30 November Monday

സിനിമയില്‍ പശുവിനെ കാണിക്കാന്‍ പറ്റാത്ത കാലം : അടൂർ ഗോപാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Feb 2, 2020

പുതിയ സാമൂഹ്യസാഹചര്യത്തിൽ സെൻസറിങ് സിനിമാക്കാർക്ക് കടുത്ത വെല്ലുവിളിയാണെന്ന്  അടൂർ ഗോപാലകൃഷ്‌ണൻ.  സിനിമയിൽ മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിക്കുന്നത് ഏറെ പ്രയാസകരമായി മാറി. സെൻസറിങ്  കടമ്പ കടക്കാൻ അത് പ്രയാസമുണ്ടാക്കും. സിനിമയിൽ പശുവിനെയാണ് കാണിക്കുന്നതെങ്കിൽ അത് കാര്യങ്ങൾ കുഴപ്പത്തിലാക്കും. ഇപ്പോൾ ഫ്രെയിമിൽ പശുവുണ്ടെങ്കിൽ സെൻസറിങ് കുഴപ്പങ്ങളിൽനിന്ന് രക്ഷനേടാൻ ഇലക്ട്രോണിക് ആയി അത് തൂത്തുകളയുകയാണ് സിനിമാക്കാർ ചെയ്യുന്നതെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. മൃഗങ്ങൾ ഉൾപ്പെട്ടാലും ഒകെ സർട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കാൻ ഹരിയാനയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായി അനുഭവസ്ഥർ വെളിപ്പെടുത്തിയിട്ടുള്ളകാര്യവും അടൂർ ചൂണ്ടിക്കാട്ടി. ദോഹയിൽ  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിമാനുഷികനായ നായകൻ, നായകന്റെ പൈങ്കിളി തുടങ്ങിയവയാണ് ഇന്നും പല സിനിമകളിലും കാണുന്നത്. എന്നാൽ, ചില പുതുതലമുറ സംവിധായകർ സാധാരണ മനുഷ്യരുടെ കഥ പറയുന്ന സിനിമകൾ എടുത്തുതുടങ്ങി. എന്നാൽ, സിനിമകളെ ഇകഴ്‌ത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ  ബോധപൂർവമായ ശ്രമം നടക്കുന്നു. പിന്നെയും എന്ന സിനിമ ഇറങ്ങിയ ദിവസംമുതൽ, അതിനെതിരെ ഓൺലൈൻ പ്രചാരണമുണ്ടായി. ഒരു സിനിമ ഇറങ്ങി പൊട്ടിപ്പോയി എന്ന് പറയാനും കേൾക്കാനും എല്ലാവർക്കും ഇഷ്ടമുണ്ട്. അവാർഡ് കിട്ടിയ സിനിമകൾ മോശമാണെന്ന് പ്രചരിപ്പിക്കുന്ന പ്രവണതയും ഏറിവരുന്നു. സാമൂഹ്യമാധ്യമം എന്നത് സാമൂഹ്യവിരുദ്ധരുടെ മാധ്യമമായി മാറി. എന്നാൽ, ടെലിവിഷൻ ചാനലുകളുടെ മത്സരം അതിലും വഷളായി. മാന്യന്മാർ വൈകുന്നേരങ്ങളിൽ കയറിയിരുന്ന് വാടാപോടാ വിളിക്കുന്ന വേദിയായി ചാനലുകൾ പലതും മാറി. ടെലിവിഷൻ കാണുന്നത് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top