14 June Monday

മിഷന്‍ സിയില്‍ വ്യത്യസ്ത വേഷത്തില്‍ കൈലാഷ്; സിനിമയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നു നടന്‍

പി ആര്‍ സുമേരന്‍Updated: Saturday Jun 5, 2021
കൊച്ചി> ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തനിക്ക് ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് പുതിയ ചിത്രമായ മിഷന്‍ സിയിലേതെന്ന് നടന്‍ കൈലാഷ് പറഞ്ഞു. "ക്യാപ്റ്റന്‍ അഭിനവ് എന്ന വേഷമാണ് എന്‍റേത്. വേറിട്ടതും വ്യത്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ മിഷന്‍ സി യിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധേയമാണ്. അത് വലിയൊരു ഉത്തരവാദിത്ത്വമാണ്. എനിക്ക് അവസരങ്ങള്‍ തന്ന സംവിധായകരോടും നിര്‍മ്മാതാക്കളോടും എന്നും എനിക്ക് ആ സ്നേഹവും നന്ദിയുമുണ്ട്. പിന്നെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയത്തില്‍ നിന്നുള്ള സ്നേഹവും കടപ്പാടും പങ്കുവെയ്ക്കുകയാണ്"-  കൈലാഷ് പറഞ്ഞു.

യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആദ്യമായി ഒരുക്കിയ റോഡ് ത്രില്ലര്‍ മൂവി മിഷന്‍ സി റിലീസിനൊരുങ്ങിയിരിക്കുകയാണ്.  ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസായതോടെയാണ് ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രം ചെയ്യുന്ന കൈലാഷ് കൂടുതല്‍ ശ്രദ്ധേയനായത്. ഇതിനിടെ കൈലാഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ട്രെയിലര്‍ റിലീസായതോടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായതായി നടന്‍ പറയുന്നു.


തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്‍റെ ആദ്യ റോഡ് ത്രില്ലര്‍ മൂവിയാണ് മിഷന്‍ ത്രീ . ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമാന്‍റോകളുടെയും സാഹസികവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അപ്പാനി ശരത്ത്, മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ബാലാജി ശര്‍മ്മ തുടങ്ങി മുപ്പത്തഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാമക്കല്‍മേടും മൂന്നാറുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് മിഷന്‍ സി നിര്‍മ്മിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top