24 February Monday

സണ്ണി ലിയോണിന് കോമഡിയും വഴങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

ഇന്റർനെറ്റിന്റെ പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോൺ. ഓൺലൈനിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ തെരയുന്നത് അവരുടെ പേരാണ്. പാശ്ചാത്യവിനോദ ലോകത്തിൽനിന്ന്‌ ബോളിവുഡിലേക്ക് അവതരിച്ചതിനാൽ മാദകവേഷങ്ങളായിരുന്നു തേടിയെത്തിയതെല്ലാം. ഇപ്പോൾ കോമഡിയിലേക്ക് ചുവടുമാറ്റുകയാണ് താരം.

സണ്ണി ലിയോൺ കേന്ദ്രകഥാപാത്രമായി കോമഡി വെബ്‌സീരീസ് വരുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. ആരുടെയെങ്കിലും മുഖത്ത് ചെറുചിരിയെങ്കിലും പരത്താനാകുന്നത് വലിയ കാര്യമല്ലേ. അതുകൊണ്ടുതന്നെ കോമഡി വെബ്‌സീരീസിന്റെ ആശയം കേട്ടപ്പോഴേ സമ്മതിച്ചു. കൂടുതൽ വിവരം പുറത്തുവിടാറായിട്ടില്ല–- -താരം പറഞ്ഞു.

പരിപാടിക്കു വേണ്ടി സണ്ണി പ്രതിഫലത്തുക വെട്ടിക്കുറച്ചു. ഇതിൽ ഒരു പ്രധാനപങ്ക് മുംബൈയിലെ അനാഥാലയത്തിന് സംഭാവന ചെയ്യാനും തീരുമാനിച്ചു. മുംബൈയിലെ സെന്റ് കാതറീൻസ് ഹോ എന്ന അനാഥാലയത്തിലെ സ്ഥിരം സന്ദർശകരാണ് സണ്ണിയും ഭർത്താവ് ഡാനിയൽ വെബ്ബറും. ഇരുവരും അടുത്തിടെ നിഷ എന്ന പെൺകുട്ടിയെ ദത്തെടുത്തിരുന്നു. നോഹ, അഷെർ എന്നിങ്ങനെ രണ്ട് ആൺകുട്ടികളുടെ അമ്മയാണ് സണ്ണി. സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമായ താരം മൃഗസംരക്ഷണത്തിനുവേണ്ടിയുള്ള ആഗോളസംഘടനയായ പെറ്റയുടെ പ്രവർത്തകയാണ്.

സണ്ണിയുടെ ജീവിതകഥ പറയുന്ന വെബ്‌സീരീസ് നേരത്തെ മികച്ച പ്രതികരണം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലും പരിപാടി ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ വിദേശരാജ്യത്തെ ജീവിതവും യൗവന കാലഘട്ടവും അമേരിക്കൻ വിനോദ ലോകത്തേക്കുള്ള വരവുമാണ് സണ്ണിതന്നെ അവതരാകയായ വെബ്‌സീരീസിൽ പറയുന്നത്. ഹൊറർ കോമഡി കൊക കോലയാണ് സണ്ണിയുടെ ഇനി പുറത്തുവരാനുള്ള ചിത്രം.
 


പ്രധാന വാർത്തകൾ
 Top