20 March Wednesday

‘ബോളിവുഡ് മലയാളത്തെ കണ്ടുപഠിക്കട്ടെ'

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ന്യൂഡൽഹി > മലയാളസിനിമകളെ വാനോളം വാഴ്ത്തി 65ാമത് ദേശീയഅവാർഡ് പുരസ്‌കാരനിർണയസമിതി. ലോകസിനിമയുടെ നിലവാരത്തിലേക്ക് മലയാള സിനിമ ഉയർന്നതായി ജൂറിചെയർമാൻ ജൂറി അധ്യക്ഷൻ ശേഖർകപൂർ പറഞ്ഞു.  'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' തിരക്കഥ ഒരുക്കിയ സജീവ് പാഴൂരും കള്ളനായി ജീവിച്ച ഫഹദ് ഫാസിലും കാഴ്ചയുടെ പുത്തൻ അനുഭവമാണ് സമ്മാനിച്ചതെന്നും ബോളിവുഡ് സിനിമാക്കാർ മലയാളമടക്കമുള്ള പ്രാദേശിക സിനിമകൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച നടനുള്ള പുരസ്‌കാരനിർണയത്തിന്റെ അവസാനറൗണ്ട്‌വരെ ഇന്ദ്രൻസിനെ (ആളൊരുക്കം) സജീവമായി പരിഗണിച്ചു. എന്നാൽ, നഗർകീർത്തനിലെ ഋതിസെന്നിന്റെ പ്രകടനം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ചതായിരുന്നുവെന്നും ശേഖർകപൂർ പറഞ്ഞു.

'ഭയാനകം' വിസ്മയിപ്പിക്കുന്ന ചലചിത്രാനുഭവമായി. തകഴിയുടെ ക്ലാസിക്ക് നോവലായ 'കയറി'ലെ ഒരധ്യായത്തെ അവലംബിച്ച് ജയരാജ് സംവിധാനംചെയ്ത ചിത്രം മികച്ച ദൃശ്യാനുഭവം പകർന്നുനൽകി. ഒരു വലിയ നോവലിലെ അധ്യായത്തെ അവലംബിച്ച് ഇത്രയും മനോഹരമായ ചിത്രം സംവിധാനം ചെയ്തത് അത്ഭുതപ്പെടുത്തിയെന്നും ശേഖർകപൂർ പറഞ്ഞു. നവരസങ്ങളെ ആസ്പദമാക്കി ജയരാജ് ഒരുക്കുന്ന ചലച്ചിത്രപരമ്പരയിലെ ആറാംചിത്രമാണിത്. ശ്രീദേവിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നൽകിയത് താനും അവരുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിൽ കാണരുതെന്ന് ശേഖർകപൂർ അഭ്യർഥിച്ചു. ശ്രീദേവിയെ മികച്ചനടിയായി തെരഞ്ഞെടുക്കരുതെന്ന് മരണാനന്തരബഹുമതിയായി പുരസ്‌കാരം നൽകിയെന്ന പ്രതീതിയുണ്ടാകുമെന്നാണ് താൻ ജൂറി അംഗങ്ങളോട് പറഞ്ഞത്. എന്നാൽ, മോം എന്ന ചിത്രം കണ്ടശേഷം എല്ലാ അംഗങ്ങളും ഒരേസ്വരത്തിൽ മികച്ച നടിയായി ശ്രീദേവിയെ തെരഞ്ഞെടുത്തു. 'ടേക്ക്ഓഫി'ൽ നടി പാർവതിയുടെ പ്രകടനം അവഗണിക്കാൻ കഴിയാത്തതിനാലാണ് പ്രത്യേകപരാർശം നൽകിയതെന്നും ശേഖർകപൂർ പറഞ്ഞു.

ശേഖർകപൂറിനെ വിസ്മയിപ്പിച്ച്  ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും'

ന്യൂഡൽഹി > ദേശീയപുരസ്‌കാര പ്രഖ്യാപനവേളയിൽ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയുടെ വിശേഷങ്ങളെ കുറിച്ച് ജൂറിചെയർമാൻ ശേഖർകപൂർ ദേശീയമാധ്യമങ്ങൾക്ക് മുന്നിൽ വാചാലനായി.

 സിനിമയുടെ മുഴുവൻ കഥയും ജൂറിചെയർമാൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ചിത്രത്തിന്റെ തിരക്കഥ വിസ്മയിപ്പിച്ചെന്നും ഇത്രയും മികച്ച സിനിമ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ചിത്രത്തിൽ ഹഫദ് ഫാസിലിന്റേത് ഗംഭീരപ്രകടനമാണ്. പ്രണയവും ഒളിച്ചോട്ടവും വിവാഹവും പോലെ ലളിതമായ കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്ന് ആദ്യം വിചാരിക്കും.

എന്നാൽ, എത്ര സൂക്ഷ്മമായാണ് വസ്തുതകൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് പിന്നീട് മനസ്സിലാകും.ക്ലൈമാക്‌സിൽ എത്തുമ്പോൾ കാഴ്ചക്കാരെ സിനിമ ഞെട്ടിക്കുകതന്നെ ചെയ്യും- ശേഖർകപൂർ പറഞ്ഞു.

ആമിർഖാന്റെ സിനിമകൾ കണ്ടാൽ ആമിർഖാൻ തന്നെയാണ് അഭിനയിക്കുന്നതെന്ന് മനസ്സിലാകും. എന്നാൽ, മലയാളത്തിലെ അഭിനേതാക്കളുടെ കാര്യത്തിൽ അങ്ങനെയല്ല. അവർ വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നു. അതിൽ അവരുടെ കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കുകയുള്ളു. താൻ കണ്ട ഒരു സിനിമയിൽ ഒരുനടൻ ക്രൂരനായ വില്ലനായിരുന്നു. എന്നാൽ, മറ്റൊരു സിനിമയിൽ അദ്ദേഹം ഒരു ഇരയുടെ വേഷം അതിമനോഹരമായി അഭിനയിച്ചിരിക്കുന്നു.
 ഇയാൾ തന്നെയാണൊ പണ്ട് വില്ലനായി അഭിനയിച്ചതെന്ന് താൻ വിസ്മയിച്ചുപോയതായും ജൂറി ചെയർമാൻ പറഞ്ഞു. ഫഹദ് ഫാസിലിന്റെ പേരെടുത്ത പറയാതെയാണ് ശേഖർ കപൂർ അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയത്.

പ്രധാന വാർത്തകൾ
 Top