21 August Wednesday

​ഗ്യാങ്സ്റ്റര്‍ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

വിസ്മയിപ്പിക്കുന്ന ചിത്രങ്ങളൊരുക്കിയ സംവിധായകൻ ആഷിഖ് അബുവിന്റെ കരിയറിലെ ഏറ്റവും വലിയ ആഘാതമായിരുന്നു ​ഗ്യാങ്സ്റ്റർ. 2014ൽ റിലീസ് ചെയ്ത ചിത്രം എട്ടുനിലയിൽ പൊട്ടി. എട്ടുകോടിയിലേറെ മുടക്കി സ്വന്തമായി നിർമിച്ച ചിത്രത്തിന്റെ പരാജയം താൻ അർഹിക്കുന്നതായിരുന്നു എന്നാണ് ആഷിക് അബുവിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ പുതിയൊരു ഗ്യാങ്സ്റ്റർ ഒരുക്കാനുള്ള ആലോചനയിലാണ് സംവിധായകൻ.ഫിലിം കമ്പാനിയൻ എന്ന ഓൺലൈൻ ചലച്ചിത്രമാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ് ഗ്യാങ്‌സ്റ്ററിന്റെ പുത്തൻ പതിപ്പ് ഇറക്കുന്നതിനെക്കുറിച്ച് സംവിധായകൻ തുറന്നുപറഞ്ഞത്. പുത്തൻ പതിപ്പിൽ മമ്മൂട്ടി ഉണ്ടോകുമോ എന്ന്  വ്യക്തമല്ല.

"മമ്മൂട്ടിയെ വച്ച് അധോലോകചിത്രമൊരുക്കുക എന്ന ഭ്രമത്തിൽ നിന്നാണ് ഗ്യാങ്‌സ്റ്റർ രൂപപ്പെട്ടത്.  മതിയായ ഗൃഹപാഠം ചിത്രത്തിനു പിന്നിൽ ഉണ്ടായില്ല. ഗ്യാങ്സ്റ്ററിന്റെ പരാജയം വലിയ തിരിച്ചടിയായിരുന്നു. പക്ഷേ അതെങ്ങനെ സംഭവിച്ചതാണെന്ന് എനിക്ക് കൃത്യമായി അറിയാം. പ്രേക്ഷകർ എന്നെ വിശ്വസിച്ചു. അതിനൊപ്പം നിൽക്കാൻ എനിക്കായില്ല. അതിന്റെ പ്രതികരണമാണ് അവരിൽ നിന്നുണ്ടായത്. സിനിമാചിത്രീകരണം പകുതിയായപ്പോഴേ ഞങ്ങൾക്ക് ബോധ്യപ്പെട്ടു, കാര്യങ്ങൾ കൈവിട്ടെന്ന്. പിന്നീട് ചില സൂത്രപ്പണിയൊപ്പിച്ച് മുന്നോട്ടുപോകാനായി ശ്രമം. പക്ഷേ മലയാളി പ്രേക്ഷകർ എന്നോട് നേരേചൊവ്വേ കാര്യം പറഞ്ഞു-, നിനക്ക് ഗ്യാങ്സ്റ്റർ പടം ചെയ്യണമെങ്കിൽ അതിനുള്ള ഗൃഹപാഠം നടത്തി വരൂ എന്ന് -ആഷിഖ് അബു പറഞ്ഞു.

പുതിയൊരു ഗ്യാങ്സ്റ്റർ ഒരുക്കണമെന്ന നിർദേശം ദിലീഷ് പോത്തന്റേതായിരുന്നു. ശ്യാം പുഷ്‌കരന്റേതായിരിക്കും തിരക്കഥ. തിരക്കിലായതിനാൽ ഗ്യാങ്സ്റ്ററിൽ കാര്യമായി ഇടപെടാൻ ശ്യാമിനായിരുന്നില്ല. സിനിമയെക്കുറിച്ചുള്ള ആദ്യ ആശയത്തിൽനിന്ന്‌ പുതിയൊരു സിനിമ ഒരുക്കാനാണ് ശ്രമം. എല്ലാം തീരുമാനിച്ച പ്രകാരം നീങ്ങുകയാണെങ്കിൽ അടുത്തവർഷത്തോടെ സിനിമ ആരംഭിക്കുമെന്നും ആഷിഖ് അബു പറഞ്ഞു.

മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് പ്രണയചിത്രങ്ങൾ ഒരുക്കാൻ താൽപ്പര്യം കൂടുതലാണെന്നും ആഷിഖ് തുറന്നുപറഞ്ഞു. മലയാളസിനിമയെക്കുറിച്ച് അറിയാനെത്തുന്നവർക്ക് സിനിമകൾ നിർദേശിക്കാൻ അഭിമുഖത്തിൽ ആവശ്യപ്പെട്ടപ്പോൾ ആഷിക് അബു തെരഞ്ഞെടുത്ത ചിത്രങ്ങൾ ഇവ:-- കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം, ആമേൻ, അന്നയും റസൂലും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top