25 March Monday

ന്യൂ ജനറേഷന്‍ ശബ്ദം

സജീവ് പാഴൂർUpdated: Friday Jan 3, 2014

മലയാളത്തിന്റെ മികച്ച നിരവധി ചിത്രങ്ങള്‍ക്ക് ശബ്ദത്തിന്റെ സൗന്ദര്യം അടയാളപ്പെടുത്തി നിശബ്ദമായി തന്റെ കര്‍മവഴിയിലൂടെ സഞ്ചരിക്കുന്ന ടി കൃഷ്ണനുണ്ണി ശബ്ദമേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച്..

 

1987 മെയ്

തൃശൂരിനടുത്തുള്ള ഒരുഗ്രാമം. കെ ആര്‍ മോഹനന്‍ സംവിധാനംചെയ്യുന്ന പുരുഷാര്‍ഥത്തിനു വേണ്ടി ചെണ്ടമേളത്തിന്റെ റെക്കോഡിങ്. രണ്ട് മൈക്രോഫോണുകള്‍ ഉപയോഗിച്ച് മേളത്തിന്റെ ആരോഹണഅവരോഹണങ്ങള്‍ ടേപ്പിലേക്ക് നാഗ്ര റെക്കോര്‍ഡര്‍ ഉപയോഗിച്ച് ആലേഖനം ചെയ്യുന്നു..

2013 മെയ്

പട്ടാമ്പിക്കടുത്തുള്ള തറക്കല്‍ വാര്യം. ഷാജി എന്‍ കരുണ്‍ സംവിധാനംചെയ്യുന്ന സ്വപാനം എന്ന ചിത്രത്തിനായി ചെണ്ടമേളം റെക്കോര്‍ഡു ചെയ്യുന്നു. മുബൈയില്‍നിന്ന് എത്തിച്ച ആധുനിക ശബ്ദലേഖനയന്ത്രങ്ങള്‍ മുറ്റത്ത് വിവിധയിടങ്ങളില്‍ ഉറപ്പിച്ചിരിക്കുന്നു. മുറുകുന്ന മേളവും തായമ്പകയുമെല്ലാം അതീവസൂക്ഷ്മശബ്ദലേഖനശേഷിയുള്ള അഞ്ച് മൈക്കുകള്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്ന ശ്രമകരമായ പ്രവൃത്തി പുരോഗമിക്കുന്നു..

 

മലയാളസിനിമയുടെ ശബ്ദലേഖനകലയുടെ മാറ്റമെന്നോ ഡിജിറ്റലിലേക്കുള്ള ശബ്ദങ്ങളുടെ വഴിമാറ്റമെന്നോ വേണമെങ്കില്‍ ഈ അന്തരത്തെ വിലയിരുത്താം. പക്ഷേ, ശബ്ദലേഖനത്തിന്റെ പ്രാകൃതമെന്ന് ഇന്ന് വിവക്ഷിക്കുന്ന പഴയ യന്ത്രങ്ങള്‍ക്കും ഇന്നത്തെ ആധുനികസംവിധാനങ്ങള്‍ക്കും ഒപ്പം സിനിമയുടെ ശബ്ദസൗന്ദര്യശാസ്ത്രത്തിനൊപ്പം രണ്ടിടത്തും ഒരാളുടെ സാന്നിധ്യമുണ്ടായിരുന്നു. ടി കൃഷ്ണനുണ്ണി എന്ന മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകന്‍. ശബ്ദം അതിന്റെ സൂക്ഷ്മതലങ്ങള്‍ ആവശ്യപ്പെടുന്ന ഇന്നത്തെ ചലച്ചിത്രനിര്‍മാണരീതിയില്‍ ഏറ്റവും ആധുനികവും മലയാളസിനിമയ്ക്ക് ആദ്യാനുഭവുമായ "11. 1 ഓറോ ത്രീഡി" എന്ന ശബ്ദസംവിധാനം സ്വപാനം എന്ന ചിത്രത്തിലൂടെ പരിചയപെടുത്തുന്നത് ടി കൃഷ്ണനുണ്ണിയാണ്. ശബ്ദമിശ്രണം എന്ന ഗൗരവകലയെ അതിന്റെ തീവ്രതയില്‍ സാക്ഷാല്‍ക്കരിച്ചതിന്റെ അംഗീകാരമായി ഇതിനകം ഒന്‍പത് സംസ്ഥാനഅവാര്‍ഡുകള്‍.. നാല് ദേശീയ പുരസ്കാരങ്ങള്‍. മലയാളത്തിന്റെ മികച്ച നിരവധി ചിത്രങ്ങള്‍ക്ക് ശബ്ദത്തിന്റെ സൗന്ദര്യം അടയാളപ്പെടുത്തി നിശബ്ദമായി തന്റെ കര്‍മവഴിയിലൂടെ സഞ്ചരിക്കുന്ന ടി കൃഷ്ണനുണ്ണി ശബ്ദമേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച്...

 

ഏകദേശം ഒന്നരവര്‍ഷത്തിന് മുന്‍പ് ബോളിവുഡിലെ പ്രശസ്ത ശബ്ദലേഖകനായ രാകേഷ് രഞ്ചനില്‍നിന്ന് എനിക്ക് ഒരു ഇ മെയില്‍ സന്ദേശം വന്നു. മുബൈയിലെ ഏതോ തിയറ്ററില്‍ "റേയ്സ് 2" എന്ന ചിത്രത്തിന്റെ "അറ്റ്മോസ് വേര്‍ഷന്‍" കാണിക്കുന്നു. സൗകര്യവും സമയവും അനുവദിക്കുമെങ്കില്‍ വന്ന് കാണണമെന്നായിരുന്നു നിര്‍ദേശം. ഇടയ്ക്കിടക്ക് പല കാര്യങ്ങള്‍ക്കു വേണ്ടിയും ഞങ്ങള്‍ ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറാറുണ്ടെങ്കിലും ഈ സന്ദേശം എന്നില്‍ ഉണര്‍ത്തിയത് ഗൃഹാതുരത്വമായിരുന്നു. എനിക്കപ്പോള്‍ ഓര്‍മവന്നത് രാകേഷിനെ പരിചയപ്പെട്ട ദിവസങ്ങളും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായിരുന്നു.

 

1973 ല്‍ പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിങ് ഫ്ളോര്‍. ഒന്നാം വര്‍ഷവിദ്യാര്‍ഥികളുടെ ഡയലോഗ് പരിശീലനം. എല്ലാവരും ആദരിച്ചിരുന്ന ഠക്കര്‍ സാഹെബിന്റെ കീഴില്‍ ഞങ്ങള്‍ എല്ലാവരും ശബ്ദലേഖനത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കുന്നു. ഇന്ന് ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ക്കരികില്‍ ഇരിക്കുമ്പോള്‍ ഏറ്റവും അപരിഷ്കൃതവും പ്രാകൃതവുമായതാണെന്ന് തോന്നിപ്പിക്കുന്ന ഉപകരണങ്ങള്‍ക്കരികെ.

 

അറ്റ്മോസ്?

 

1973 നുശേഷം 2013 വരെ വന്നുചേര്‍ന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചിന്തയ്ക്കുള്ള വിഷയമായി രാകേഷിന്റെ സന്ദേശം മാറി. ശബ്ദലേഖനത്തിന്റെ ഏറ്റവും നൂതനമായ ആവിഷ്കാരമാണ് അറ്റ്മോസ്. പ്രേക്ഷകരുടെ ശിരസ്സിനുമുകളിലും സ്പീക്കറുകള്‍ സ്ഥാപിക്കുകയും തിരശ്ശീലയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ശബ്ദം അവയോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. ഇതില്‍ ഏറെ അത്ഭുതകരമായ വസ്തുത ഈ സാങ്കേതികസമ്പ്രദായം ഹോളിവുഡില്‍ ഇറങ്ങി അധികം താമസിയാതെതന്നെ ഒരുപക്ഷേ ഒരു വര്‍ഷത്തിനുള്ളില്‍തന്നെ നമ്മുടെ മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ എത്തിച്ചേര്‍ന്നു എന്നതാണ്.

 

ഓറോ ത്രീഡി 11.1

 

അറ്റ്മോസിന് കിടപിടിക്കുന്ന ശബ്ദസംവിധാനമായ ഓറോവില്‍ ഒരു ചലച്ചിത്രത്തിന്റെ ശബ്ദസംവിധാനം താമസിയാതെ നിര്‍വഹിക്കേണ്ടിവരുമെന്ന് അന്ന് ഞാന്‍ കരുതിയതേയില്ല. അറ്റ്മോസില്‍ കൂടുതല്‍ സ്പീക്കറുകള്‍ അന്താരാഷ്ട്രതലത്തില്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ 11 സ്പീക്കറുകളാണ് ഓറോയില്‍ ക്രമീകരിച്ചിട്ടുള്ളത്. 2013 തുടക്കത്തില്‍ സ്വപാനം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും ഏറ്റവും നൂതനമായ ശബ്ദസംവിധാനത്തില്‍ അത് ചെയ്യണം എന്നും അതിന്റെ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കുന്നുവെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞപ്പോള്‍ സന്തോഷിക്കണോ.. വേണ്ടയോ എന്നായിരുന്നു ആദ്യചിന്ത. 2013 നവംബറില്‍ സ്വപാനത്തിന്റെ ശബ്ദപ്രവൃത്തികള്‍ പൂര്‍ത്തിയായപ്പോള്‍ ഞാന്‍ തീര്‍ച്ചയായും സന്തോഷിച്ചു. മലയാളശബ്ദലേഖനകലയുടെ ചരിത്രത്തില്‍ ഇടം നേടുന്നു. അതിനുമപ്പുറം കഠിനപ്രയത്നത്തിന്റെ ഫലം സംതൃപ്തി തരുന്നു എന്ന തിരിച്ചറിവ്. 11.1 ശബ്ദസംവിധാനത്തില്‍ മലയാളത്തിന്റെ ആദ്യചിത്രമായി സ്വപാനം ഈ മാസം തിയറ്ററുകളില്‍ എത്തുന്നു. ഒരു സങ്കടം പിന്നെയും ബാക്കി. കേരളത്തില്‍ ഒരു തിയറ്ററില്‍മാത്രമാണ് 11.1 ശബ്ദസംവിധാനം ഇന്ന് നിലവിലുള്ളത്.

 

ശബ്ദത്തിന് ദിശ

 

സിനിമയിലെ ശബ്ദരേഖയ്ക്ക് ദിശകള്‍ ലഭിച്ചതാണ് കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ വലിയ മാറ്റം. പണ്ടുകാലത്ത് സിനിമയുടെ ശബ്ദരേഖ സ്ക്രീനിന് പിറകില്‍ വച്ചിരുന്ന ഒരേയൊരു സ്പീക്കറിലൂടെയാണ് കേട്ടുകൊണ്ടിരുന്നത്. ഇന്ന് അത്തരം സിനിമകള്‍ ഇല്ലേയില്ല. ചുറ്റും സ്ഥാപിച്ചിരിക്കുന്ന നിരവധി സ്പീക്കറുകളിലൂടെയാണ് നാം ഇന്ന് ശബ്ദരേഖ കേള്‍ക്കുന്നത്. പക്ഷേ, ഓറോ സംവിധാനവും അറ്റ്മോസും ഇതിനും പലപടി മുകളിലാണ്. പ്രേക്ഷകര്‍ക്ക് മുകളിലും സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. അതിനും പുറമെ ഇപ്പോഴുള്ള സ്പീക്കര്‍ സംവിധാനത്തിന് പുറമെ ഒരു വരി സ്പീക്കര്‍ അധികമായും. നിലവിലുള്ള 5.1, 7.1 സ്പീക്കര്‍ സംവിധാനങ്ങളെ ഓറോ മറികടക്കുന്നത് ഇത്തരത്തിലാണ്.

 

ഓറോയുടെ സാധ്യത

 

തീര്‍ച്ചയായും സിനിമ ആവശ്യപ്പെടുന്നില്ലെങ്കില്‍ ഈ സങ്കേതികത്വത്തിന് ഒരു പ്രസക്തിയും ഇല്ല. ഉദാഹരണമായി സ്വപാനം 11.1 സാധ്യത ഉപയോഗിക്കേണ്ട ചിത്രമാണ്. ചെണ്ടക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ ചെണ്ടയുടെ സുക്ഷ്മനാദം പരമപ്രധാനമാണ്. അതിനായി ആദ്യംതന്നെ വിശാലമായി റെക്കോഡ് ചെയ്ത ചെണ്ടയുടെ ശബ്ദം എട്ട് ട്രാക്കുകളിലാണ് ഉണ്ടായിരുന്നത്. ഈ ശബ്ദസംവിധാനത്തിലൂടെ ക്രമീകരിച്ചപ്പോള്‍ ഓരോ ഉപകരണങ്ങളുടെ നാദങ്ങളും കഥയുടെ ഗതിക്ക് അനുസൃതമായി വിവിധ ദിശകളിലേക്ക് നയിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയത്.

 

ചുരുക്കത്തില്‍ ഒരു ചെണ്ടമേളം ഉത്സവപ്പറമ്പില്‍ ആസ്വദിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതി ഓറോ സംവിധാനമുള്ള തിയറ്ററുകളില്‍നിന്നും അനുഭവിക്കാനാവും. ചലച്ചിത്രത്തിന്റെ ശബ്ദരേഖയില്‍ സംഗീതവും സംഭാഷണവും മാത്രമല്ല ഉള്ളത്. മറ്റു ശബ്ദങ്ങളും(സൗണ്ട് ഇഫക്ട്സ്) പ്രധാനമാണ്. പലപ്പോഴും പല രംഗങ്ങളിലും ഇവ സംഗീതത്തെപ്പോലും നിഷ്പ്രഭമാക്കാറുണ്ട്. സ്വപാനത്തിലെ ചില രംഗങ്ങള്‍ക്ക് ഈ സാധ്യതയേറെയായിരുന്നു. ഓറോ എന്ന സങ്കേതത്തില്‍ ആയതുകൊണ്ട് ഇവയുടെ സര്‍ഗാത്മക പ്രയോഗത്തിനുള്ള സാധ്യതകള്‍ മനസ്സില്‍ കണ്ടുകൊണ്ടു തന്നെയായിരുന്നു ചിത്രീകരണവും ശബ്ദലേഖനവും. ആറ് മാസം നീണ്ട ശബ്ദലേഖനയജ്ഞത്തിനിടെ പൊരിഞ്ഞ പാലക്കാടന്‍ പാടങ്ങള്‍ക്കരികെ പനയുടെ ഗര്‍ജനങ്ങള്‍ കേട്ടു. ഇടവപ്പാതിയിലെ അര്‍ധരാത്രികളില്‍ വയലുകളിലെ രാത്രികാല സ്വരഭേദങ്ങളും സന്ധ്യമയങ്ങുമ്പോള്‍ തവളകളുടെ മേളപ്പെരുക്കവും ഉത്സവങ്ങളുടെ ജനാരവവും വെടിക്കെട്ടിന്റെ ശബ്ദവൈവിധ്യങ്ങളുമായി വലിയൊരു യത്നം. അറുപതോളം സൗണ്ട് ഇഫക്ട്സ് ട്രാക്കുകള്‍ ഉള്ള ചില രംഗങ്ങള്‍ ഈ ചിത്രത്തിനായി വേണ്ടിവന്നു.

 

ഓറോയുടെ സങ്കീര്‍ണതകള്‍

 

പ്രേക്ഷകരുടെ തലയ്ക്കു മുകളില്‍ ഉറപ്പിച്ചിട്ടുള്ള സ്പീക്കറുകള്‍ വെല്ലുവിളിതന്നെയായിരുന്നു. ഏതെല്ലാം ശബ്ദങ്ങള്‍ അതിലൂടെ കേള്‍പ്പിക്കാം എന്ന സമസ്യതന്നെ പ്രധാനം. "വോയ്സ് ഓഫ് ഗോഡ്" എന്നൊരു വിളിപ്പേരുണ്ട് ഓറോയ്ക്ക്. കഥയുടെ ഘടനയില്‍ ചെണ്ടക്കാരനും നര്‍ത്തകിയും തമ്മിലുള്ള പ്രണയത്തിന് ഒരു വ്യത്യസ്തതലമുണ്ട്. ഈ രംഗങ്ങളിലെ സംഗീതത്തിന്റെ വിന്യാസം വോയ്സ് ഓഫ് ഗോഡ് എന്ന തലയ്ക്കുമുകളിലെ സ്പീക്കറുകളിലേക്ക് ക്രമീകരിക്കുകയായിരുന്നു. വെടിക്കെട്ടിന്റെ സൂക്ഷ്മാംശങ്ങള്‍, വിദൂരമായ വിവിധ ശബ്ദങ്ങള്‍ എന്നിവയ്ക്കും പ്രതിധ്വനികള്‍ സ്റ്റുഡിയോക്കുള്ളില്‍ വ്യത്യസ്തതയോടെ സൃഷ്ടിക്കാനും ഓറോയിലൂടെ കഴിഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ഒരാളുടെ പ്രയത്നമല്ല. പലരുടെയും അധ്വാനത്തിന്റെ അംശമില്ലാതെ ഇതൊന്നും സാധ്യവുമല്ല. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിലെ യുവരാജാണ് ഇതിന് സാങ്കേതിക കൈത്താങ്ങായത്. ഇതിലെല്ലാം ഉപരി ചിത്രത്തിന്റെ ആദ്യാലോചനയില്‍തന്നെ ശബ്ദങ്ങളെ കണ്ടെത്തിയ സംവിധായകനാണ് യഥാര്‍ഥ ഡിസൈനര്‍. കൃഷ്ണനുണ്ണി തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു..

 

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ശബ്ദകലയുടെ ആദ്യപാഠങ്ങളുമായി എത്തിയ കൃഷ്ണനുണ്ണിക്ക് ആദ്യ സംസ്ഥാനപുരസ്കാരം ലഭിക്കുന്നത് പുരുഷാര്‍ഥത്തിലൂടെയാണ്. അടൂര്‍ സംവിധാനംചെയ്ത അനന്തരത്തിലൂടെ ആദ്യ ദേശീയ അവാര്‍ഡും ലഭിച്ചു. 1989 ല്‍ ഷാജി എന്‍ കരുണിന്റെ ചിത്രം പിറവി, 1996 ല്‍ ജയരാജ് ചിത്രം ദേശാടനം, എന്നിവയാണ് ദേശീയപുരസ്കാരത്തിന് അര്‍ഹമാക്കിയ മറ്റ് ചിത്രങ്ങള്‍. വൈദ്യരത്നം പി എസ് വാര്യരെക്കുറിച്ച് സംവിധാനംചെയ്ത ഡോക്യുമെന്ററിയും ദേശീയ അവാര്‍ഡിന് അര്‍ഹമായി. 1989 ല്‍ വചനം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്. 1994 മുതല്‍ 1998 വരെ തുടര്‍ച്ചയായി സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടി. 2007 ല്‍ ഒറ്റക്കയ്യന്‍ എന്ന ചിത്രവും 2012 ല്‍ അടൂരിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രവും പുരസ്കാരത്തിന് അര്‍ഹമാക്കി.

 

അരവിന്ദനൊപ്പം

 

\"/\"കൊല്‍ക്കത്തയില്‍ ഒരു പോര്‍ട്ടില്‍ വാസ്തുഹാരയുടെ ചിത്രീകരണം. കപ്പലിനടുത്തുള്ള ഏറെ വൈകാരികപ്രാധാന്യമുള്ള അവസാനരംഗങ്ങള്‍. മോഹന്‍ലാലും അന്യദേശക്കാരായ അഭിനേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ ശബ്ദം തല്‍സമയം ആലേഖനംചെയ്യുകയായിരുന്നു ഞാന്‍. കപ്പലിനപ്പുറത്തുനിന്ന് അസഹ്യമായ ശബ്ദങ്ങളാണ് കേള്‍ക്കുന്നത്. ചുമടിറക്കുന്നതിന്റെ കലപില ശബ്ദങ്ങളും മറ്റും. ക്യാമറയുടെ കാഴ്ചയില്‍ ഇത് പതിയില്ല. പക്ഷേ, ശബ്ദം രൂക്ഷമാണ്. ഈ ഭാഗമെങ്കിലും പിന്നീട് ഡബ്ബ് ചെയ്യുന്ന കാര്യം അവിടെ വച്ചുതന്നെ അരവിന്ദനുമായി സംസാരിച്ചു. വേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

പിന്നെ പ്രിവ്യൂവിന് ശേഷം ചിത്രാഞ്ജലിയില്‍ വച്ച് അരവിന്ദന്‍ പറഞ്ഞു. ഉണ്ണി.. ഡബ്ബ് ചെയ്യാതിരുന്നത് നന്നായി.. ആ ഭാഗം വളരെ നന്നായിട്ടുണ്ട്. ജീവിതത്തിലെ നല്ലൊരു തിരിച്ചറിവിന്റെ നിമിഷം.

 

അടൂരിനൊപ്പം

\"/\"അടൂരിനൊപ്പം വിധേയന്റെ ശബ്ദമിശ്രണമാണ് നടക്കുന്നത്. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള അവസാന റീലാണ് ചെയ്യേണ്ടത്. സൂക്ഷ്മതയില്‍ തെല്ലും വിട്ടുവീഴ്ചയില്ലാത്ത അടൂരിന് ശബ്ദങ്ങളുടെ കയറ്റിറക്കങ്ങളില്‍ പൂര്‍ണതൃപ്തിയാവുന്നില്ല. ഇന്നത്തെ മാതിരിയല്ല. മാന്വലായി വേണം ശബ്ദങ്ങള്‍ ക്രമീകരിക്കേണ്ടത്. ഒരിടം വിചാരിച്ചതുപോലെ വന്നില്ലെങ്കില്‍ ആദ്യം മുതല്‍ വീണ്ടും ചെയ്യണം. അതും ഒരുപാട് ശബ്ദങ്ങളും. ശ്രമകരമായപ്രവൃത്തി. മണിക്കൂറുകള്‍ കടന്നുപോയി. പത്ത് മിനിറ്റിന്റെ ശബ്ദമിശ്രണം രാവിലെ തുടങ്ങിയിട്ട് തീര്‍ന്നത് പുലര്‍ച്ചെ മൂന്നുമണിക്ക്.

 

പിന്നെ ഒരിക്കല്‍ കണ്ടപ്പോള്‍ അടൂര്‍ പറഞ്ഞു. വിദേശമേളയിലൊരിടത്ത് ഒരു പ്രഗത്ഭനായ സംവിധായകന്‍ പറഞ്ഞുവത്രെ.. അവസാനറീലിലെ ശബ്ദമിശ്രണം നന്നായിയെന്ന്.. അംഗീകാരങ്ങളിലൊന്നായി അതും ഞാന്‍ സൂക്ഷിക്കുന്നു.

 

ജോണ്‍ എബ്രഹാമിനൊപ്പം

\"/\"ജോണ്‍ എബ്രഹാമിനൊപ്പം അമ്മ അറിയാന്‍ എന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികളില്‍ ജോണിന്റെ പൂര്‍ണമായ മനസ്സും സാന്നിധ്യവും ഞാന്‍ കണ്ടില്ല. അതിനപ്പുറുമള്ള ഏതോ ലഹരികളില്‍ മനസ്സ് വ്യാപരിച്ചിരുന്നുവെന്ന് തോന്നി. പക്ഷേ, പിന്നീടുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സ്റ്റുഡിയോയില്‍ എത്തിയ ജോണിന്റെ രൂപം എന്റെ മനസ്സില്‍ ഇന്നും തറച്ചുനില്‍ക്കുന്നു. വ്യത്തിയുള്ള വേഷം. ഷര്‍ട്ട് ഇന്‍ ചെയ്ത് പ്രസന്നവദനനായി കൃത്യം ഒന്‍പത് മണിക്ക് സ്റ്റുഡിയോയില്‍ എത്തിയിരിക്കും. സിനിമയുടെമാത്രം ലഹരിയുമായി തന്റെ മനസ്സിന്റെ ആവിഷ്കാരം പൂര്‍ത്തിയാക്കുന്നതിന് ഞാന്‍ സാക്ഷിയായി.

പ്രധാന വാർത്തകൾ
 Top