26 May Sunday

കപ്പടിച്ച് ക്യാപ്റ്റനും മാനേജരും; ഫുട്‌ബോളിനെ പ്രണയിച്ച മജീദും വി പി സത്യനും

കെ എ നിധിൻ നാഥ‌്Updated: Thursday Feb 28, 2019

തിരുവനന്തപുരം > ഫുട്ബോളിൽ ഏറ്റവും സന്തോഷം കിട്ടുന്നത് മത്സരം ജയിക്കുമ്പോഴാണ്. ആ അനുഭൂതി കളിക്കാരനിൽനിന്ന‌് കാഴ്ചക്കാരനിലേക്കും പടരും. ​ഗ്രൗണ്ടിലും ​ഗ്യാലറിയിലുമുണ്ടാകുന്ന ആ സന്തോഷമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനെ പ്രഖ്യാപിച്ചപ്പോഴുണ്ടായത്.  മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യക്കും സൗബിൻ ഷാഹിറിനും നേടിക്കൊടുത്തത് ഫുട്ബോൾ പ്രമേയമാക്കിയ ചിത്രങ്ങളാണ്. ഇന്ത്യൻ ഫുട്ബോൾ ടീം നായകനായിരുന്ന വി പി സത്യന്റെ ജീവിതം പ്രമേയമാക്കിയൊരുക്കിയ ക്യാപ്റ്റനാണ് ജയസൂര്യയെ ആദ്യ സംസ്ഥാന അവാർഡിന് അർഹനാക്കിയത്. മലപ്പുറത്തെ സെവൻസ് ഫുട്ബോൾ ലോകം തിരശ്ശീലയിലേക്ക‌് എത്തിച്ച സക്കറിയ ചിത്രം സുഡാനി ഫ്രം നെെജീരിയയിലെ മാനേജർ മജീദാണ് സൗബിനെ അവാർഡ് നേട്ടത്തിന് അർഹ​നാക്കിയത്.

ഫുട്ബോൾ കളിക്കാരൻ സത്യനായി ജയസൂര്യ എത്തിയ ചിത്രം പ്രജേഷ് സെന്നാണ് സംവിധാനം ചെയ്തത്. ഇരു സംവിധായകരുടെയും ആദ്യ സിനിമകളാണിത്. സംസ്ഥാന അവാർഡിന്റെ അവസാനഘട്ടത്തിലേക്ക് മുമ്പും പരി​ഗണിക്കപ്പെട്ട ജയസൂര്യ 2016ൽ ‘സുസു സുധി വാത്മീകം, ലൂക്കാ ചുപ്പി’ എന്നീ സിനിമകളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു. അന്ന‌് കെെയെത്തും ദൂരത്ത് നഷ്ടമായ അം​ഗീകാരം ഫുട്ബോളിലെ പ്രതിരോധനായകൻ സത്യനായുള്ള പകർന്നാട്ടത്തിലൂടെ  നേടുകയായിരുന്നു. ‘ഞാൻ മേരിക്കുട്ടി’യിലെ ട്രാൻസ്ജെൻഡർ കഥാപാത്രവും കരുത്തുപകർന്നു.

2012ൽ അന്നയും റസൂലുമെന്ന സിനിമയിൽ ചെറിയ വേഷത്തിലൂടെ അഭിനയരം​ഗത്തെത്തിയ സൗബിൻ സുഡാനിയിലെ കേന്ദ്ര കഥാപാത്രത്തെയാണ‌് അവതരിപ്പിച്ചത‌്. 2013ൽ സഹസംവിധായകനായി സിനിമയിലെത്തിയ സൗബിൻ പറവയിലൂടെ സ്വതന്ത്രസംവിധായകനായും കഴിവ‌് തെളിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top