു കുടുംബസമേതമാണ് ഇവിടെ എത്തിയത്. ഇവരുള്‍പ്പെടെയുള്ളവര്‍ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുകയായിരുന്നു. ആകെയുണ്ടായിരുന്ന ഒരു അനിഷ്ട സംഭവം സിനിമയില്‍ രാത്രി എത്തുന്ന പക്ഷിയുടെ പടം പിടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിന് മുന്നോടിയായി വീടിന്റെ പുറത്തെ കിണറ്റിന്റെ വക്കില്‍ താന്‍ ഇരിക്കുമ്പോള്‍ ഒരു മൂര്‍ഖന്‍ പാമ്പ് വന്നതു മാത്രമാണ്. ഷൂട്ടിങ്ങിനായി താന്‍ കാത്തിരിക്കുമ്പോള്‍ ഒരുവേള പത്തി വിടര്‍ത്തി നിന്ന പാമ്പിനെ പിന്നെ കണ്ടില്ല. അണിയറ പ്രവര്‍ത്തകര്‍ പരിഭ്രാന്തരാകും എന്ന് കരുതി ഇക്കാര്യം ഞാന്‍ ആരോടും പറയാനും പോയില്ല'' ആന്റണി പറയുന്നു.

ആന്റണിയുടെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് ചിത്രം സമ്മാനിച്ച ചാച്ചന്‍ എന്ന കഥാപാത്രം. അദ്ദേഹം പറഞ്ഞതുപോലെ ശാരീരികമായി അതികായനല്ലെങ്കിലും മാനസികമായി ഏറെ ഔന്നത്യമുള്ള, സ്വഭാവസവിശേഷതയാല്‍ നമ്മുടെ മനസ്സ് കവര്‍ന്ന കഥാപാത്രമായിരുന്നു അത്. അതില്‍ ആന്റണിയുടെ അഭിനയമുഹൂര്‍ത്തം എടുത്ത് വ്യക്തമാക്കാവുന്ന ഒരുപിടി രംഗങ്ങളും മികവോടെ നിലകൊള്ളുന്നു. നിസംഗമായ അദ്ദേഹത്തിന്റെ ഇരിപ്പിലും മിടിപ്പിലും മൊഴിയിലുമെല്ലാം അഭിനയത്തെ ജീവിതത്തില്‍ ആവാഹിച്ച ഒരു മഹാനടനെ നമുക്ക് അടുത്തറിയാം. വേറിട്ട ആ കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തിക്കൊണ്ടാണ് അദ്ദേഹം ഓരോ രംഗവും പൂര്‍ത്തിയാക്കിയതും. വീടിന്റെ കോലായയില്‍ ചുമ്മാ ഇരിക്കുമ്പോള്‍ പോലും കഥാപാത്രത്തോട് അദ്ദേഹം ലയിച്ചിരിക്കുന്നതായി തോന്നി. ചിത്രം പിടിക്കുന്ന രംഗം, ഡാര്‍ക്ക് റൂമില്‍ ഫിലിം ഡവലപ്പ് ചെയ്യുന്ന രംഗം, അമ്മയുടെ ചിത്രം ഫഹദ് കൈയ്യിലെടുക്കുമ്പോള്‍ ചീത്ത പറഞ്ഞ് ഓടിക്കുന്ന ദൃശ്യം, വില്ലന്മാര്‍ മഹേഷിനെ തല്ലി അവശനാക്കുമ്പോള്‍ അവരെ ഓടിച്ച് മഹേഷിനെ ആശുപത്രിയില്‍ ആക്കുവാന്‍ പറയുന്ന, തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്ത നിസ്സഹായനായ അഛന്റെ ഭാവം എന്നിങ്ങനെ മനസ്സിനെ കോര്‍ക്കുന്ന ഒരുപിടി അഭിനയമുഹൂര്‍ത്തങ്ങളാണ് അരങ്ങിന്റെ ഈ അഭിനയപ്രതിഭ വെള്ളിത്തിരയിലേക്കും പകരുന്നത്. ഒടുവില്‍ ഫോട്ടോഗ്രാഫിയുടെ ഔന്നത്യരഹസ്യം മകനിലേക്ക് പകരുന്ന അഛനിലേക്ക് എത്തുമ്പോള്‍ ആ കഥാപാത്രത്തിന് സവിശേഷമായ പ്രൌഢിയും കൈവരുന്നു. അതിലൂടെ മഹേഷ് എന്ന നായകന്റെ ജീവിതവും മാറിമറിയുന്നു.

വേറിട്ട അമ്മയായി ലീന

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ 'നിറകുട'ങ്ങളായ പതിവ് സിനിമാ അമ്മമാരില്‍ നിന്നും വിഭിന്നമാണ്.

ആന്റണിയും ലീനയും ഇന്ന്

ആന്റണിയും ലീനയും ഇന്ന്ചിത്രത്തില്‍ ലീന ആന്റണി അവതരിപ്പിച്ച അമ്മ കഥാപാത്രവും. സാധാരണക്കാരന്റെ പരുക്കന്‍ ജീവിതത്തിന്റെ ചുറ്റുപാടുകളില്‍ നാം ഏറെ കണ്ടുപരിചയിച്ച നാടന്‍ അമ്മ തന്നെയാണത്. സിനിമയില്‍ ചുരുക്കം രംഗങ്ങളേ ഉള്ളൂവെങ്കിലും ആ അമ്മ വേഷത്തോട് ലയിച്ചു നില്‍ക്കുന്ന അഭിനയമാണ് മികവുറ്റ നാടകാഭിനേത്രിയായ ലീന ദീര്‍ഘനാളുകള്‍ക്ക് ശേഷം പുറത്തെടുത്തത്. മകന്റെ കൂട്ടുകാരന്‍ എന്ന പേരില്‍ എത്തുന്ന മഹേഷിന് ഇല്ലായ്മയിലും ചായ കൊടുക്കാനുള്ള വ്യഗ്രതയും ഉള്ള പലഹാരം അവനായി നല്‍കുന്നതും വിശപ്പുകാരിയും അടക്കമില്ലാത്തവളുമായ മകള്‍ ബഹളം കൂട്ടുമ്പോള്‍ അവളെ അടക്കാന്‍ പാടുപെടുന്നതുമൊക്കെ നമുക്ക് ചിരിക്കാന്‍ അല്‍പം വകനല്‍കുന്നുവെങ്കിലും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രംഗങ്ങളാണ്. ഒപ്പം സ്വന്തം കാര്യത്തിന് മുന്‍തൂക്കം നല്‍കുകയും പഴമക്കാരുടെ മര്യാദകള്‍ പാലിക്കുകയും ചെയ്യാത്ത പുതുതലമുറയുടെ സ്വഭാവസവിശേഷതയും ചിത്രം ഭംഗിയായി പകര്‍ത്തുന്നു. ഈ കുസലില്ലായ്മ മൂലം പല വീടുകളിലും വലയുന്ന അമ്മമാരുടെ ബുദ്ധിമുട്ട് തന്നെയാണ് ലീനയ്ക്കും ചിത്രത്തില്‍ ഫലിപ്പിക്കാനുണ്ടായിരുന്നത്. മകന്റെ കൂട്ടുകാരനായി എത്തിയയാള്‍ അവന്റെ ശത്രുവും മര്‍ദ്ദിച്ചയാളും മകളുടെ കാമുകനും ആണെന്നും അറിയുമ്പോഴുമുള്ള അവരുടെ പ്രതികരണവും ശ്രദ്ധേയമാണ്. ഇവിടെയും മക്കളില്‍ നിയന്ത്രണ സ്വാധീനമില്ലാത്ത പച്ചയായ വീട്ടമ്മയായി ലീന മാറുന്നതും ശ്രദ്ധേയമാണ്.

നാളുകള്‍ക്ക് ശേഷം അഭിനയിക്കാന്‍ കിട്ടിയ അവസരം ചാച്ചനെ പോലെ താനും നന്നായി ആസ്വദിച്ചതായി ലീന പറയുന്നു. 'ചാച്ചനൊപ്പം 'അമ്മയും തൊമ്മനും' എന്ന നാടകമാണ് ഏറെ ഇടവേളയ്ക്ക് ശേഷം ചെയ്തത്. തുടര്‍ന്നാണ് സിനിമയിലെ അവസരം തേടിയെത്തിയത്. സിനിമയില്‍ ആദ്യമാണെങ്കിലും ആ തോന്നല്‍ ഒരിക്കല്‍ പോലും ഉണ്ടായില്ല. അത്രയ്ക്ക് ആസ്വാദ്യകരമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങും അതിനായി ഇടുക്കിയില്‍ കഴിഞ്ഞ നാളുകളും. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ആഷിഖ് അബുവും ഭാര്യ റീമ കല്ലിങ്കലും കുടുംബാംഗങ്ങളുമൊക്കെ ഷൂട്ടിങ്ങ് കാണാനും മറ്റും എത്തിയിരുന്നു. സാധാരണക്കാരായ പ്രവര്‍ത്തകര്‍ മുതല്‍ സംവിധായകന്‍ ദിലീഷ് പോത്തന്‍ വരെയുള്ളവര്‍ തങ്ങളോട് വീട്ടിലെ മുതിര്‍ന്ന അംഗത്തോട് എന്ന വണ്ണം അങ്ങേയറ്റം സ്‌നേഹപൂര്‍വ്വമാണ് പെരുമാറിയത്. ഇവരുടെയൊക്കെ നിരന്തരമായ പ്രോത്സാഹനത്തിനിടയില്‍ അഭിനയം അല്‍പം പോലും പ്രയാസമായി തോന്നിയില്ല. ഷൂട്ടിങ്ങ് തീര്‍ന്നപ്പോഴാണ് ഇവരെ പിരിയുന്നത് ഓര്‍ത്ത് പ്രയാസം നേരിട്ടതെന്നും'' ലീന പറയുന്നു.

എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന്‍ പറയുന്നത് ചാച്ചനെയും അമ്മച്ചിയെയും തന്റെ ചിത്രത്തിന് അഭിനേതാക്കളായി ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ്. മുതിര്‍ന്ന കലാകാരന്മാരും കഴിവ് തെളിയിച്ച അഭിനയപ്രതിഭകളുമായ ഇവര്‍ ചിത്രത്തിന് അനിവാര്യരായിരുന്നു. അതിലൂടെ ഈ കഥാപാത്രങ്ങളുടെ സവിശേഷത കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കാനും കഴിഞ്ഞു. ചിത്രത്തിന്റെ വിജയത്തിലും ഇവര്‍ നിര്‍ണായകമായി-ദിലീഷ് പോത്തന്‍ വ്യക്തമാക്കുന്നു.

അമ്മയും തൊമ്മനും നാടകത്തില്‍ ലീനയും കെ എല്‍ ആന്റണിയും

അമ്മയും തൊമ്മനും നാടകത്തില്‍ ലീനയും കെ എല്‍ ആന്റണിയുംഅരങ്ങിലെ ഒറ്റയാന്‍

ഏതായാലും കന്നി സിനിമയിലെ സ്വാഭാവികപ്രകടനം ആന്റണിക്ക് ഇനിയും അവസരങ്ങള്‍ തുറക്കുന്ന ലക്ഷണമാണ് കാണുന്നത്. ഇതിനകം മൂന്ന് പുതിയ ചിത്രങ്ങളിലെ ഓഫര്‍ തന്നെ തേടിയെത്തിയതായി ഇദ്ദേഹം പറയുന്നു. ഫലത്തില്‍ 'പ്രതികാരം' വിജയം കാണുകയാണ്. അതിലൂടെ കാലം അതിന്റെ തെറ്റ് ഈ കലാകാരന്റെ കാര്യത്തിലെങ്കിലും തിരുത്തുന്നുവോ എന്നും നമുക്ക് ആശ്വസിക്കാം. കാരണം അരങ്ങിനായി അത്രയേറെയാണ് ഫോര്‍ട്ടുകൊച്ചിക്കാരനായ ഈ മനുഷ്യന്‍ അനുഭവിച്ചിട്ടുള്ളത്. മനസ്സ് വെച്ചിരുന്നുവെങ്കില്‍ തിളങ്ങുന്ന ജീവിതവും അതിനനുസൃതമായ സൌകര്യങ്ങളുമൊക്കെ ഇദ്ദേഹത്തിനും ലഭിക്കുമായിരുന്നു. എന്നാല്‍ അതിനായുള്ള ഒത്തുതീര്‍പ്പ് ഈ ധിക്കാരിക്ക് വശമില്ലായിരുന്നു. അത് വീടും സ്വത്തും മറ്റുപലതും നഷ്ടമാക്കിയെങ്കിലും അരങ്ങിന്റെ ഒറ്റയാനായി തന്നെ ഇദ്ദേഹം നിലകൊണ്ടു. ഇന്ന് ഈ 76ാം വയസ്സിലും ആ നില തന്നെയാണ് ഇദ്ദേഹത്തിന്റേത്. സ്വയം തീര്‍ത്ത പാതയിലൂടെ ഏതാണ്ട് ആറ് പതിറ്റാണ്ടിലേറെയായി ഇദ്ദേഹം കലയ്ക്കായി അലയുന്നു. ആ ഫ്‌ളാഷ്ബാക്ക് കേരളത്തിന്റെ നാടകാരങ്ങിന്റെ കഥകൂടിയാണ്. ഫ്‌ളാഷില്ലാത്ത ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെയും. ദുരന്തമുനമ്പില്‍ നിന്നും ഇദ്ദേഹം കൈപിടിച്ചു കയറ്റിയ ലീനയും ആ ജീവിതത്തോട് ചേര്‍ന്ന് ഒഴുകുകയായിരുന്നു.

ഇപ്പോള്‍ ഇവര്‍ പാര്‍ക്കുന്ന ആലപ്പുഴ പൂച്ചാക്കല്‍ ഉളവൈപ്പ്, കോയിപ്പറമ്പില്‍ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. ഈ അഭിനയപ്രതിഭകളെ തേടി ചാനലുകളും മാധ്യമ പ്രവര്‍ത്തകരും എത്തുന്നു. നാട്ടുകാരും ബന്ധുക്കളും അഭിനന്ദനങ്ങളുമായി അണയുന്നു. പഴയ സുഹൃത്തുക്കള്‍ ഫോണ്‍ നമ്പറുകള്‍ തേടിപ്പിടിച്ച് ബന്ധം പുതുക്കുന്നു. പല നാടകങ്ങള്‍ക്ക് കഴിയാത്തതാണ് ഒറ്റ സിനിമയ്ക്ക് ഇത്തരത്തില്‍ കഴിഞ്ഞത്. അതിലൂടെ ഇവരുടെ മക്കളായ ലാസര്‍ ഷൈനും അമ്പിളിയും നാന്‍സിയും അവരുടെ ജീവിത പങ്കാളികളും അത്യാഹ്‌ളാദത്തിലാണ്. ചുരുക്കത്തില്‍ 'ആമേന്‍' എന്ന സിനിമയ്ക്ക് ലൊക്കേഷനായ ഉളവൈപ്പ് ആകെ അര്‍മാദത്തിലാണ്. തങ്ങളുടെ ചാച്ചന്റെയും അമ്മച്ചിയുടെയും പുതുനിയോഗത്തില്‍.

 
 


പ്രധാന വാർത്തകൾ
 Top