10 August Monday

രണ്ടാംവരവിൽ ഇതാ ഞാൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019


‘‘ഇങ്ങനെ അഭിനയിക്കാൻ കഴിയുമെന്ന്‌ കരുതിയില്ല. നല്ല സന്തോഷമുണ്ട്‌’’. നായകനായി വേഷമിട്ട ‘ഉടലാഴത്തിന്റെ’ ആദ്യപ്രദർശനത്തിനുശേഷം  കോഴിക്കോട്‌ ക്രൗണ്‍ തിയറ്ററിൽ  നടൻ മണിയുടെ പ്രതികരണം ഇതായിരുന്നു. ഒപ്പം ആ വാക്കുകളിൽ അഭിമാനവും സന്തോഷവും.

ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക്‌ പാറിയെത്തിയ ബാലനടൻ; ഇപ്പോൾ കീഴടക്കിയത്‌ അഭിനയത്തിന്റെ പുതിയ ഉടലാഴങ്ങൾ. 13 വർഷം മുമ്പ്‌ മികച്ച ബാലനടനുള്ള പുരസ്‌കാരം നേടിയിട്ടും ജീവിത സാഹചര്യങ്ങള്‍കൊണ്ട് സിനിമയില്‍ സജീവമാകാതിരുന്ന ഈ ആദിവാസി യുവാവ്‌  ‘ഉടലാഴത്തിലൂടെ’ നടത്തിയത്‌ ശക്തമായ തിരിച്ചുവരവാണ്‌. ട്രാൻസ്‌ജെൻഡറുകളുടെയും ചൂഷണത്തിനിരകളാകുന്ന ആദിവാസി മനസ്സിന്റെ നൊമ്പരവും ഭാവതീവ്രതയോടെ അവതരിപ്പിച്ചാണ്‌ ബത്തേരി ചെതലയം പൂവഞ്ചി കോളനിയിലെ മണി ആദിവാസി സമൂഹത്തിന്‌ വീണ്ടും അഭിമാനമായത്‌.

കാടും കാട്ടിൽ ജീവിക്കുന്ന ആദിവാസിയും നേരിടുന്ന ചൂഷണവും ആണുടലിൽ പൊള്ളുന്ന പെൺസ്വത്വത്തിന്റെ ആത്മസംഘർഷങ്ങളുമാണ്‌  മണി അവതരിപ്പിച്ച ഗുളികൻ എന്ന കഥാപാത്രത്തെ ശക്തമാക്കുന്നത്‌.  ഉണ്ണികൃഷ്‌ണൻ ആവളയാണ്‌ സിനിമയുടെ സംവിധാനം.ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയുടെയും രജനീകാന്തിന്റെയും ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയെങ്കിലും,  സഹോദരിയുടെ മരണം മൂലവും മറ്റുപ്രയാസങ്ങളാലും  സാധിച്ചില്ല. വിവാഹത്തിനുശേഷം മണി കർണാടകയിലെ ഷിമോ​ഗയില്‍ ഇഞ്ചിപ്പാടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു.  

മൂന്ന്‌ വർഷം മുമ്പാണ്‌ മണിയെ തന്റെ സിനിമയിലേക്ക്‌ ക്ഷണിച്ചതെന്നും അഭിനയിക്കാൻ ആദ്യം മണി തയ്യാറായില്ലെന്നും ഉണ്ണികൃഷ്‌ണൻ ആവള പറഞ്ഞു.  ഭാര്യ പവിഴത്തിന്റെ നിർബന്ധമാണ്‌ വീണ്ടും സിനിമയിലെത്തിച്ചത്‌.  മൂന്ന്‌ സിനിമകളിലേക്ക്‌ കൂടി ക്ഷണം ലഭിച്ചിട്ടുണ്ടെന്നുംമണി പറഞ്ഞു.  ചിത്രത്തിലെ മാതി എന്ന നായികയെ അവതരിപ്പിച്ചത്‌ രമ്യ വത്സലയാണ്‌. അനുമോള്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top