12 November Tuesday

എനിക്കും പറയാനുണ്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

മീടൂ വെളിപ്പെടുത്തലുകളുടെ അലയൊലി ഹോളിവുഡിൽ അടങ്ങുന്നില്ല. "ഹോളിവുഡിലെ ഏറ്റവും സുന്ദരിയായ നടി'യെന്ന് എൺപതുകളിലും തൊണ്ണൂറുകളിലും വാഴ്ത്തപ്പെട്ട മിഷാൽ ഫിഫറാണ് ഏറ്റവും ഒടുവിൽ ദുരനുഭവം തുറന്നുപറഞ്ഞത്. അറുപത്തൊന്നുകാരിയായ താരം 20–--ാം വയസ്സിൽ ഹോളിവുഡിലെ പ്രമുഖനിൽനിന്ന്‌ മോശം അനുഭവമുണ്ടായെന്നാണ് തുറന്നുപറഞ്ഞത്. ആരാണ് കഥയിലെ വില്ലനെന്നു പറയാൻ അവർ തയ്യാറായില്ല.

"അതേക്കുറിച്ചോർക്കുമ്പോൾ എനിക്കിപ്പോഴും നാണക്കേട് തോന്നും, ആദ്യമൊക്കെ എനിക്ക് എന്നെത്തന്നെ കുറ്റപ്പെടുത്താനാണ് തോന്നിയത്, ഞാൻ ആ വേഷം ഇടാൻ പാടില്ലായിരുന്നു, അല്ലെങ്കിൽ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് ഞാൻ മുൻകൂട്ടി കാണണമായിരുന്നു- എന്നെല്ലാമാണ് ഞാൻ ചിന്തിച്ചത്. എന്താണ് അയാൾ ചെയ്തതെന്ന് ഞാൻ പറയില്ല, മീടൂ പ്രസ്ഥാനമാണ് ഭൂതകാലത്തെ ദുരനുഭവത്തെക്കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും എന്നെ പ്രാപ്തയാക്കിയത്'- സൺഡെ ടൈംസ് മാഗസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

"നല്ലതല്ലാത്ത നിരവധി അനുഭവങ്ങൾ വിനോദമേഖലയിൽനിന്ന്‌  ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇത് വളരെ മോശം സംഭവമായിരുന്നു. -എനിക്ക് പ്രായം 20, അയാൾ ചലച്ചിത്രലോകത്തെ അതികായൻ'-‐ -ഫിഫർ പറഞ്ഞു. ദ ഫാബുലസ് ബാക്കർ ബോയ്‌സ് ,അൽപാചീനോയുടെ വിഖ്യാത ചിത്രം സ്‌കാർഫെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ ഓസ്‌കർ നാമനിർദേശം ലഭിച്ച നടി നൂറിലേറെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 

ഹോളിവുഡിലെ പ്രമുഖതാരങ്ങളിൽ മോശം അനുഭവമുണ്ടായെന്ന് ബോണ്ട്ചിത്രങ്ങളിലെ താരമായ നവോമി ഹാസീസും അടുത്തിടെ വെളിപ്പെടുത്തി. "സെക്‌സ് ആൻഡ് ദ സിറ്റി' താരം സാറ ജെസീക്ക പാർക്കറും ദുരനുഭവം തുറന്നുപറഞ്ഞിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top