20 February Wednesday

വിജയം തുന്നിയെടുത്ത്....ഇന്ദ്രന്‍സിന്റെ ജീവിതത്തിലൂടെ

സുരേഷ് അച്ചൂസ്Updated: Thursday Mar 8, 2018

കൊച്ചുവേലുവെന്ന ഈര്‍ച്ചപ്പണിയിലെ അഗ്രഗണ്യന് കണ്‍ട്രാക് എന്ന ഓമനപ്പേരുകൂടി നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തു. നിലവന്നപ്പോള്‍ കൊച്ചുവേലു പോത്തന്‍കോടുകാരി ഗോമതിയെ വിവാഹം കഴിച്ചു.വിവാഹശേഷം കൊച്ചുവേലു കണ്‍ട്രാക്കിന്റെ സ്വഭാവം ഒന്നുകൂടി കനംവച്ചു. ചില കേസും കൂട്ടവുമായി അയാള്‍ കോടതികയറുകയും കൈയിലുള്ളതെല്ലാം തുലയ്ക്കുകയും ചെയ്തു. ജയിക്കുമെന്ന വിശ്വാസത്തിലും വാശിയിലും കടം വാങ്ങിച്ചും പണിയെടുത്ത് കിട്ടുന്നതുമെല്ലാം അയാള്‍ കേസിനായി ചെലവഴിച്ചു. പതിയെപ്പതിയെ ജോലിയിലുള്ള ശ്രദ്ധ മാറി. വാശിമാത്രം മടിശ്ശീലയില്‍ തിരുകി കൊച്ചുവേലു കണ്‍ട്രാക് കേസിനു പിറകെ ഓടി.

അപ്പോഴേക്കും ദാരിദ്ര്യവും പട്ടിണിയും പടികയറിത്തുടങ്ങിയിരുന്നു. ഒറ്റമുറിയും അടുക്കളയും മാത്രമുള്ള ചോരുന്ന ഓലപ്പുരയില്‍ അല്ലലിന്റെ തീരാസങ്കടങ്ങള്‍ പേറി ഗോമതിയെന്ന സാധു സ്ത്രീ തന്റെ കുഞ്ഞുങ്ങളുടെ വയറ് ഒരു നേരമെങ്കിലും നിറഞ്ഞു കാണാന്‍ നിറകണ്ണുകളോടെ പ്രാര്‍ഥിച്ചു.കഷ്ടപ്പാടുകള്‍ ഏറിവന്നപ്പോള്‍ ഗോമതി കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. അഭിമാനിയായ കൊച്ചുവേലുവിന് അതത്ര സ്വീകാര്യമായിരുന്നില്ല. അയാള്‍ ഒറ്റയ്ക്ക് താമസം തുടങ്ങി. ഇടയ്ക്കിടെ മക്കളെയും ഭാര്യയെയും കാണാന്‍ പോവുമെങ്കിലും ക്രമേണ ആ വരവും മുറിഞ്ഞു. ഭാര്യവീട്ടിലും അവരുടെ സഹോദരങ്ങളുടെ മുന്നിലും താന്‍ ചെറുതായിപ്പോവുകയാണോ എന്ന തോന്നലായിരുന്നു കൊച്ചുവേലു കണ്‍ട്രാക്കിന്. അനാവശ്യമായ പലവിധ ചിന്തകളും ആധിയും അയാളെ തളര്‍ത്തി. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കൊച്ചുവേലു വിഷം കഴിച്ചു. പക്ഷേ വിധി മറിച്ചായിരുന്നു. ആദ്യവും രണ്ടാമതും ആത്മഹത്യയില്‍ പരാജയപ്പെട്ട കൊച്ചുവേലു മൂന്നാം തവണ തന്റെ ലക്ഷ്യം കാണുകയും ജീവിതയാത്രയുടെ അന്ത്യം കുറിക്കുകയും ചെയ്തു.

ഓര്‍മകളുടെ ആഴങ്ങളിലേക്ക് ഒരു നിമിഷം കൂപ്പുകുത്തിയശേഷം സുരേന്ദ്രന്‍ എന്ന മലയാളിയുടെ പ്രിയപ്പെട്ട ഇന്ദ്രന്‍സ് നിവര്‍ന്നിരുന്നു. ഒരഭിമുഖത്തിന് തയ്യാറെന്ന മട്ടില്‍ ചിരി വിടര്‍ത്തി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നീണ്ട കഴുത്ത് ഒന്നുകൂടി മൂന്നോട്ടാഞ്ഞു.

? ബാല്യവും പഠനവുമെല്ലാം എങ്ങിനെയായിരുന്നു.

ഏഴുമക്കളില്‍ മൂന്നാമത്തെയാളാണ് ഞാന്‍. രണ്ട് ചേച്ചിമാരും രണ്ടനിയത്തിമാരും രണ്ടനിയന്മാരും അമ്മയും അച്ഛനും കൊച്ചമ്മയുമുള്ള ഒരു കൊച്ചുവീട്ടിലാണ് താമസം. എല്ലാം കൂടി അഞ്ചുപത്താളുണ്ട്. കിടക്കാനൊന്നും അത്ര സൗകര്യമില്ല. പലപ്പോഴും എന്റെ കിടത്തം കൊച്ചമ്മയുടെ പത്തായത്തിനടിയിലാണ്. ചിലപ്പോള്‍ വരാന്തയിലും. സഹോദരങ്ങള്‍ പലയിടങ്ങളിലായി വിരിവെച്ച് കൂട്ടമായി കിടക്കും. ദുരിതങ്ങളുടെ പങ്കപ്പാടുകള്‍ നിറഞ്ഞതായിരുന്നു ബാല്യം. പട്ടിണിയും പരിവട്ടവും തീമഴയായി കൂരയ്ക്കു മുകളില്‍ പെയ്തിറങ്ങുന്ന കാലം. അച്ഛന്‍ എന്തെങ്കിലും കൊണ്ടുവന്നാലായി. അമ്മ അവിടുന്നുമിവിടുന്നുമെല്ലാം പലതും കടം വാങ്ങിയാണ് പട്ടിണിയകറ്റിയത്. ചേച്ചി മാത്രമാണ് പത്താം തരം വരെ പഠിച്ചത്. കാശില്ലാതെ വന്നപ്പോള്‍ അതും പാതിവഴിയില്‍ നിന്നു. ചേച്ചിയുടെ പഴയ നോട്ടുബുക്കുകളുടെ പേജുകള്‍ കീറിയെടുത്ത് തുന്നിക്കൂട്ടി അമ്മ ഞങ്ങള്‍ക്ക് ബുക്കുണ്ടാക്കിത്തരും. അതും കൊണ്ടാണ് സ്കൂളിലേക്കുള്ള പോക്ക്. ഒന്നാം ക്ലാസിലും രണ്ടാംക്ലാസിലുമെല്ലാം അങ്ങിനെ അഡ്ജസ്റ്റ് ചെയ്ത് പഠിച്ചു.

പഠനത്തില്‍ ഞാനത്ര പിറകിലായിരുന്നില്ല. വലിയ ഇഷ്ടമായിരുന്നു പഠിക്കാന്‍. രണ്ടും മൂന്നുമെല്ലാമാണ് എന്റെ സ്ഥാനം. വലിയ പണക്കാരുടെ കുട്ടികള്‍ എല്ലാ സൗകര്യത്തോടെയും പഠിക്കുന്ന ക്ലാസില്‍ എന്നെപ്പോലൊരു പാവം ഇപ്പറഞ്ഞ റാങ്കൊക്കെ മേടിക്കുക വലിയ കാര്യമാണ്. നാലാം ക്ലാസിലെത്തിയപ്പോഴാ സംഗതി മാറുന്നത്. പഠിത്തത്തില്‍ നല്ല റാങ്കുള്ള കുട്ടികളെ ടീച്ചര്‍മാര്‍ മുന്നിലാണിരുത്തുക. പക്ഷേ എന്റെ കാര്യം മറിച്ചായിരുന്നു. രണ്ടാം റാങ്കുകാരനായ എന്റെ ഇരിപ്പിടം ക്ലാസിലെ ഏറ്റവും പിറകിലെ ബഞ്ചില്‍ ഒറ്റയ്ക്ക്. ടീച്ചര്‍ക്കതില്‍ വലിയ സങ്കടമൊക്കെയുണ്ടായിരുന്നെങ്കിലും പണക്കാരുടെ കുട്ടികളുടെ മുറുമുറുപ്പ് ഭയന്ന് മൗനം പാലിച്ചു. എന്റെ രൂപവും വേഷവും മറ്റൊരു കാരണമായിരുന്നു. എന്റെ ശരീരമാസകലം ചിലതരം ചൊറിയും ചിരങ്ങുമെല്ലാം പൊങ്ങി ചിണര്‍ത്തു. കൂടെയിരുത്താന്‍ കൂട്ടുകാര്‍പോലും അറച്ചു. പലപ്പോഴും അവരെന്നെ കൂട്ടത്തില്‍ നിന്നകറ്റി നിര്‍ത്തി. മറ്റു കുട്ടികളെപ്പോലെ മാറിയുടുക്കാന്‍ വേണ്ടത്ര ഉടുപ്പൊന്നും എനിക്കുണ്ടായിരുന്നില്ല. ആകെയുള്ള സ്കൂള്‍ യൂണിഫോം പലപ്പോഴും മാറ്റി ധരിക്കാന്‍ പറ്റാത്ത അവസ്ഥയിലാവും. ചേറും ചെളിയും ശരീരത്തിലെ ചൊറിയും പുരണ്ട് ഓരോ ദിവസവും യൂണിഫോം വൃത്തികേടാകും. യൂണിഫോം അലക്കിയിടുന്ന ദിവസങ്ങളില്‍ ഞാന്‍ സ്കൂളില്‍ പോകാതെ വീട്ടിലിരിക്കും. അങ്ങനെ ഹാജര്‍ കുറഞ്ഞ് നാലാം ക്ലാസില്‍ രണ്ടുകൊല്ലം പഠിക്കേണ്ടി വന്നു. പതിയെപ്പതിയെ എനിക്ക് എന്നോടുതന്നെ വല്ലായ്ക തോന്നി. സ്കൂളിനെയും പഠനത്തെയും ഒരുപാട് ഇഷ്ടപ്പെട്ടുവെങ്കിലും ക്ലാസിലെ അന്തരീക്ഷം എന്നിലുണ്ടാക്കുന്ന നീറ്റലിനെക്കുറിച്ചോര്‍ത്ത് മനസ്സ് പിറകോട്ട് വലിച്ചു. അങ്ങനെ പ്രാഥമിക പഠനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാകാതെ എനിക്ക് ആ അഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു.

ആ സമയത്ത് ഞങ്ങള്‍ മക്കളെയും കൂട്ടി അമ്മ പോത്തന്‍കോടുള്ള അമ്മവീട്ടിലേക്ക് പോന്നു. അച്ഛന്‍ പിന്നീട് ഒറ്റയ്ക്കായി താമസം. ഇടയ്ക്ക് ഞങ്ങളെക്കാണാന്‍ വരുമെന്നു മാത്രം. പഠനം നിര്‍ത്തിയ എന്നെ അമ്മ നിര്‍ബന്ധപൂര്‍വം അമ്മാവന്റെ തയ്യല്‍ക്കടയില്‍ കൊണ്ടുചെന്നാക്കി. കുമാരപുരത്തെ അറിയപ്പെടുന്ന പാര്‍ടി പ്രവര്‍ത്തകനും തയ്യല്‍ക്കാരനുമായിരുന്നു അമ്മാവന്‍. കൊച്ച്ചെറുക്കാ എന്നാണ് എന്നെ വിളിക്കുക. ആ ഒരൊറ്റ വിളിമതി പേട്ടയിലോ പേരൂര്‍ക്കടയിലോ ആണെങ്കിലും നമ്മള്‍ വിളിപ്പുറത്തുണ്ടാവും. കട തുറക്കലും അടിച്ചു തളിച്ച് വിളക്ക് വെക്കലുമെല്ലാം എന്റെ ചുമതലയാണ്. ബട്ടന്‍ വച്ചുപിടിപ്പിക്കുകയും കൈത്തുന്നലുമാണ് പ്രധാന തൊഴില്‍. പഠനമായതിനാല്‍ കൂലിയൊന്നുമില്ല. വിളക്കിന്റെ തിരിക്കും എണ്ണയ്ക്കും തരുന്ന കാശില്‍നിന്ന് പത്തുപൈസ വീതം ഇസ്കിയാണ് ഞാനെന്റെ ചില കാര്യങ്ങള്‍ നിവര്‍ത്തിക്കുക. തലപോകുന്ന കേസാണെന്ന് അറിയാമെങ്കിലും വല്ലാത്തൊരു ധൈര്യമായിരുന്നു അന്നത്തെ കൂട്ടെന്ന് ഇപ്പോ തോന്നുന്നുണ്ട്.

പാര്‍ടി പ്രവര്‍ത്തകനായതുകൊണ്ട് ദേശാഭിമാനി പത്രം അമ്മാവന്‍ കടയില്‍ വരുത്തിയിരുന്നു. ഒപ്പം കേരള കൗമുദി പത്രവുമുണ്ട്. പ്രഭാതത്തിനൊപ്പം കേരളകൗമുദി പത്രവും തിരുവനന്തപുരത്തുകാര്‍ക്ക് വലിയ നിര്‍ബന്ധമുണ്ടായിരുന്നു. കടയില്‍ ആദ്യമെത്തുന്നയാളെന്ന നിലയ്ക്ക് ഈ രണ്ട് പത്രങ്ങളായിരുന്നു അമ്മാവന്‍ വരുന്നതുവരെ എന്റെ കൂട്ട്. നേരം പോക്കാനായി പത്രം അരിച്ചുപെറുക്കിയുള്ള വായനയാണ് പലതും അറിയണമെന്ന ചിന്തയിലേക്കും മറ്റ് ആനുകാലികങ്ങളിലേക്കുള്ള അന്വേഷണത്തിലേക്കും എന്നെ കൊണ്ടെത്തിച്ചത്. അങ്ങനെ വാരികകളിലേക്കും പുസ്തകങ്ങളിലേക്കും വായനയെ വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.കട കഴിഞ്ഞാല്‍ പിന്നെ എന്റെ താവളം സുഭാഷ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബാണ്. അവിടെ മിക്ക വൈകുന്നേരങ്ങളിലും നാടക റിഹേഴ്സലുണ്ടാവും. കൗതുകത്തോടെയും ആശ്ചര്യത്തോടെയും ഞാനത് നോക്കി നില്‍ക്കും. അമ്മാവനെ വെട്ടിച്ചാണ് നാടക ക്യാമ്പിലേക്കുള്ള പോക്ക്. രാത്രി വൈകുവോളം ക്യാമ്പിലിരിക്കും. ചിലപ്പോള്‍ നേരം പുലരുന്നതുവരെയും. അങ്ങനെയുള്ള ദിവസങ്ങളില്‍ കടയില്‍ വൈകിയാണെത്തുക. അന്ന് വയറു നിറയെ അമ്മാവന്റെ തെറിയഭിഷേകമുറപ്പാണ്. ഇനിയീപ്പടി കയറരുതെന്ന് ആക്രോശിച്ച് ഇറക്കിവിടുകയും ചെയ്യും. പിന്നെ രണ്ടുമൂന്ന് ദിവസം കഴിയണം ആ മുഖമൊന്ന് ശാന്തമാകാന്‍. അമ്മയുടെ സങ്കടം പറച്ചിലിന്റെ പിന്‍ബലത്തിലാണ് പിന്നീട് കടയിലേക്കുള്ള പ്രവേശനം. പക്ഷേ നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവിടം കൊണ്ടൊന്നും തീര്‍ന്നില്ല.

ഞാന്‍ പതിയെപ്പതിയെ ക്ലബ്ബുകാര്‍ക്ക് വേണ്ടപ്പെട്ടവനായി. അവര്‍ക്ക് ചായ വാങ്ങിക്കൊടുത്തും ചമയ സാമഗ്രികള്‍ ഒരുക്കിക്കൊടുത്തും കൂട്ടത്തിലൊരാളായി കൂടെ നിന്നു. മകന്‍ വഴിപിരിഞ്ഞു പോകുന്നത് മനസ്സിലാക്കിയ അമ്മയുടെ മനസ്സില്‍ ആധി കയറി. എല്ലാ സങ്കടങ്ങളും കെട്ടുപൊട്ടിച്ച് അമ്മ എന്റെ മേല്‍ തീര്‍ത്തു. സ്നേഹക്കുറവുകൊണ്ടായിരുന്നില്ല മറിച്ച് കഷ്ടപ്പാടും ദാരിദ്ര്യവുമാണ് അമ്മയിലെ ആ ഭാവമാറ്റത്തിന് കാരണമെന്ന് എനിക്കറിയാമായിരുന്നു.ക്ലബ്ബിലെ പരിചയവും പരിചരണവും പകരക്കാരന്റെ ചില ചെറിയ വേഷങ്ങളില്‍ അഭിനയിക്കാനുള്ള അവസരമുണ്ടായി. വേഷം ചെറുതാണെങ്കിലും എന്നിലെ നടനെ അവര്‍ അംഗീകരിച്ചു. പിന്നെപ്പിന്നെ ഞങ്ങള്‍ രണ്ടാംനിര കലാകാരന്മാര്‍ ചെറിയ ചെറിയ നാടകങ്ങള്‍ സ്വയം പാകപ്പെടുത്തി ചെറിയ തട്ടുകളില്‍ അവതരിപ്പിച്ചു. ഒരുപാട് അലഞ്ഞതിനുശേഷമാണ് ഒരു സ്റ്റേജൊക്കെ ലഭിക്കുക.

വലിയ പരിപാടി കഴിഞ്ഞാല്‍ സ്റ്റേജില്‍ ഞങ്ങള്‍ക്ക് അരമണിക്കൂര്‍ അനുവദിക്കുമെന്ന് സംഘാടകര്‍ ഉറപ്പുനല്‍കും. പുലരാറാവുന്നതുവരെ ഞങ്ങള്‍ മേയ്ക്കപ്പൊക്കെയിട്ട് കാത്തുനില്‍ക്കുമെങ്കിലും പ്രധാന പരിപാടി കഴിയുമ്പോഴേക്കും സംഘാടകരുടെ മട്ടുമാറും. പല ഒഴിവുകഴിവുകള്‍ പറഞ്ഞ് അവര്‍ ഞങ്ങളുടെ അവസരം നിഷേധിക്കുമ്പോള്‍ സ്റ്റേജിന്റെ പിന്നില്‍ വന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട് ഞാന്‍. ആ സങ്കടമൊക്കെ മാറിയത് നാടകത്തില്‍ മികച്ച ഹാസ്യനടനുള്ള സമ്മാനം കിട്ടിയപ്പോഴാണ്. നമ്മളെ അവഗണിച്ചവര്‍തന്നെ പിന്നീട് അവരുടെ ക്ലബ്ബുകളിലേക്ക് അതിഥിയായി ക്ഷണിച്ചു. ചിറയിന്‍കീഴ്, മുരിക്കിന്‍പുഴ, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ക്ലബ്ബുകള്‍ക്കുവേണ്ടി നാടകം കളിച്ചു. പാതിരാത്രിയില്‍ സൈക്കിളിലാണ് പോക്കുവരവ്. നാടകം കഴിഞ്ഞുള്ള ഓരോ രാവിലും മരംകോച്ചുന്ന തണുപ്പിനെ കീറിമുറിച്ചായിരുന്നു എന്റെ സവാരി. അതെന്നെ വല്ലാതെ ഹരംകൊള്ളിച്ചിരുന്നുവെന്ന് മാത്രമല്ല, കിട്ടുന്ന ചെറിയ പ്രതിഫലങ്ങള്‍ അമ്മയ്ക്കൊരു താങ്ങാവുന്നതിലെ സമാധാനവുമുണ്ടായിരുന്നു.

? സിനിമയുടെ ലോകത്തേക്കുള്ള വരവ്.

കടയില്‍ നിന്നുമുങ്ങി നാടകം കളി തുടര്‍ന്നപ്പോള്‍ സംഗതി പാളി. മാമന്‍ കടയില്‍ നിന്ന് ഇറക്കിവിട്ടു. പിന്നെ മറ്റു ചില കടകളില്‍ താല്‍ക്കാലിക ജീവനക്കാരന്റെ വേഷം. കൈത്തുന്നലും അത്യാവശ്യം ചിലത് തയ്ച്ചും പതിയെ പണി പഠിച്ചു.

 ഇടവേളകളില്‍ നാടകപ്രവര്‍ത്തനവും. തുന്നല്‍പ്പണി വഴങ്ങിവന്നപ്പോള്‍ ഒരു കട തുടങ്ങിയാലോ എന്ന ആലോചനയിലാണ് സ്വന്തമായൊരു സ്ഥാപനം ആരംഭിക്കുന്നത്. അതിന് വേണ്ട കാശൊന്നും കൈയിലുണ്ടായിരുന്നില്ല. ചേച്ചിയുടെ ഭര്‍ത്താവിന്റെ സഹായത്താല്‍ സെക്രട്ടറിയറ്റിനടുത്ത് ഒരു മുറി തരപ്പെടുത്തി കട തുടങ്ങി. ജോലിക്കിടയിലും ഉള്ളിലെ കലാകാരന്‍ ചിറകുവിരിച്ചുനിന്നു. തയ്യല്‍ മെഷീന്റെ ചവിട്ട് മതിയാക്കാന്‍ പിന്നെ അധിക സമയം വേണ്ടിവന്നില്ല. ഞാന്‍ നാടകത്തട്ടിലേക്ക് പറക്കുകയായിരുന്നു. ആദ്യ കട അങ്ങനെ പൂട്ടാന്‍ തീരുമാനമായി. ശേഷം ആരംഭിച്ച രണ്ടു കടകള്‍കൂടി എന്റെ കലാപ്രവര്‍ത്തനത്തിന്റെ രക്തസാക്ഷികളായി അവശേഷിച്ചു.

സ്റ്റേജ് പരിപാടികളില്‍ നിന്ന് കാര്യമായ വരുമാനം ഇല്ലെങ്കിലും ധാരാളം കൂട്ടുകാരെ എനിക്കതുവഴി കിട്ടി. പലരെയും പരിചയപ്പെടാനും കഴിഞ്ഞു. അതില്‍ സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു.ആ സമയത്താണ് പി അയ്യനേത്തിന്റെ 'ചൂതാട്ടം' എന്ന നോവല്‍ അതേപേരില്‍ സുകുമാരന്‍ നായര്‍ സിനിമയാക്കുന്നത്. ടി എം എന്‍ ചാര്‍ളിയായിരുന്നു നിര്‍മാണം. ധാരാളം ആര്‍ടിസ്റ്റുകളുള്ള സിനിമയായതിനാല്‍ കോസ്റ്റ്യൂമര്‍ക്ക് പിടിപ്പത് പണിയാണ്. സി എസ് ലക്ഷ്മണന്‍ എന്നയാളാണ് കോസ്റ്റ്യൂമര്‍. സിനിമയൊക്കെ ധാരാളം കാണാറുണ്ടെങ്കിലും സിനിമയില്‍ ഒരു കോസ്റ്റ്യൂമറുടെ ഉത്തരവാദിത്തത്തെപ്പറ്റി വലിയ ധാരണയൊന്നും എനിക്കില്ലായിരുന്നു. സ്ക്രീനില്‍ കോസ്റ്റ്യൂമറുടെ പേരടിച്ചുകാണുമ്പോള്‍ തന്നെപ്പോലെ ഒരു തയ്യല്‍ക്കാരന്‍ എന്നേ ആദ്യം തോന്നിയുള്ളൂ. നിനക്ക് സിനിമയില്‍ പോയി തയ്ച്ചുകൂടെടേയ് എന്നെല്ലാം കൂട്ടുകാര്‍ എന്നോട് ചോദിക്കും. പോയാല്‍ നടന്മാരെ അടുത്തുകാണാമെല്ലോ എന്നെല്ലാമാണ് അവന്മാര്‍ പറഞ്ഞുതരിക. പക്ഷേ എന്റെ മനസ്സില്‍ വേറെയും ചില മോഹങ്ങളുണ്ടായിരുന്നു. കയറിക്കിട്ടിയാല്‍ അതിലൂടെ അഭിനയത്തിലേക്ക് മാറാമെന്ന വ്യാമോഹമായിരുന്നു അത്. ഞാനാരോടും ആ കാര്യം പറഞ്ഞില്ല.

സി എസ് ലക്ഷ്മണന്‍ എന്ന കോസ്റ്റ്യൂമറുടെ അസിസ്റ്റന്റായി എന്നെ നിയമിച്ചു. മോഹന്‍ദാസെന്ന മേക്കപ്പ്മാനാണ് ലക്ഷ്മണന് എന്നെ പരിചയപ്പെടുത്തുന്നത്. പകലന്തിയോളമുള്ള പണി. ഇതിനിടയിലെങ്ങനെയാണ് ആര്‍ടിസ്റ്റുകളെയും ഡയറക്ടറെയുമെല്ലാം കാണുക. മൂന്നുനാല് ദിവസം കഴിഞ്ഞപ്പോള്‍ അതിനുള്ള വഴി തെളിഞ്ഞു. തയ്ച്ച വസ്ത്രങ്ങള്‍ ആര്‍ടിസ്റ്റുകളെ ധരിപ്പിക്കുകയും ചിലത് അവിടെ വച്ചുതന്നെ തയ്യാറാക്കിക്കൊടുക്കുകയും വേണം. കോസ്റ്റ്യൂമറുടെ അസിസ്റ്റന്റ് എന്ന നിലയില്‍ ഞാനും സഹായിയായി സെറ്റില്‍ നിന്നു. അങ്ങനെ സംവിധായകനെ പരിചയപ്പെടുകയും ആ സിനിമയില്‍ ആഗ്രഹിച്ചപോലെ എനിക്കൊരു വേഷം ലഭിക്കുകയും ചെയ്തു. കുതിരവട്ടം പപ്പുവുമൊത്തുള്ള സീനാണ്. ഡയലോഗൊക്കെയുള്ള വേഷം ആദ്യംതന്നെ കിട്ടിയത് വലിയ ഭാഗ്യമായിരുന്നു. എന്റെ അഭിനയം ഇഷ്ടപ്പെട്ട ഡയറക്ടര്‍ ആ സിനിമയില്‍ എന്നെക്കൊണ്ടുതന്നെ ഡബ്ബും ചെയ്യിച്ചു. അതില്‍പ്പരം വലിയ സന്തോഷം എന്തുണ്ട്.അതിനിടയില്‍ കോസ്റ്റ്യൂമര്‍ വേലായുധന്‍ ചേട്ടനുമായുള്ള പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ അസിസ്റ്റന്റാകാനുള്ള ക്ഷണം ലഭിച്ചു. അതിനും കാരണക്കാരന്‍ മോഹന്‍ദാസാണ്.

അന്ന് സിനിമ എന്നു പറയുന്നത് മദ്രാസും കോടമ്പാക്കവുമാണ്. അറിയിപ്പ് ലഭിച്ചയുടന്‍ മദ്രാസിലേക്ക് വണ്ടി കയറി. വലിയൊരു യാത്രയയപ്പായിരുന്നു അത്. അമ്മയും സഹോദരങ്ങളും കുടുംബക്കാരുമെല്ലാം റെയില്‍വേസ്റ്റേഷനില്‍ വന്ന് കരഞ്ഞും മൂക്ക് പിഴിഞ്ഞുമാണ് എന്നെ യാത്രയാക്കിയത്. ഗള്‍ഫിലേക്കൊക്കെ അയക്കുന്നതു പോലെ. എന്നേക്കാള്‍ വലിയൊരു ഇരുമ്പു പെട്ടിയോടൊപ്പം ആദ്യമായി ഞാനങ്ങനെ തീവണ്ടിയില്‍ യാത്രചെയ്തു. അതും കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക്. വടപളനിയിലായിരുന്നു മുറി. അവിടെയാണ് കിടപ്പും തയ്പ്പുമെല്ലാം. റൂമില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ ഒരു ശ്മശാനവും ഉണ്ട്. വേലായുധന്‍ ചേട്ടന്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ തനിച്ചാണ്. ചില രാത്രികളില്‍ എന്റെ കണ്ണുകള്‍ അറിയാതെ ജനലഴികള്‍ക്കുള്ളിലൂടെ ചുടലപ്പറമ്പിലേക്കെത്തി നോക്കും. നിലാവിന്റെ വെള്ളി വെളിച്ചത്തില്‍ ചുടലപ്പറമ്പിലെ കെടാത്ത കനലുകള്‍ക്ക് മുകളിലൂടെ പ്രേതങ്ങള്‍ നെറ്റിയില്‍ ഒറ്റനാണയവുംവച്ച് നടക്കുന്നതായി എനിക്കുതോന്നും. പിന്നെ ആ രാത്രി എനിക്ക് കാളരാത്രിയാണ്. പിറ്റേന്ന് വിറയലും പനിയും എന്നെ തളര്‍ത്തും.

വന്നിറങ്ങിയ ദിവസംതന്നെ കണ്ട ആ കാഴ്ചയാണ് എന്റെ രാത്രികളിലെ പേടിപ്പെടുത്തുന്ന ദുസ്വപ്നങ്ങള്‍ക്ക് കോപ്പുകൂട്ടിയത്. ചെണ്ടയും തുകിലും ഇലത്താളവും മുട്ടി കടന്നുപോയ ഘോഷയാത്രയുടെ നടുവിലായി കസേരയില്‍ ഇരുത്തി മൂക്കില്‍ പഞ്ഞിയും നെറ്റിയില്‍ ഒറ്റനാണയവുംവച്ച ശവം എന്നെ നോക്കി പല്ലിളിക്കുന്നതായി തോന്നി. ആദ്യമായാണ് ഒരു ശവത്തെ ഇങ്ങനെയെല്ലാം ഒരുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചുടലപ്പറമ്പിലേക്ക് കൊണ്ടുപോകുന്നതു കാണുന്നത്. പിന്നെ എങ്ങനെ പേടിക്കാതിരിക്കും.'തിടമ്പ'് എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു വസ്ത്രങ്ങള്‍ തയ്ച്ചത്. ഷൂട്ടിങ് വയനാട്ടിലായതിനാല്‍ എല്ലാം കെട്ടിപ്പെറുക്കി അങ്ങോട്ടേക്ക് വിട്ടു. വലിയ ആശ്വാസത്തോടെയുള്ള യാത്ര. ഇനി കുറച്ചുനാളേക്ക് ആ ദുഃസ്വപ്നം കാണേണ്ടല്ലോ. ആ പടത്തിനുശേഷം ഞാന്‍ മദ്രാസിലേക്ക് പോയില്ല. എല്ലാം മതിയാക്കി വീട്ടില്‍ ശരണം പ്രാപിച്ചു. കട പൊളിഞ്ഞപ്പോള്‍ ബാക്കിയായ തയ്യല്‍മെഷീന്‍ വീടിന്റെ ചായ്പ്പില്‍ വലിച്ചിട്ട് തുന്നലാരംഭിച്ചു. പക്ഷേ ഇരിപ്പുറച്ചില്ല. വീണ്ടും പെട്ടിയൊരുക്കി ഞാന്‍ പുറപ്പെട്ടു. വടക്കന്‍ പറവൂരിലാരംഭിച്ച സിനിമയുടെ സ്വതന്ത്ര കോസ്റ്റ്യൂമറായി വീണ്ടും സിനിമയിലേക്ക്. അങ്ങനെ നാട്ടുകാരുടെയും വീട്ടുകാരുടെയും കൊച്ചുചെറുക്കന്‍ എന്ന സുരന്‍ സുരേന്ദ്രനെന്ന സ്വന്തം പേരില്‍ ഇറങ്ങാതെ പോയ ആദ്യ സിനിമയില്‍ വസ്ത്രാലങ്കാരക്കാരനായി.

ആഴിക്കൊരു മുത്ത്, സമ്മേളനം, പ്രിന്‍സിപ്പാള്‍ ഒളിവില്‍ എന്നിങ്ങനെ കുറേ സിനിമകള്‍ അതിനുശേഷം ചെയ്യാനായി. അപ്പോഴേക്കും വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രാപ്പകലറിയാത്ത അലച്ചിലും വിശ്രമമില്ലാത്ത പണിയും വേതനക്കുറവുമെല്ലാം മുഷിച്ചിലുണ്ടാക്കി. സിനിമാപ്പണി ഇനി വേണ്ട എന്ന് ഉറച്ച തീരുമാനമെടുത്തു. പിന്നെ എല്ലാം മതിയാക്കി ഞാന്‍ വീട്ടിലേക്ക് മടങ്ങുകയും വീണ്ടും ഒരു കട തുടങ്ങുകയും ചെയ്തു. എന്തു പേരിടണം എന്ന ആലോചനയില്‍ നിന്നാണ് സുരേന്ദ്രനിലെ ഇന്ദ്രനെ പിടിച്ച് ഇന്ദ്രന്‍സാക്കി ബോര്‍ഡ് തൂക്കിയത്. കട നല്ല നിലയില്‍ മുന്നോട്ടുപോയി. അമ്മയുടെ വേവലാതിയും കുറഞ്ഞു. അനിയന്മാരെ സഹായത്തിനായി കൂട്ടി. ആയിടയ്ക്കാണ് സുരേഷ് ഉണ്ണിത്താന്റെ വിളി. സുരേഷ് അന്ന് ഡയറക്ടര്‍ പത്മരാജന്റെ അസോസിയേറ്റാണ്. സിനിമാപ്പണി മനസ്സുകൊണ്ട് വിട്ടയാളാണ് ഞാന്‍. അതുകൊണ്ട് ആദ്യ വിളിയില്‍ത്തന്നെ ഇല്ലെന്ന് പറഞ്ഞു. പക്ഷേ സുരേഷിന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധവും ഉള്ളിലെ പത്മരാജനോടുള്ള ഇഷ്ടവുമെല്ലാം എന്നെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പു'കളായിരുന്നു അത്. മോഹന്‍ലാലും ശാരിയുമെല്ലാം അഭിനയിച്ച സിനിമ. സുരേന്ദ്രന്‍ എന്ന ടൈറ്റില്‍ മാറുന്നത് അവിടം മുതലാണ്. സ്വന്തം പേരിന്റെ നീളം സിനിമയില്‍ അത്ര സുഖമാവില്ലെന്ന് കൂട്ടുകാര്‍ അഭിപ്രായം പറഞ്ഞത് എനിക്കും കാര്യമായി തോന്നി. സെറ്റിലുള്ള സാബു കൊളോണിയയോട് കാര്യം സൂചിപ്പിച്ചപ്പോള്‍ പുള്ളിയും ആ പേര് മാറ്റണമെന്നായി. പിന്നെ പുള്ളി തന്നെയാണ് പത്മരാജന്റെയടുത്ത് ഇന്ദ്രന്‍സ് എന്ന ടൈറ്റില്‍ നിര്‍ദേശിക്കുന്നത്. അദ്ദേഹത്തിനും അത് ഇഷ്ടമാവുകയും പിന്നെ ആ പേരില്‍ തുടരുകയുമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ 'ഞാന്‍ ഗന്ധര്‍വന്‍' വരെയുള്ള പടങ്ങളില്‍ സ്വതന്ത്ര കോസ്റ്റ്യൂമറായി ജോലിചെയ്യാന്‍ അവസരം ലഭിച്ചു.

ഉള്ളിലെ കലാകാരന്‍ അപ്പോഴും എന്നോട് കലഹിച്ചുകൊണ്ടേയിരുന്നു. എന്റെ കലശലായ അഭിനയ മോഹം മനസ്സിലാക്കിയ ചില സംവിധായകര്‍ ജോലിക്കൊപ്പം ചെറിയ ചെറിയ വേഷങ്ങളും എനിക്ക് നല്‍കി. 'എഴുന്നള്ളത്തി'ല്‍ ഹരികുമാറാണ് കുറച്ചെങ്കിലും ശ്രദ്ധിക്കുന്ന ഒരു വേഷം ആദ്യം തന്നത്. ഘടികാരത്തിലെ നിലച്ച സമയങ്ങള്‍ ശരിയാക്കിക്കൊടുക്കുന്ന ഒരു വാച്ച് കടക്കാരന്റെ റോളായിരുന്നു അതില്‍. അതോടെ നമ്മുടെ സമയവും പതിയെ തെളിഞ്ഞുതുടങ്ങി. പിന്നെ സിബി മലയിലിന്റെ 'മാലയോഗ'ത്തിലും 'ആധാര'ത്തിലുമെല്ലാം തരക്കേടില്ലാത്ത വേഷങ്ങള്‍ കിട്ടി. 'ധ'ത്തിലൂടെയാണ് തിരിച്ചറിഞ്ഞ് തുടങ്ങിയത്. രാജസേനന്റെ 'മേലേപ്പറമ്പില്‍ ആണ്‍വീടി'ലാണ് മറ്റൊരു ശ്രദ്ധേയമായ വേഷം കിട്ടിയത്. അവിടുന്നങ്ങോട്ട് അഭിനയത്തിലായി മുഴുവന്‍ ശ്രദ്ധയും. പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങള്‍. കത്രികയെടുക്കാന്‍ പിന്നെ സമയം കിട്ടിയില്ല. കടയും കോസ്റ്റ്യൂമര്‍ പണിയും അനിയനെ ഏല്‍പ്പിച്ച് യാത്ര തുടര്‍ന്നു. തികച്ചും സംതൃപ്തനാണ് ഞാന്‍.

? വിവാഹത്തെക്കുറിച്ച്.

താലികെട്ടാനുള്ള ആരോഗ്യം പോലുമില്ലെല്ലോടേ എന്നെല്ലാം പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ആ സത്യം എനിക്കും ബോധ്യമുള്ളതുതന്നെയാണെങ്കിലും അമ്മയുടെ നിര്‍ബന്ധം കാരണം കല്യാണം കഴിച്ചേ അടങ്ങൂ എന്ന് ഞാനും തീരുമാനിച്ചു. കുറെ പെണ്ണുങ്ങളെ കണ്ടു. പലതിനെയും എനിക്കിഷ്ടപ്പെട്ടെങ്കിലും ഒന്നിനും എന്നെ പിടിച്ചില്ല. കൂടെയുള്ള ബ്രോക്കറാണ് ചെക്കന്‍ എന്നുവരെ പെണ്ണ് തെറ്റിദ്ധരിച്ച് ചായ നല്‍കി. എന്നെ കണ്ടാല്‍ ബ്രോക്കറുടെ ലുക്കുമുണ്ട്. ഈ പണി ശരിയാകത്തില്ല എന്ന് മനസ്സിലുറപ്പിച്ച സമയത്താണ് ബ്രോക്കര്‍ മറ്റൊരു വീട്ടിലേക്ക് എന്നെ കൊണ്ടുപോയത്. കുറച്ച് ആരോഗ്യവും ആവശ്യത്തിന് സൗന്ദര്യവുമൊക്കെയുള്ള പെണ്ണായിരുന്നു അത്. ചായയും പലഹാരങ്ങളും മുന്നില്‍വച്ച് മുഖത്ത് നോക്കാതെ അവള്‍ പൊയ്ക്കളഞ്ഞു. ഇത് ഒരിക്കലും നടക്കില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിക്കുകയും ചെയ്തു. ഈ സമയം പെണ്ണിന്റെ കാരണവര്‍ ബ്രോക്കറെ മാറ്റി നിര്‍ത്തി എന്തെല്ലാമോ കുശുകുശുക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്നെപ്പോലെ ഒരു ഈര്‍ക്കില്‍ കോലത്തെ പെണ്ണു കാണിക്കാന്‍ കൊണ്ടുവന്നതിന് തെറിപറയുകയാണോ അതോ സിനിമാക്കാരനായതിനാല്‍ മദ്രാസില്‍ പെണ്ണും കുടുംബവുമൊക്കെ ഉണ്ടാകുമെന്ന കിംവദന്തിയെക്കുറിച്ച് ചോദിക്കുകയാണോ എന്നെല്ലാം ഞാന്‍ ആലോചിച്ചു.

കുടുംബത്തോടൊപ്പം

കുടുംബത്തോടൊപ്പം

എന്റെ അസ്ഥാനത്തുള്ള എല്ലാ ചിന്തകളെയും തകിടം മറിച്ചുകൊണ്ടാണ് ബ്രോക്കറുടെ വാക്കുകള്‍ എന്റെ കാതുകളെ മൂടിയത്. ആ പെണ്ണിനെ എനിക്ക് കെട്ടിച്ചുതരാന്‍ അവര്‍ ഒരുക്കമാണെന്നുള്ള സന്തോഷ വാര്‍ത്തയായിരുന്നു അത്. അമ്മയുടെ മനസ്സും എന്റെ കരളും നിറഞ്ഞു. കല്യാണം മംഗളമായി നടന്നു. ശാന്ത എന്റെ ജീവിതത്തിലേക്ക് വലതുകാലെടുത്ത് കടന്നുവന്നതുമുതല്‍ എല്ലാമൊന്ന് ക്രമത്തിലാവുകയും ജീവിതം അല്ലലില്ലാതെ മുന്നോട്ടുപോവുകയും ചെയ്തു. അഭിനയവും കടയുമെല്ലാമായി ഞാന്‍ തിരക്കിലുമായി. ഇതിനിടയില്‍ രണ്ട് കുട്ടികളും ഉണ്ടായി. മൂത്തയാള്‍ മഹിതയും ഇളയവന്‍ മഹേന്ദ്രനും. മക്കളുണ്ടായി കുറെക്കാലത്തിനു ശേഷം എന്റെ പെണ്ണുകാണലിനെക്കുറിച്ചും അന്നത്തെ അവളുടെ ഇഷ്ടത്തെക്കുറിച്ചുമെല്ലാം ഞാന്‍ ചോദിച്ചു. വളരെ സ്വാഭാവികമായ അവളുടെ ഉത്തരം കേട്ട് ഞാന്‍ ഞെട്ടി. ഇന്നത്തെപ്പോലെ സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കില്‍ നിങ്ങളെപ്പോലെ ഒരു ഈര്‍ക്കില്‍ കോലത്തെ ഇഷ്ടമായില്ലെന്ന് ഞാന്‍ തുറന്നു പറയുമായിരുന്നു എന്നും പറഞ്ഞ് അവള്‍ എന്നെ നോക്കി ചിരിച്ചു. ഒരു നിമിഷം ചമ്മിയെങ്കിലും പിന്നെ ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.

? സിനിമാക്കാരനാകുന്നതിന് മുമ്പുള്ള ഇന്ദ്രന്‍സും സിനിമാനടനായ ഇന്ദ്രന്‍സും തമ്മിലെ മാറ്റങ്ങള്‍.

മാറ്റങ്ങള്‍ ഉണ്ടായത് ജീവിതത്തിലാണ്. അല്ലാതെ വ്യക്തിപരമായി ഞാനിന്നും ആ പഴയ തയ്യല്‍ക്കാരന്‍ സുരേന്ദ്രന്‍ തന്നെയാണ്. മുഴുപ്പട്ടിണിയില്‍ നിന്ന് അരപ്പട്ടിണിയിലേക്കും അവിടുന്ന് നിറവയറിലേക്കുമുള്ള മാറ്റം കലയിലൂടെ ലഭിച്ചതാണ്. കലയോടുള്ള ആ ദാഹമാണ് ഇവിടംവരെ എത്തിച്ചത്. അതിനുവേണ്ടിയുള്ള പരിശ്രമവും നല്ലോണം ഉണ്ടായിരുന്നു. ബാഹ്യമായി കാണുന്ന ഈ സമ്പാദ്യങ്ങളെല്ലാം സിനിമയില്‍ നിന്നുലഭിച്ചതാണ്. ഓരോ ലൊക്കേഷനും എനിക്ക് പാഠശാലകളായിരുന്നു. കോസ്റ്റ്യൂമറായിരിക്കുമ്പോഴും നടനായിരിക്കുമ്പോഴുമതെ. നാലാംക്ലാസ്സും ഗുസ്തിയുമെന്ന് പറയാറില്ലേ, അതില്‍ ഗുസ്തിയൊഴിവാക്കിയാലുള്ള ഡിഗ്രിയേ നമ്മള്‍ക്കുള്ളൂ. പിന്നെ ഈ ചുറ്റുപാടില്‍ നിന്നാണ് നമ്മള്‍ എല്ലാ ഡിപ്ലോമകളും നേടിയത്. തിരുവനന്തപുരവും കുമാരപുരവും കടന്ന് വേറെയും ലോകമുണ്ടെന്ന് മനസ്സിലായി. ഒരുപാട് യാത്രകള്‍, അതിലൂടെ ലഭിച്ച സൗഹൃദങ്ങള്‍, നല്ല കൂട്ടുകാര്‍, അനുഭവങ്ങള്‍, ബന്ധങ്ങള്‍ ഇതെല്ലാമാണ് ഇന്നത്തെ ഇന്ദ്രന്‍സിലേക്കുള്ള മാറ്റത്തിന്റെ പാഠശാലകള്‍.

? സിനിമയില്‍ പൊതുവെ സൗഹൃദങ്ങള്‍ കുറവാണെന്നും ഉള്ളതില്‍ ആത്മാര്‍ഥതയുടെ അശംപോലുമില്ലെന്നുമുള്ള വര്‍ത്തമാനത്തെക്കുറിച്ച്.

അങ്ങനെയൊക്കെ കേള്‍ക്കുന്നുണ്ടെങ്കില്‍ ഇച്ചിരിയൊക്കെ സത്യവും കാണും. ചിലരത് തുറന്നുപറയുന്നുമുണ്ട്. മറ്റുചിലരാവട്ടെ തങ്ങളുടെ കാര്യത്തില്‍ മാത്രം ഒതുങ്ങിക്കഴിയുന്നു. ഒടുവില്‍ പറഞ്ഞ ആളുകളാണ് ശരിക്കും നില്‍ക്കാന്‍ പഠിച്ചവര്‍. സ്വന്തമായി ഒരഭിപ്രായവും ഇല്ലാത്തവരാണ് ഇക്കൂട്ടര്‍. അടുത്ത പടത്തില്‍ വേഷം വേണം, കാശ് വേണം എന്നെല്ലാം കരുതി അവരങ്ങനെ ജീവിതത്തിലും അഭിനയിക്കുകയാണ്. സെറ്റുകളില്‍ മാത്രം ഒതുങ്ങുന്ന കൂട്ട്. വന്ന വഴി പാടേ മറക്കുന്നവരുമുണ്ട്. ഒന്ന് ചിരിക്കാന്‍ പോലും തയ്യാറാവാത്ത ആളുകളുണ്ട് സിനിമയില്‍. എന്താണ് അവര്‍ക്കിതുകൊണ്ടുള്ള നേട്ടമെന്ന് ഞാനാലോചിക്കാറുണ്ട്. ചിലപ്പോ കാണുമായിരിക്കും. പുതിയ തലമുറയെക്കുറിച്ചാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ കേള്‍ക്കുന്നത്. സിനിമയില്‍ മാത്രമല്ല, സമൂഹത്തിലാകമാനം ഈയൊരു വളവ് കാണാം. സ്വന്തം രക്ഷിതാക്കളോടുപോലും നന്നായി പെരുമാറാന്‍ അറിയാതെയായിരിക്കുന്നു ചെറുപ്പക്കാര്‍ക്ക്. കൈയില്‍ പത്ത് ചക്രവും കൂടി വന്നാലുള്ള സ്ഥിതി പിന്നെ പറയണോ? അത് സിനിമയില്‍ കൂടിയാവുമ്പോള്‍ കളറ് കൂടുന്നു എന്നുമാത്രം. ഇതില്‍നിന്നെല്ലാം വ്യത്യസ്തരായവര്‍ ഇല്ലെന്നല്ല. അത് വിരളമായിപ്പോയി എന്നതാണ് സത്യം.

പണവും പദവിയും പലപ്പോഴും ഇത്തരക്കാരെ അന്ധരാക്കുന്നുണ്ട്. ആ ഊരാക്കുടുക്കില്‍പ്പെടാതെ സ്വയം കാക്കാന്‍ അവര്‍ക്കാവുന്നുമില്ല. സിനിമാക്കാര്‍ എല്ലാ അര്‍ഥത്തിലും ഭാഗ്യവാന്മാരാണ്. തനിക്കേറെ ഇഷ്ടമായ മേഖലയില്‍ ജോലിയെടുക്കാനും ജീവിക്കാനും സാധിക്കുകയെന്നതുതന്നെ വലിയ കാര്യമല്ലേ? അത് ചിലപ്പോള്‍ അയാളെ അഹങ്കാരിയുമാക്കിയേക്കാം. എന്നെ സംബന്ധിച്ചാണെങ്കില്‍ എനിക്ക് സിനിമയ്ക്കകത്തും പുറത്തും ധാരാളം കൂട്ടുകാരുണ്ട്. അത് ഞാനായിട്ടുണ്ടാക്കുന്ന സൗഹൃദങ്ങളാണ്. അവര്‍ക്ക് തിരിച്ചിങ്ങോട്ട് വല്ല ആത്മാര്‍ഥതയും ഉണ്ടോ എന്നൊന്നും ഞാന്‍ നോക്കാറില്ല. നമ്മളെന്തിനാണ് മറ്റുള്ളവരുടെ ഉള്ളറിയാന്‍ ശ്രമിക്കുന്നത്. നമ്മള്‍ക്കവര് കൂട്ടുകാരനോ കൂട്ടുകാരിയോ ആണ്. അവര്‍ക്കങ്ങിനെയാണെങ്കിലും അല്ലെങ്കിലും.

? ഉള്ളില്‍ പ്രണയമില്ലാത്ത ആരുമുണ്ടാവില്ല. ആയകാലത്ത് ചേട്ടനും പ്രണയിച്ചിട്ടില്ലേ.

പ്രണയം നല്ലൊരു അനുഭവമല്ലേ? അതില്ലാത്തവരായി ആരുണ്ട്. എനിക്കും ധാരാളം പ്രണയങ്ങളുണ്ടായിട്ടുണ്ട്. അന്നും ഇന്നുമതെ. പക്ഷേ എല്ലാം വണ്‍സൈഡാണെന്ന് മാത്രം. എന്റെ പഴയ കോലത്തിന് ഇപ്പോള്‍ കുറച്ചൊക്കെ ഇറച്ചി വച്ചിട്ടുണ്ടെങ്കിലും അത്രവലിയ സുന്ദരനൊന്നുമല്ല ഈ ഇന്ദ്രനെന്ന് സ്വയമൊരു ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ആ വികാരം ഉള്ളില്‍ കിടന്നു. നടക്കില്ലെന്നറിയാവുന്ന പണിക്ക് നമ്മളെന്തിനാ വെറുതെ മെനക്കെടുന്നത്. പിന്നെ പ്രണയക്കുളിര് ഉണ്ടായ പ്രായത്തില്‍ നമ്മളുടെ വയറ് എരിയുകയായിരുന്നല്ലോ. ഒരേസമയം രണ്ട് തരം വിശപ്പാണ്. വയറിനും മനസ്സിനും. രണ്ടും അന്ന് നിറയ്ക്കാനായില്ല.

 

? അരാഷ്ട്രീയത പടര്‍ന്നുപന്തലിക്കുന്ന കാലത്തെ മുന്‍നിര്‍ത്തി താങ്കളുടെ രാഷ്ട്രീയമെന്താണ്.

അടിയുറച്ച കമ്യൂണിസ്റ്റുകാരനാണ് അന്നും ഇന്നും. ഒരുപാട് സങ്കടങ്ങള്‍ പേറുന്ന ഒരു കമ്യൂണിസ്റ്റുകാരന്‍. നമുക്കുചുറ്റും ദൈനംദിനമെന്നോണം നടക്കുന്ന അനീതിയും അതിക്രമവും. എവിടെ നോക്കിയാലും സര്‍വത്ര അഴിമതി. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. എല്ലാ അര്‍ഥത്തിലുമുള്ള പീഡനങ്ങള്‍. ഇതിനൊക്കെ പുറംതിരിഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ ഭരണകൂട വ്യവസ്ഥിതിയോട് വല്ലാത്ത അമര്‍ഷം തോന്നുന്നു. ഈ ലോകത്ത് എന്തെങ്കിലും സത്യസന്ധമായി ചെയ്യാനാവുമെങ്കില്‍ അത് കറകളഞ്ഞ കമ്യൂണിസ്റ്റുകാരനുമാത്രമാണ് കഴിയുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമപോലെത്തന്നെ വലിയ ഗ്ലാമറുള്ള ഒരു മേഖലയായി രാഷ്ട്രീയം മാറിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ടികളിലും ഇത് പ്രകടമാണ്. നടനും രാഷ്ട്രീയക്കാരനും രണ്ടും രണ്ടല്ലെന്നത് പരമാര്‍ഥമായിരിക്കുന്നു. ആ വെള്ളിവെളിച്ചത്തിന്റെ വല്ലാത്ത പ്രകാശത്തില്‍ ലയിക്കുമ്പോഴാണ് നമ്മള്‍ ചുറ്റുമുള്ളതിനെ വിസ്മരിക്കുന്നതെന്നാണ് എന്റെ പക്ഷം.പീഡിപ്പിക്കപ്പെടുന്നവനു വേണ്ടി സംസാരിക്കാന്‍ ഇവിടെ ആരുണ്ട്. എല്ലാവരും വമ്പന്മാരുടെ, മുതലാളിത്തത്തിന്റെ പിറകെയാണ്. കാശാണ് മുഖ്യം. കാശില്ലാതെ സാമൂഹിക പ്രവര്‍ത്തനവും പറ്റാതായി എന്നുവന്നിരിക്കുന്നു. കാരണം ആഡംബരങ്ങള്‍ കൂടുമ്പോള്‍ അത് പരിപാലിക്കാനും നിലനിര്‍ത്താനും പണം കൂടിയേ തീരൂ. അപ്പോള്‍ ചില വളയലുകളും വിധേയപ്പെടലും ആവശ്യമായിവരുന്നു. പിന്നെയെങ്ങനെയാണ് നീതിയുടെ പക്ഷത്ത് നില്‍ക്കാനാവുക. സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാവുക. കാശും ആഡംബരവും ഇല്ലാതിരുന്ന കാലത്തുനിന്നല്ലേ കമ്യൂണിസ്റ്റ് പാര്‍ടിപോലുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത്?

? സിനിമയുടെയും സിനിമയിലെയും രാഷ്ട്രീയത്തെപ്പറ്റി.

വ്യക്തമായ കാഴ്ചപ്പാടും ആഭിമുഖ്യവുമൊക്കെയുണ്ടെങ്കിലും അത് പലരും നാട്യത്തിന്റെ ഭാഗമെന്നോണം കൊണ്ടുനടക്കാറാണ് പതിവ്. വ്യക്തമായി ഫ്രതിഫലിപ്പിക്കുന്നവരും ഇല്ലാതില്ല. ഏതെങ്കിലും പാര്‍ടിക്കാരനാണ് താനെന്ന് പുറമെ പറയാന്‍ പലര്‍ക്കും മടിയാണ്. ചിലര്‍ക്ക് ഭയമുള്ളതായും തോന്നിയിട്ടുണ്ട് ചില അഭിമുഖങ്ങള്‍ കാണുമ്പോഴും വായിക്കുമ്പോഴും. എന്റെ രാഷ്ട്രീയമെന്നത് കലയാണ്, സിനിമയാണ് എന്നെല്ലാം പുറംമോടിക്ക് വച്ചുകാച്ചുന്നവരുണ്ട്. കലാകാരന് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ടിയോട് പക്ഷം വേണോ വേണ്ടയോ എന്നത് അയാളുടെ മാത്രം കാര്യമായി കണ്ടാല്‍ മതി എന്നാണ് എനിക്കുതോന്നുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തില്‍ അയാളും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ തന്റെ സാമൂഹികമായ ഉത്തരവാദിത്തത്തില്‍നിന്ന് അയാളൊരിക്കലും മാറ്റിനിര്‍ത്തപ്പെടുന്നില്ല. അതുകൊണ്ടുതന്നെ സമൂഹികമായ എല്ലാ പ്രശ്നങ്ങളിലും അയാള്‍ക്കും ഇടമുണ്ട് എന്നകാര്യം ഒരു കലാകാരന്‍ വിസ്മരിക്കാതിരുന്നാല്‍ നന്ന്.പിന്നെ സിനിമ ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയം. ആ അര്‍ഥത്തിലുള്ള സിനിമകള്‍ ഇപ്പോള്‍ മലയാളത്തില്‍ കുറവാണെല്ലോ. പുതിയ തലമുറയില്‍പ്പെട്ട സിനിമകള്‍ അത്തരം വിഷയങ്ങളൊന്നുമല്ല ചര്‍ച്ചചെയ്യുന്നതും. നമ്മുടെ പ്രേക്ഷകരും ഏറെ മാറി.

ചെറുപ്പക്കാരാണ് ഇപ്പോള്‍ സിനിമാശാലകള്‍ നിറയ്ക്കുന്നത്. അവരെ സംബന്ധിച്ച് ഈ വക ചര്‍ച്ചകളിലൊന്നും താല്പര്യമില്ലെന്ന് തോന്നുന്നു. എന്‍ജോയ്മെന്റുകള്‍ മാത്രമായി സിനിമയെ കാണുന്നവരുടെ മുന്നിലേക്ക് വ്യക്തമായ കാഴ്ചപ്പാടുമായി ഒരു ചലച്ചിത്രകാരന് തന്റെ സിനിമയെ എത്തിക്കാനാവാതെ വന്നിരിക്കുന്നു. സമീപകാലത്തെ മികച്ച സിനിമകളുടെ തിയേറ്ററുകളിലെ ഒഴിഞ്ഞ കസേരകള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. അപ്പോള്‍ പിന്നെ വലിയ മുതല്‍മുടക്കുള്ള സിനിമയുടെ സാമ്പത്തികമായ നേട്ടം മുന്നില്‍ കണ്ട് മേല്‍പ്പറഞ്ഞ ചലച്ചിത്രകാരന്മാര്‍ മാറേണ്ടി വരുന്നു. നിര്‍മാതാവിന്റെ കീശ കാലിയാകാതെ നോക്കേണ്ട ബാധ്യതയും ഉള്ളതിനാല്‍ അവരും ഇത്തരം പടങ്ങള്‍ക്കുപിന്നാലെ പോവുകയാണ്. അല്ലാതെ അവരാരും മോശം സിനിമാക്കാരായതു കൊണ്ടല്ല.

 ? ഇന്ദ്രന്‍സ് പൊതുവെ നല്ലൊരു വായനക്കാരനാണെന്ന് കേട്ടിട്ടുണ്ട്. വായനയെ ഈ തിരക്കേറിയ അഭിനയ ജീവിതത്തില്‍ എങ്ങിനെയാണ് ഒപ്പം കൊണ്ടുപോകുന്നത്.

കിട്ടുന്നതെന്തും വായിക്കുന്ന ശീലം അന്നും ഇന്നുമുണ്ട്. അക്ഷരാഭ്യാസം കിട്ടിയതുതന്നെ വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. പുസ്തകങ്ങളോട് വല്ലാത്ത ഇഷ്ടമുണ്ട്. സമകാലികങ്ങളും വായിക്കും. സിനിമാ ഷൂട്ടിങ്ങിനായി പലയിടത്തും പോകുമ്പോള്‍ നാടും നാട്ടിലെ കാര്യങ്ങളും നമുക്ക് അന്യമാകും. അതൊക്കെ പിന്നീട് മനസ്സിലാക്കുന്നത് ആനുകാലികങ്ങളും പത്രങ്ങളും വായിച്ചാണ്. ആ വായനയാണ് പുസ്തകങ്ങളിലേക്ക് വഴിതിരിച്ചത്. എം ടി യും മാധവിക്കുട്ടിയും പൊറ്റെക്കാട്ടും ഉറൂബുമെല്ലാം ഇഷ്ടപ്പെട്ട എഴുത്തുകാര്‍ തന്നെ. ഇപ്പോള്‍ പക്ഷേ പുതിയ എഴുത്തും എഴുത്തുകാരെയുമാണ് കൂടുതല്‍ വായിക്കുന്നത്. കാരണം പുതിയതും പുത്തന്‍ തലമുറയിലെ എഴുത്തുകാരെയും വായിക്കുമ്പോള്‍ നമ്മളിലേക്ക് അവരുടെ കാഴ്ചകളും കാഴ്ചപ്പാടും അനുഭവങ്ങളും എത്തുകയാണ്. അത് പുതിയൊരു എനര്‍ജി തരുന്നുമുണ്ട്. അവരെ ആവര്‍ത്തിച്ച് വായിക്കാന്‍ ഇഷ്ടവുമാണ്. ആ സാഹിത്യത്തില്‍ നിന്നോ അല്ലെങ്കില്‍ അതിന്റെ പരിസരങ്ങളില്‍ നിന്നൊക്കെയോ നല്ല സിനിമകള്‍ ഉണ്ടാവുന്നുണ്ട്. ഞാനൊരു വലിയ വായനക്കാരനാണോ എന്നെനിക്കറിയില്ല. എന്നാലും, നിരന്തരമായി വായിക്കാന്‍ ശ്രമിക്കാറുണ്ട്. പഴയ തലമുറയെ ഇഷ്ടപ്പെടുന്നതു പോലെ പുതിയ തലമുറയെയും ഇഷ്ടമാണ്.

സന്തോഷ് ഏച്ചിക്കാനത്തിന്റെയും അര്‍ഷാദ് ബത്തേരിയുടെയും കഥകളിലെ ജീവിതവും രാഷ്ടീയവും ഇഷ്ടമാണ്. കാലം ആവശ്യപ്പെടുന്ന ഒരു വായന അവരുടെ കഥകളിലുണ്ട്. ജീവിതഗന്ധിയാണ് അവരുടെ പല കഥകളും. വലിയ എഴുത്തുകാരെപ്പോലെത്തന്നെ തോന്നിപ്പിച്ച എഴുത്തുകാരണവര്‍. ജീവിതത്തെ വായിക്കാന്‍ എനിക്കെപ്പോഴും വല്ലാത്ത ആര്‍ത്തിയാണ്. ബി മുരളി, പി വി ഷാജികുമാര്‍, സുസ്മേഷ് ചന്ത്രോത്ത് എന്നിവരും പുതിയ കാലത്തെ മികച്ച എഴുത്തുകാര്‍ തന്നെ.

അഭിമുഖം അവസാനിപ്പിച്ച് എഴുന്നേല്‍ക്കുമ്പോഴും ഇന്ദ്രന്‍സെന്ന പ്രതിഭാശാലിയായ ആ നല്ല മനുഷ്യന്റെ കണ്ണുകളില്‍ താനെന്തെങ്കിലും അപരാധങ്ങള്‍ പറഞ്ഞുവോ എന്ന എളിമയുണ്ടായിരുന്നു. ഇല്ല. ഈ മനുഷ്യന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തെ സംബന്ധിച്ച് അക്ഷരം പ്രതി ശരി തന്നെയായിരുന്നു. ഷെലില്‍ സംവിധാനം ചെയ്യുന്ന കാട്ടുമാക്കാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഗോപിയെന്ന പരുക്കന്‍ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയിലായിരുന്നു മലയാളിയെ ഏറെ ചിരിപ്പിച്ച വിനയത്തിന്റെ നിറകുടമായ ഈ മനുഷ്യന്‍. കാമ്പുള്ള കഥാപാത്രങ്ങള്‍ തന്നെത്തേടിവരുന്നതിന്റെ സന്തോഷം പങ്കുവെച്ച് ആ വലിയ കലാകാരന്‍ ഹൃദയം തുറന്ന് ചിരിച്ചു.

പ്രധാന വാർത്തകൾ
 Top