27 May Wednesday

ക്യാൻസറാണെന്ന്‌ ആദ്യം കേട്ടപ്പോൾ ഞാൻ തകർന്നുപോയി : ഇന്നസെന്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 5, 2020

ക്യാൻസർരോഗത്തെ തുരത്താൻ മനസ്സുമാത്രം പോര, ചികിത്സയും വേണമെന്ന്‌ നടൻ ഇന്നസെന്റ്‌. ചിലർ പ്രാർഥിച്ച്‌ മാറ്റാൻ വരും. സഹതാപം ചൊരിയാനും പേടിപ്പെടുത്താനും ആളുണ്ടാകും. അതിനെയൊക്കെ മറികടക്കാൻ മനസ്സിൽ സന്തോഷവും ധൈര്യവും വേണം. പിന്നെ ചികിത്സ ഫലിക്കാതെ എവിടെപ്പോകാൻ. സ്വതസിദ്ധമായ ചാലക്കുടി ശൈലിയിൽ ഇന്നസെന്റ്‌ സ്വയം പൊരുതിജയിച്ച രോഗകാലം വിവരിച്ചപ്പോൾ സദസ്യർ മതിമറന്നു ചിരിച്ചു. ലോക ക്യാൻസർ ദിനത്തിൽ ലിസി ആശുപത്രി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാൻസർ ദിനാചരണത്തോടനുബന്ധിച്ച്‌ ലിസി ആശുപത്രിയിലെത്തിയ നടൻ ഇന്നസെന്റ്‌ നേഴ്‌സുമാരുമായി സംസാരിക്കുന്നു

ക്യാൻസർ ദിനാചരണത്തോടനുബന്ധിച്ച്‌ ലിസി ആശുപത്രിയിലെത്തിയ നടൻ ഇന്നസെന്റ്‌ നേഴ്‌സുമാരുമായി സംസാരിക്കുന്നു


 

‘‘ നാവിലെ തടിപ്പ്‌ ക്യാൻസറാണെന്ന്‌ ആദ്യം കേട്ടപ്പോൾ തന്നെ തകർന്നു. സിനിമാ ഷൂട്ടിങ്ങിൽ നിൽക്കുമ്പോഴാണ്‌ അതു കേട്ടത്‌. നാലുവരി പദ്യംപോലും മനഃപാഠമാക്കാൻ കഴിയാത്ത ഞാൻ എന്റെ കഥാപാത്രത്തിന്‌ എഴുതിവച്ചിരുന്ന ആറ്‌ പേജ്‌ സംഭാഷണം വള്ളിപുള്ളി തെറ്റാതെ പറഞ്ഞ്‌ അഭിനയിച്ചു. എനിക്ക്‌ അനുവദിച്ച സമയം തീർന്നെന്നു തോന്നി.

പിന്നീട്‌ ഡോക്‌ടറുടെ നിർദേശപ്രകാരം ചികിത്സ തുടങ്ങി. സന്തോഷമുള്ള മുഖവുമായി മാത്രമേ മുന്നിൽ വരാവൂ എന്ന്‌ കുടുംബാംഗങ്ങളോട്‌ പറഞ്ഞു. ഞാൻ കാണാതെ സങ്കടമൊക്കെ കരഞ്ഞുതീർത്ത്‌ ഭാര്യയും മക്കളും ചുറ്റും ആഘോഷം നിറച്ചു. ഇതിനിടയിലാണ്‌ പ്രാർഥിക്ക്‌, തേങ്ങയുടയ്‌ക്ക്‌, ചന്ദനത്തിരി കത്തിക്ക്‌ എന്നൊക്കെ പറയുന്നവരുടെ വരവ്‌. ഭാര്യ ആലീസിനും ക്യാൻസർ വന്നപ്പോൾ ഞങ്ങളുടെ മനപ്പൊരുത്തം കൊണ്ടാണെന്നായിരുന്നു ഒരാളുടെ കണ്ടുപിടിത്തം. അയലത്തെ സ്‌ത്രീക്കാണ്‌ വന്നിരുന്നതെങ്കിൽ ഇയാൾ പറഞ്ഞതുകേട്ട്‌ എന്റെ കുടുംബം കുട്ടിച്ചോറായേനെ. എംപിയായിരിക്കെ സ്‌ത്രീകളിലെ ക്യാൻസർ നേരത്തെ കണ്ടെത്താൻ മണ്ഡലത്തിൽ അഞ്ചിടത്ത്‌ മാമോഗ്രാം യന്ത്രങ്ങൾ സ്ഥാപിച്ചു. പാർലമെന്റിൽ ക്യാൻസർരോഗ ചികിത്സയുടെ കാര്യങ്ങൾ ഉന്നയിച്ച്‌ പ്രസംഗിച്ചു.

അതൊക്കെ ചെയ്യാൻ കൂടിയാകണം ഞാനീ അനുഭവത്തിലൂടെ കടന്നുപോയത്‌. കുടുംബാംഗങ്ങളിൽനിന്നുപോലും രോഗവിവരം മറച്ചുവയ്‌ക്കുന്നവരുണ്ട്‌. ദുബായിൽനിന്ന്‌ കുടുംബം അറിയാതെ നാട്ടിലെത്തി കീമോ തെറാപ്പിക്ക്‌ വിധേയനാകുന്ന ഒരാളെ പരിചയപ്പെട്ടിരുന്നു. എന്തിനാണ്‌ രോഗവിവരം മറയ്‌ക്കുന്നത്‌. നമ്മുടെ അനുഭവം മറ്റുള്ളവർക്കും ധൈര്യം പകരുമെങ്കിൽ അതല്ലേ നല്ലത്‌. മറച്ചുവയ്‌ക്കാൻ നാമിത്‌ ആരുടെ കൈയിൽനിന്നും മോഷ്‌ടിച്ചെടുത്തതൊന്നുമല്ലല്ലോ’’–- ഇന്നസെന്റിന്റെ കമന്റിനു പിന്നാലെ തിങ്ങിനിറഞ്ഞ സദസ്സിൽ വീണ്ടും ചിരിമുഴക്കം.


പ്രധാന വാർത്തകൾ
 Top