25 May Monday

മിഷ്‌കിന്റെ സൈക്കോ; കഥയിൽ ഒളിഞ്ഞിരിക്കുന്നത്‌

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Feb 2, 2020

ഇന്ത്യൻ സിനിമയിൽ അക്രമവും രക്തച്ചൊരിച്ചിലും ഇത്രയും തീവ്രമായി ആവിഷ്‌കരിക്കുന്ന മറ്റൊരു സംവിധായകനുണ്ടാകില്ല. സിനിമ പുരോഗമിക്കുംതോറും വയലൻസിന്റെ തീവ്രത വർധിക്കും. പ്രേക്ഷകരെ പൂർണമായും സിനിമയുടെ ഭാഗമാക്കുന്ന  അതിശയകരമായ സിനിമാറ്റിക്‌ പരിചരണം. ക്രൈം ത്രില്ലറുകളുടെ പതിവ് രീതികളെയെല്ലാം റദ്ദ് ചെയ്യുന്ന, അതിൽ നിന്നെല്ലാം മാറി നടക്കുന്ന ക്രാഫ്റ്റ്സ്‌മാനായ മിഷ്‌കിന്റെ സൈക്കോ അദ്ദേഹത്തിന്റെ മുൻസിനിമികളിൽനിന്നുള്ള വളർച്ച സൂചിപ്പിക്കുന്നു.  2006ൽ സിത്തിരം പേസുതടിയിൽ തുടങ്ങി 14 വർഷത്തിൽ ഒമ്പതു സിനിമകൾ. ഇവയിലൂടെ മിഷ്‌കിൻ നിർമിച്ചെടുത്ത  സിനിമാപ്രപഞ്ചമുണ്ട്. അതിലേക്ക് ബുദ്ധകഥയെ അടിത്തറയാക്കിയുള്ള ചലച്ചിത്ര ആഖ്യാനമാണ് സൈക്കോ.

തന്റെ ശിഷ്യന്റെ മരണം ഉറപ്പാക്കാൻ ആയിരം പേരുടെ വിരൽ  ഗുരുദക്ഷിണയായി ചോദിച്ച ഗുരു. ആ ആവശ്യം നിറവേറ്റാനുള്ള ശ്രമത്തിനിടയിൽ വിചിത്രമായ മനോവ്യാപാരങ്ങളുള്ള കൊലയാളിയായി മാറുന്നു അംഗുലിമാല. ബുദ്ധനെ കണ്ടുമുട്ടുന്നതോടെ അയാളിലുണ്ടാകുന്ന രൂപാന്തരമാണ് അംഗുലിമാല എന്ന കഥ. ഈ കഥാതന്തുവാണ്‌ സൈക്കോയിൽ ഉൾച്ചേർത്തിരിക്കുന്നത്‌.
 
 
ആക്രമണങ്ങളിലെ തത്വചിന്തയെക്കുറിച്ച് പറയുന്ന, കഥാപാത്രങ്ങൾക്ക് സിൽവിയ പ്ലാത്ത്, കമലദാസ് എന്നെല്ലാം പേര് നൽകുന്ന, ആദ്യ കേൾവിയിൽ പ്രേക്ഷകന് കണ്ണി ചേർക്കാൻ കഴിയാതെ പോകുന്ന ആഖ്യാനരീതി തന്നെയാണ് സൈക്കോയിലും മിഷ്‌കിൻ പിന്തുടരുന്നത്. ദാഹിനിയെന്നാണ് അദിതി റാവു ഹൈദരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മനുഷ്യമാംസം ഭക്ഷിക്കുന്നവരും മനുഷ്യവർഗത്തിന് പ്രബുദ്ധത നൽകുന്നതുമായ സ്‌ത്രീ ആത്മാക്കളാണ്‌  ബുദ്ധമതത്തിലെ ദാഹിനികൾ.
 
ഉദയനിധി സ്റ്റാലിൻ (ഗൗതം) എന്ന കാഴ്‌ചപരിമിതിയുള്ള യുവാവ്‌ പ്രണയിനിയായ ദാഹിനിയെ അംഗുലിമാലയിൽനിന്ന് രക്ഷിക്കാൻ നടത്തുന്ന ശ്രമമാണ് സിനിമയുടെ ഇതിവൃത്തം. ഇതിനായി  മുമ്പ് കേസ് അന്വേഷിച്ചിരുന്ന ഇപ്പോൾ ശരീരം തളർന്ന കമലദാസി(നിത്യ മേനോൻ)ന്റെ സഹായം തേടുന്നു. അതേസമയം മനോരോഗിയായ കൊലയാളി വീണ്ടും കൊലകൾ നടത്തുന്നു. അംഗുലിമാലന്റെ കൊലയെന്ന ആനന്ദത്തിനും ദാഹിനിയുടെ ജീവൻ എന്ന തുരുത്തിനുമിടയിലുള്ള കാഴ്‌ചയാണ് സിനിമ.
 
16 പേരെ കൊലപ്പെടുത്തിയ അംഗുലിമാല (രാജ്കുമാർ പിച്ചുമണി)യുടെ കൈയിൽ‍ ഏഴു ദിവസത്തോളം അകപ്പെട്ടശേഷം ദാഹിനി രക്ഷപ്പെടുന്നു. കൊലയാളിയെ പിടിക്കാൻ‍ പൊലീസിനും കഴിയുന്നില്ല. ഇനിയും ആളുകളെ കൊല്ലുമോയെന്ന ഭയത്തിൽ നിൽക്കുന്ന സമൂഹം. ആ കൊലയാളി ഇനിയും നിങ്ങളെ തേടിവരില്ലേ എന്ന മാധ്യപ്രവർത്തകരുടെ ചോദ്യത്തോട് ഞാൻ അവനിൽ ഒരു കൊലപാതകിയെയല്ല,  ഒരു കുഞ്ഞിനെയാണ്‌ കണ്ടതെന്ന് ദാഹിനി പ്രതികരിക്കുന്നു. ആ മറുപടിക്ക്‌ പ്രേക്ഷകനെ കെെയടിപ്പിക്കാൻ തക്ക കരുത്തുണ്ട്‌.  
 
കൊലയാളിയെ നിഴലിൽ നിർത്തി, അതൊരു സസ്‌പെൻസ് എലിമെന്റായി നിർത്തുന്ന രീതി ഉപേക്ഷിച്ച് ആദ്യസീനിൽ തന്നെ കൊലയാളിയെ പരിചയപ്പെടുത്തുന്നു. കൊലയാളിയെക്കുറിച്ച് മൂന്നാമതൊരാളിലൂടെ നടത്തുന്ന അവതരണ രീതിയുമില്ല സൈക്കോയിൽ. ആത്മഭാഷണത്തിലൂടെ കൊലയാളി സ്വയം പരിചയപ്പെടുത്തുന്നു.
അംഗുലിമാലയുടെ വൈകാരിക തലത്തിലൂന്നിയാണ് സിനിമയുടെ സഞ്ചാരം. അയാളുടെ വൈകാരിക വിക്ഷോഭങ്ങളെ സൂക്ഷ്‌മമായി അവതരിപ്പിക്കാൻ രാജ് കുമാർ പിച്ചുമണിക്ക്‌ സാധിക്കുന്നുമുണ്ട്‌. അയാൾ ഉയർത്തുന്ന മതവിമർശവും ഏറ്റവും ദേഷ്യമുള്ളവരെ ടീച്ചർ എന്നു വിളിക്കുന്നതുമെല്ലാം തുറന്നിടുന്നത് യാഥാർഥ്യങ്ങളുടെ വേറൊരു ലോകം.  
 
മിഷ്‌കിൻ സിനിമകൾ ഒരുക്കത്തിൽ പുലർത്തുന്ന ശ്രദ്ധ ചിലപ്പോഴെങ്കിലും പാളിപ്പോകുന്നത് അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലാണ്. കാഴ്‌ച പരിമിതിയുള്ള കഥാപാത്രം അമാനുഷിക പ്രകടനങ്ങൾ നടത്തുമെന്ന പ്രതീക്ഷ സിനിമ ഒരിടത്തും പ്രേക്ഷകന് നൽകുന്നില്ല. എന്നാൽ, ഗൗതം എന്ന കഥാപാത്രത്തിന്റെ അഭിനയ സാധ്യതയെ ഉപയോഗിക്കാൻ ഉദയനിധി സ്റ്റാലിനാകുന്നില്ല. ഇളയരാജയുടെ പശ്‌ചാത്തലസംഗീതം സിനിമയിലേക്ക് പ്രേക്ഷകനെ അടുപ്പിച്ചുനിർത്തുന്നു. സിനിമയിൽ എടുത്തുപറയേണ്ട മറ്റൊരു പ്രകടനം പൊലീസുകാരൻ മുത്തുവായി എത്തുന്ന സംവിധായകൻ റാമിന്റേതാണ്. ഛായാഗ്രാഹകൻ തൻവീർ മീർ കൈയടി അർഹിക്കുന്നുണ്ട്.
 
അംഗുലിമാലയുടെ രൂപാന്തരത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമ, എന്നാൽ, അയാളെക്കുറിച്ച്‌ സഹതപിക്കുന്നുമില്ല. ഹിച്ച്‌കോക്കിന്‌ സമർപ്പിക്കുന്ന സിനിമ ശരിതെറ്റിനെ ഒരു ഭാഗത്തേക്ക് നിർത്താതെ പ്രേക്ഷകന്റെ വായനയ്‌ക്കായി തുറന്നിട്ടാണ് അവസാനിക്കുന്നത്. പരന്നൊഴുകുന്ന രക്തത്തിനെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന മിഷ്‌കിൻ സിനിമാ കാഴ്‌ചയാണ് സൈക്കോ.
പ്രധാന വാർത്തകൾ
 Top