19 September Thursday

വീണ്ടും ഗിന്നസായി പക്രു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

പക്രു മൂന്നാമതും ‘ഗിന്നസ്‌ പക്രു’വായി. നടനും സംവിധായകനും പുറമെ നിർമാതാവുകൂടിയാകുന്ന ഉയരംകുറഞ്ഞയാളെന്ന ഖ്യാതിയിൽ പക്രു.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമാതാവിനുള്ള ‘ബെസ്റ്റ് ഓഫ് ഇന്ത്യ’ റെക്കോഡ്‌ ഗിന്നസ് പക്രു സ്വന്തമാക്കി. ‘ഫാൻസി ഡ്രസ്’ എന്ന സിനിമ നിർമിച്ചാണ്‌ അജയകുമാർ എന്ന മലയാളത്തിന്റെ സ്വന്തം പക്രു വീണ്ടും ഗിന്നസ് പക്രുവായത്‌. 76 സെന്റിമീറ്റർമാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായും മുമ്പേ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരുന്നു.  ഫാൻസി ഡ്രസിൽ ബെൻകുട്ടൻ എന്ന കഥാപാത്രത്തെയും പക്രു അവതരിപ്പിക്കുന്നുണ്ട്. മികച്ച അഭിപ്രായങ്ങളാണ്‌ ചിത്രത്തിന് ലഭിക്കുന്നതെന്ന്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിമിതനായ തന്റെ സിനിമയ്ക്കും പോരായ്മകളുണ്ടായേക്കാം. എങ്കിലും പ്രേക്ഷകർ കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

അമ്പിളി അമ്മാവൻ എന്ന ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരുന്നു പക്രു. പിന്നീട്‌ ആ പേരിൽ അറിയപ്പെട്ട്‌ തുടങ്ങി. അത്ഭുതദ്വീപിലെ അഭിനയത്തിന്‌ സംസ്ഥാന സർക്കാരിന്റെ പ്രത്യേകപുരസ്‌കാരവും നേടി. ജോക്കർ, കുഞ്ഞിക്കൂനൻ, മീശമാധവൻ, അതിശയൻ, മുല്ല, ഈ പട്ടണത്തിൽ ഭൂതം, ലൗഡ്‌ സ്‌പീക്കർ, റിങ്‌ മാസ്‌റ്റർ, മൈ ബിഗ്‌ ഫാദർ, ഇളയരാജ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളവതരിപ്പിച്ച പക്രു കുട്ടിയും കോലും എന്ന ചിത്രം സംവിധാനവും ചെയ്‌തു. ഇതിനിടെ തമിഴിലും താരം മികവറിയിച്ചു. ഡിഷ്യൂം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ തമിഴ്‌നാട്‌ സർക്കാരിന്റെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. വിജയ്‌ക്കൊപ്പം കാവലൻ, സൂര്യക്കൊപ്പം ഏഴാം അറിവ്‌ എന്നിങ്ങനെ ആറ്‌ തമിഴ്‌സിനിമകളിൽ വേഷമിട്ടു.

ടെലിവിഷൻ രംഗത്തുനിന്ന്‌ സിനിമയെന്ന മോഹവുമായി വെള്ളിത്തിരയിലേക്കെത്തിയ അജയന്‌ ഇന്ന്‌ നിറയെ സിനിമകളും ചാനൽ പ്രോഗ്രാമുകളുമാണ്‌. ചാനലുകളിൽ നിരവധി കോമഡി ഷോകൾക്ക്‌ ജഡ്‌ജായും വീട്ടകങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്‌ പക്രു.


പ്രധാന വാർത്തകൾ
 Top