12 December Thursday

ദില്ലി തിരിച്ചുവരും ബാക്കി പറയാന്‍; "കൈദി' ക്ക്‌ രണ്ടാം ഭാഗം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2019

തമിഴ് സിനിമയുടെ സ്ഥിരം കാഴ്ചകളായ ഫ്ലാഷ് ബാക്ക്, പാട്ട്, നൃത്തം, ഇതൊന്നുമില്ലാത്ത ചിത്രമാണ് കാര്‍ത്തിയുടെ കൈദി. ആക്‌ഷൻ  ത്രില്ലര്‍ കണ്ട് പ്രേക്ഷകരെല്ലാം പ്രതീക്ഷിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കൈദിയുടെ രണ്ടാംഭാ​ഗം വരും. ‘ദില്ലി’ എന്ന തടവുപുള്ളിയു‌ടെ ഭൂതകാലം അറിയാനുള്ള ആ​ഗ്രഹം സിനിമ കണ്ടശേഷം പലരും പങ്ക് വച്ചിരുന്നു.  ഇതെല്ലാം ചേര്‍ത്ത് രണ്ടാം ഭാ​ഗമെത്തുമെന്നാണ് പുതിയ വാര്‍ത്ത നല്‍കുന്ന സൂചന.

സിനിമ തിയറ്ററിലെത്തി മൂന്ന് ദിവസമാകുമ്പോഴാണ് സംവിധായകന്‍ രണ്ടാംഭാ​ഗം പ്രഖ്യാപിച്ചത്. ‘നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, കൈദി ഒരുക്കുന്നതിനിടയിലെ ഓരോ നിമിഷവും ആസ്വദിച്ചു. ഇത് എന്നും മനസ്സിലുണ്ടാകും. അവസരത്തിന് നന്ദി. നിങ്ങളുടെ എല്ലാ സന്ദേശങ്ങള്‍ക്കും ഫോണ്‍ കോളുകള്‍ക്കുമുള്ള മറുപടി ഇതാണ്.  അതേ ദില്ലി തിരിച്ചുവരും’–- സംവിധായകന്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചു.


 

നടന്‍ കാര്‍ത്തി, നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്ച്ചേഴ്സ്, സം​ഗീതസംവിധായകന്‍ സി എസ് സാം, എഡിറ്റർ ഫിലോമിന്‍ രാജ് എന്നിവരും  സിനിമയുടെ രണ്ടാംഭാ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൈദി ഒരുക്കിയ അതേ ടീം തന്നെയായിരിക്കും രണ്ടാംഭാ​ഗത്തിനായി അണിനിരക്കുകയെന്നാണ്‌ സൂചന. നടന്‍ വിജയിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ‘ദളപതി 64’ന് ശേഷമായിരിക്കും രണ്ടാംഭാ​ഗം ഒരുക്കുക. മണിരത്നം ഒരുക്കുന്ന ചരിത്രസിനിമ ‘പൊന്നിന്‍ സെല്‍വ’ന്റെ ഭാ​ഗമാണ് കാര്‍ത്തിയിപ്പോള്‍. വിക്രം, വിജയ് സേതുപതി, ഐശ്വര്യ റായ്, കീര്‍ത്തി സുരേഷ്, ജയം രവി, പാര്‍ത്തിബന്‍ തുടങ്ങിയ വലിയ താരനിരയാണ് സിനിമയിലുള്ളത്.

രണ്ട് ഭാ​ഗങ്ങളിലായാണ് സിനിമ ഒരുക്കുന്നത്.  ലോകേഷ് കനകരാജ് ഒരുക്കുന്ന  ‘ദളപതി 64’ല്‍ വിജയ് കോളേജ് അധ്യാപകനായാണ്‌ എത്തുന്നത്. മലയാളിയായ മാളവിക മോഹനാണ് നായിക. ആന്റണി വർഗീസും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top