26 February Wednesday

നിത്യ താരം നിത്യ മേനോൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 3, 2020

തെന്നിന്ത്യയുടെ പ്രിയനടി നിത്യ മേനോൻ പോയവർഷമാണ് ആദ്യമായ് ബോളിവുഡിലേക്ക് കാലെടുത്തുവച്ചത്. മിഷൻ മംഗൾയാൻ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമ ഹിറ്റായതോടെ പുതുവർഷത്തിൽ ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. ‘‘ഹിന്ദിസിനിമയിൽ അഭിനയിച്ചതോടെ കരിയർ മാറി മറിഞ്ഞിട്ടൊന്നുമില്ല, എന്നാൽ അവിടെ നിന്നും നിരവധി കഥാപാത്രങ്ങൾ തേടി എത്തിത്തുടങ്ങി. ബോളിവുഡിൽ എനിക്ക് നല്ല തുടക്കം ലഭിച്ചു. സിനിമ എല്ലാവർക്കും ഇഷ്ടമായി’’–- -നിത്യ ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയുടെ മംഗൾയാൻ ദൗത്യത്തിനു പിന്നിലെ സംഭവങ്ങളെ അധികരിച്ചാണ് സിനിമ ഒരുക്കിയത്.

മലയാളം, തമിഴ്, കന്നഡ, തെലുഗ്‌ ചിത്രങ്ങളിൽ തിരക്കുള്ളതാരം ബോളിവുഡിൽ മികച്ച കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. ഹോളിവുഡ് ഹിറ്റ് ചിത്രം ഫ്രോസൺ രണ്ടാംഭാഗത്തിന്റെ തെലുഗ്‌ പതിപ്പിലേക്ക് അടുത്തിടെ താരം ശബ്ദം നൽകി. ‘‘ഡബ്ബിങ് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇംഗ്ലീഷ് പറയുന്ന കഥാപാത്രങ്ങളുടെ ചുണ്ടനക്കത്തിനൊപ്പം തെലുങ്ക് ഡയലോഗുകൾ പറഞ്ഞൊപ്പിക്കുക വെല്ലുവിളിയായിരുന്നു. എങ്കിലും നല്ലഅനുഭവമായി’’–- -താരം പറഞ്ഞു.

തെന്നിന്ത്യൻ വിപണികൂടി ലക്ഷ്യമിട്ട് ഹിന്ദി ചിത്രങ്ങൾ ഒരുക്കിത്തുടങ്ങുന്നത്  കലാകാരന്മാർക്ക് പുതിയ സാധ്യത തുറക്കുമെന്നും താരം പറഞ്ഞു.
ഇംഗ്ലീഷ് ചിത്രമായ ‘ദ മങ്കി ഹു ന്യൂ ടൂ മച്ച്‌’ലൂടെ 1998ൽ ബാലതാരമായ് അരങ്ങേറ്റം കുറിച്ച നിത്യ, കെ പി കുമാരന്റെ മോഹൻലാൽ ചിത്രം ആകാശഗോപുരത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്. കോളാമ്പിയാണ് നിത്യയുടെ അവസാനം പുറത്തിറങ്ങിയ മലയാളചിത്രം. സൈക്കോ എന്ന തമിഴ്‌ ചിത്രവും പുറത്തിറങ്ങാനുണ്ട്. ജയലളിതയുടെ ജീവചരിത്രസിനിമയിൽ ജയയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.


പ്രധാന വാർത്തകൾ
 Top