20 March Wednesday

എന്റെ ഒപ്പം ഇറങ്ങിവന്ന ആമി... മഞ്‌ജു പറയുന്നു

ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Sunday Feb 18, 2018

കമല്‍ സംവിധാനം ചെയ്‌ത 'ആമി' തിയേറ്ററില്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സിനിമയും മാധവിക്കുട്ടിയുടെ രചനകളും ജീവിതവും ഒരിക്കല്‍കൂടി ചര്‍ച്ച ചെയ്യപ്പെടുന്നു... ലോകം മുഴുവനുമുള്ള ആരാധകരെ തൃപ്‌‌‌തിപ്പെടുത്തിയ ചിത്രത്തില്‍ മലയാളത്തിന്റെ അഭിമാനം മഞ്‌‌‌ജുവാര്യരുടെ  പ്രകടനം എടുത്തുപറയേണ്ടതാണ്. കമലയായും മാധവിക്കുട്ടിയായും കമലാസുരയ്യയായും സിനിമയില്‍ ജീവിച്ച മഞ്‌‌ജു ചിത്രീകരണം കഴിഞ്ഞിട്ടും കൂടെപ്പോന്ന ആമിയെകുറിച്ച് സംസാരിക്കുന്നു...

? വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ ആമി തിയേറ്ററില്‍ രണ്ടാം വാരത്തിലേക്ക്  കടക്കുകയാണ്. എങ്ങിനെയുണ്ട് മഞ്‌‌‌‌‌ജുവിന് കിട്ടുന്ന പ്രതികരണങ്ങള്‍

മികച്ച പ്രതികരണങ്ങളാണ് എനിക്ക് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  മാധവിക്കുട്ടിയമ്മയുടെ ആരാധകര്‍ ദിവസവും എന്നെ വിളിക്കുന്നു. അവരോടുള്ള സ്നേഹവും ബഹുമാനവുമൊക്കെ ആ വിളികളില്‍ നിന്നും മനസിലാകുന്നുണ്ട്. സത്യന്‍ അന്തിക്കാടിനെ പോലുള്ള ചലച്ചിത്ര  പ്രവര്‍ത്തകരും വിളിച്ചു. എല്ലാം വലിയ അംഗീകാരമായി കാണുന്നു.

?മഞ്‌‌‌ജുവാണ് മാധവിക്കുട്ടിയാകുന്നത് എന്നതറിഞ്ഞപ്പോള്‍ പ്രേക്ഷകരുടെയും സുഹൃത്തുക്കളുടേയുമൊക്കെ പ്രതികരണം

ആദ്യമായാണ് ഒരു ബയോപിക് ചെയ്യുന്നത്. മാധവിക്കുട്ടിയമ്മക്ക് ലോകം മുഴുവന്‍ ആരാധകരും വായനക്കാരുമുണ്ട്. മാധവിക്കുട്ടിയമ്മയുടെ മുഖം, വസ്ത്രം, ചിരി, കണ്ണിന്റെ ചലനങ്ങള്‍ ഇങ്ങനെ എല്ലാ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ് അവര്‍. അതുകൊണ്ട് തന്നെ എന്റെ ഓരോ ചലനങ്ങളും അവര്‍ നോക്കും. ആവശ്യമില്ലാതെ വിരലൊന്ന് അനങ്ങിയാല്‍, കണ്‍പീലികള്‍ പിടഞ്ഞാല്‍ അവര്‍ക്ക് മനസിലാവും. അതുകൊണ്ട് തന്നെ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുാമയ ഓരോ കാര്യവും ഏറെ ശ്രദ്ധയോടെയാണ് ചെയ്തത്.  ജീവിക്കുന്ന ഒരാളെ പുന:സൃഷ്ടിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്.

സിനിമയുടെ ചിത്രീകരണം തുടങ്ങിയ ദിവസം മാധവിക്കുട്ടിയായി മാറിയ എനിക്ക് മാധവിക്കുട്ടിയമ്മയുടെ മക്കളും സഹോദരിയും ബന്ധുക്കളുമൊക്കെയുണ്ടായിരുന്നു. ആ ദിവസങ്ങളിലെ എന്റെ  ഓരോ നിമിഷവും മാധവിക്കുട്ടിമയം ആയിരുന്നു. മേക്കപ്പിട്ട് ഞാന്‍ ചെന്നിറങ്ങിയ ഉടനെ 'ഇത് ആമിയോപ്പു തന്നെ, ആമിയോപ്പു മുന്നില്‍ വന്നുനില്‍ക്കുന്നപോലെ തന്നെയുണ്ട്' എന്നൊക്കെ അവരില്‍ ചിലര്‍ പറയുന്നുണ്ടായിരുന്നു. ഷൂട്ടിനിടയില്‍ സുലോചന ആന്റി (ഡോ. സുലോചന നാലപ്പാട്ട്) ആമിയോപ്പു എന്ന എന്നെത്തന്നെ നോക്കിയിരുന്നത് മറക്കാനാവുന്നില്ല. അവരുടെ കണ്ണില്‍ അപ്പോള്‍ നനവുണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ ഞാന്‍ നോക്കി ചിരിച്ചപ്പോഴാണ് ആന്റി ചിന്തകള്‍ വിട്ട് തിരിച്ചെത്തിയത്.

? സിനിമയുടെ ചിത്രീകരണം തുടങ്ങിയത് പുന്നയൂര്‍ക്കുളത്തെ നീര്‍മാതളച്ചുവട്ടിലാണ്. കമലയുടെ പാദസ്‌‌‌‌‌‌പര്‍ശമേറ്റ മണ്ണില്‍ മാധവിക്കുട്ടിയായി മാറിയപ്പോഴുള്ള വികാരം.

ആമിയായും മാധവിക്കുട്ടിയായും അവര്‍ ചവിട്ടിനടന്ന, ഓടിക്കളിച്ച സര്‍പ്പക്കാവിലും നീര്‍മാതളച്ചുവട്ടിലും ചവിട്ടി അഭിനയിച്ചപ്പോഴുള്ള വികാരം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ എത്രയെത്ര കാലഘട്ടങ്ങളില്‍ അവര്‍ അവിടെ വന്ന് നിന്നിട്ടുണ്ടാകും ആ നീര്‍മാതളത്തില്‍ എത്രതവണ തൊട്ടിട്ടുണ്ടാകും എന്നൊക്കെ ഓര്‍ത്തുപോയി. പാട്ടുരംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. നീര്‍മാതളത്തിനെ തഴുകുന്നതും നോക്കിനില്‍ക്കുന്നതുമെല്ലാം ചിത്രീകരിച്ചു. അതൊക്കെ എക്കാലവും എന്റെ ഓര്‍മ്മയിലുണ്ടാകും.

? മാധവിക്കുട്ടിയെന്ന എഴുത്തുകാരിയെ മഞ്‌‌‌‌ജു എന്ന വായനക്കാരിയായി എങ്ങിനെ നോക്കികാണുന്നു

നെയ്പായസമാണ് ഞാന്‍ ആദ്യമായി വായിച്ച കഥ. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വീട്ടില്‍ 'എന്റെ കഥ'യുണ്ടായിരുന്നു. സിനിമയില്‍ വന്നശേഷം ഒരിക്കല്‍ അവര്‍ക്കെന്നെ കാണണമെന്ന് ഒരുകോമണ്‍ ഫ്രണ്ടിനോട് പറഞ്ഞതനുസരിച്ച് ഞാന്‍ പോയി കണ്ടിരുന്നു. എറണാകുളത്തെ ഫ്ളാറ്റില്‍ ഒരു പകല്‍ മുഴുവന്‍ അന്ന് അവരോടൊപ്പം ചിലവഴിച്ചു. അന്ന് സുലോചന ആന്റിയെയും ബാലാമണിയമ്മയെയുമൊക്കെ പോയി കണ്ടു.

വലിയ സ്നേഹത്തോടെ 'സുന്ദരി കുട്ട്യേ കാണണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു' എന്നു പറഞ്ഞു. ഒരുമിച്ച് ഭക്ഷണം കഴിച്ചു. നോക്കിയിരുന്ന് പോയിട്ടുണ്ട് അവരുടെ സൌന്ദര്യം. മയക്കമുള്ള കണ്ണുകളും ഒഴുക്കുള്ള സംസാരവും എല്ലാം... അടുത്തിരുന്നപ്പോള്‍ വല്ലാത്ത സുരക്ഷിതത്വമായിരുന്നു.  സൌന്ദര്യകാര്യത്തിലും എപ്പോഴും അവര്‍ നന്നായി ശ്രദ്ധിച്ചിരുന്നു. പ്രായം കൂടി വരുന്തോറും സൌന്ദര്യത്തിലും കൂടുതല്‍ ശ്രദ്ധിച്ചതായാണ് തോന്നിയത്. എപ്പോഴും നന്നായി ഒരുങ്ങിയിരിക്കും. ആ ഓര്‍മ്മകള്‍ ഇപ്പോഴും പച്ചയായി കൂടെയുണ്ട്. പിന്നീട് വ്യക്തിപരമായ അടുപ്പം പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. പത്രത്തിലും മറ്റുമായി മതംമാറ്റ വിവാദവും മറ്റ് വാര്‍ത്തകളുമൊക്കെ വായിച്ചറിഞ്ഞു.

? ആദ്യം മറ്റൊരു നടിയെയായിരുന്നു മാധവിക്കുട്ടിയായി പരിഗണിച്ചിരുന്നത്. പെട്ടെന്നാണ് മഞ്‌‌‌ജുവിനെ തീരുമാനിച്ചത്. അപ്രതീക്ഷിതമായുള്ള സംവിധായകന്റെ വിളി വന്നപ്പോള്‍ എന്തുതോന്നി. എന്തെങ്കിലും  തയ്യാറെടുപ്പുകള്‍ നടത്തിയോ

ഒരു നടിയുടെ കലാജീവിതത്തില്‍ കിട്ടുന്ന അപൂര്‍വ്വഭാഗ്യങ്ങളില്‍ ഒന്നാണ് ഇത്തരം കഥാപാത്രം. കമല്‍ സാര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ആദ്യം പേടിയാണ് തോന്നിയത്. 'അയ്യോ സാര്‍ ഞാനോ' എന്നാണ് ആദ്യം ചോദിച്ചത്. കുറച്ചുനേരം ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഒരു രാത്രി സമയം ചോദിച്ചാണ് അതുമായി ഞാന്‍ പൊരുത്തപ്പെട്ടത്. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് സാറിന് വിശ്വാസമുണ്ടെന്നുണ്ടെങ്കില്‍ ഞാന്‍ നൂറുവട്ടം തയ്യാറാണെന്ന് വിളിച്ചുപറഞ്ഞു. ആ ഉറപ്പുള്ളത് കൊണ്ടാണല്ലോ വിളിച്ചത് എന്നായിരുന്നു സാറിന്റെ മറുപടി. ലോകം മുഴുവന്‍ ആരാധിക്കുന്ന മാധവിക്കുട്ടിയെ പോലെയൊരാളെ അവതരിപ്പിക്കുക എന്നത് എന്റെ സങ്കല്‍പത്തിനുമപ്പുറമുള്ള കാര്യമാണ്. സ്വപ്നം കാണുകയാണോ എന്നൊക്കെ തോന്നിപ്പോയി. നേരത്തെ ഇങ്ങനെ ഒരു സിനിമ അനൌണ്‍സ്ചെയ്തപ്പോള്‍ തന്നെ വലിയ സന്തോഷവും പ്രതീക്ഷയുമൊക്കെയായിരുന്നു. എല്ലാ പ്രേക്ഷകരെയും പോലെ ഞാനും ഈ സിനിമ ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. ഇത്രയും വലിയ എഴൂത്തുകാരിയുടെ ജീവിതം എല്ലാതരത്തിലും അടയാളപ്പെടുത്തേണ്ട ഒന്നാണ് എന്ന് തോന്നിയിട്ടുണ്ട്. പിന്നീട് പോകുന്ന ചടങ്ങുകളിലൊക്കെ മാധവിക്കുട്ടിയമ്മയുടെ പുസ്തകങ്ങള്‍ ഗിഫ്റ്റായി കിട്ടിത്തുടങ്ങി. യുട്യൂബില്‍ മാധവിക്കുട്ടിയമ്മയുടെ ഇന്റര്‍വ്യൂകള്‍ കണ്ടു.

ഞാന്‍ മാധവിക്കുട്ടിയായാല്‍ എത്രത്തോളം ശരിയാകും എന്ന് ഒരുപാട് പേര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ആദ്യ പോസ്റ്റര്‍ ഇറങ്ങിയതോടെ  അഭിപ്രായങ്ങള്‍ മാറിത്തുടങ്ങി. സത്യത്തില്‍ മാധവിക്കുട്ടിയുടെ ഒരു മുഖച്ഛായയും എനിക്കില്ല. എന്നാല്‍ എന്നെ അങ്ങിനെ മാറിയെടുക്കാന്‍ കഴിയുമെന്ന് നേരത്തെ തിരിച്ചറിഞ്ഞ കമല്‍ സാറിനാണ് അതിന്റെ മുഴുവന്‍ ക്രെഡിറ്റും. പിന്നെ മേക്കപ് ചെയ്ത പട്ടണം റഷീദ്ക്ക ഉള്‍പ്പെടെയുള്ളവരുടെ പങ്കും എടുത്തുപറയണം. ആമി ഇറങ്ങിയതോടെ നടി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം കൂടിയതായി തോന്നുന്നുണ്ട്. ചില കഥാപാത്രങ്ങള്‍ അഭിനയിച്ചുകഴിഞ്ഞാല്‍ വേഗം അഴിച്ചുവെക്കാന്‍ പറ്റും. ചിലത് നമ്മോടൊപ്പം പോരും.  ആമി എന്റെ ഒപ്പം പോന്ന കഥാപാത്രമാണ്.

? നമ്മള്‍ മലയാളികള്‍ക്ക് 'മാധവിക്കുട്ടി' എന്നും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. വിവാദങ്ങള്‍ എക്കാലവും അവരുടെ സാഹിത്യത്തിലും ജീവിതത്തിലും ഒപ്പമുണ്ടായിരുന്നു. അവരെ മനസിലാക്കുന്നതില്‍ നമുക്ക് പലപ്പോഴും പിഴച്ചുപോയോ എന്നുവരെ സംശയിക്കാവുന്നതാണ്. എന്തു പറയുന്നു.

എഴുത്തില്‍ ഇത്രയും സ്വാതന്ത്യ്രം അനുഭവിച്ച എഴുത്തുകാരി ഇന്ത്യയില്‍ വേറെയുണ്ടോ എന്ന് സംശയമാണ്.  മാധവിക്കുട്ടി സ്ത്രീയുടെ അവകാശത്തിന് വേണ്ടി പ്രത്യക്ഷമായി പോരാടിയിട്ടില്ല. അതേസമയം എഴുത്തില്‍ സ്ത്രീയുടെ കരുത്ത് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ മനസിനെ, ചിന്തകളെ വളരെ ലളിതമായി ആവിഷ്ക്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മനുഷ്യപക്ഷത്ത് നിന്ന് രചന നിര്‍വഹിച്ച പ്രതിഭയായിരുന്നു അവര്‍.

കമല്‍

ഫെമിനിസത്തെ ഒരിക്കലും അനുകൂലിക്കാത്ത എന്നാല്‍ എഴുത്തില്‍ അങ്ങേയറ്റം സ്വതന്ത്യ്രം പ്രഖ്യാപിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. സ്ത്രീയുടെ സ്വത്വമെന്താണെന്ന് മാധവിക്കുട്ടിക്ക് കൃത്യമായിട്ടറിയാം. സ്വാതന്ത്യ്രമെന്നത് അവര്‍ക്ക് പുരുഷനൊപ്പമാകുന്നതുമല്ല. സ്ത്രീക്ക് സ്ത്രീയുടേതായ ലോകവും സ്വാതന്ത്യ്രവും ഐഡന്റിറ്റിയുമുണ്ട് എന്നവര്‍ വിശ്വസിച്ചു. പ്രണയം, രതി തുടങ്ങിയ വിഷയങ്ങള്‍കൊണ്ട് മലയാളികള്‍ അക്കാലത്ത് മാവധിക്കുട്ടിയെ ശരിക്ക് മനസിലാക്കിയിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം കുപ്പായം മാറുന്നത് പോലാണ് മതം മാറുന്നതും. 

മാധവിക്കുട്ടിയുടെ ഏത് ഭാഗമാണ് സിനിമയാക്കേണ്ടതെന്ന ആശങ്കയും പേടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  മാധവിക്കുട്ടിയെ അങ്ങനെയാണ് ഒന്നുകൂടി മുഴുവനായി വായിച്ചുതുടങ്ങിയത്. വിവാദങ്ങളുടെ പേരില്‍ ഞാന്‍ സ്ക്രിപ്റ്റ് ബാലന്‍സ് ചെയ്തിട്ടില്ല. എന്നാല്‍ ഒരു സമുദായത്തെയും മോശമായി ചിത്രീകരിച്ചിട്ടുമില്ല. മഞ്ജുവാര്യര്‍ അസാധ്യമായാണ് മാധവിക്കുടിയെ അവതരിപ്പിച്ചത്.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബാലചന്ദ്രന്‍ ചുള്ളിക്കാടായിട്ട് തന്നെയാണ് ഞാന്‍ ആമിയില്‍ അഭിനയിക്കുന്നത്. ഒരുപാട് അടുത്ത് നിന്ന് മാധവിക്കുട്ടിയുടെ ജീവിതത്തെ നോക്കി കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയ ചട്ടക്കൂടിനുള്ളിലുള്ളൊരാളായിരുന്നില്ല അവര്‍. വ്യക്തിസ്വാതന്ത്യ്രത്തില്‍ വിശ്വസിച്ചിരുന്ന സ്ത്രീ. ജന്മനാ കലഹസ്വഭാവി. അവര്‍ക്ക് ഊര്‍ജം ലഭിക്കുന്നത് ആരെങ്കിലുമായി കലഹിക്കുമ്പോഴാണ്. ആ പ്രകോപനത്തിലാണ് എഴുത്ത് പോലും. പക്ഷേ ചിലത് അവരെ പീഡിപ്പിച്ചിട്ടുണ്ട്, വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പോലും അവരുടെ ക്രിയേറ്റിവിറ്റിയെ വിപ്പ് ചെയ്തിരുന്നത് ഈ സംഘര്‍ഷമാണ്. ശാന്തമായ അവസ്ഥ അവര്‍ ആഗ്രഹിച്ചിരുന്നേയില്ല. മാധവിക്കുട്ടിയുടെ കഥകളും സംഭവബഹുലമാണ്. എഴുത്തിലും ചിന്തയിലുമൊക്കെ അടിമുടി ആധുനികയായിരുന്നു മാധവിക്കുട്ടി. യൂറോപ്യനും ഗ്രാമീണവുമായ ബന്ധങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും രൂപപ്പെടുത്തിയെടുത്തതാണത്. ഫെമിനിസ്റ്റോ മറ്റോ പോലുള്ള ഒരു ലേബലിലും അവരെ നിര്‍ത്താനാവില്ല. അവര്‍ ഒരിക്കലും  മാനസിക വികാരങ്ങള്‍ തുറന്നു പറയുന്നതില്‍ മടികാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആകര്‍ഷണവും ഹിപ്പോക്രസിയെ ചോദ്യംചെയ്യുന്നതിലുള്ള വിരോധവും ഒരേസമയം മലയാളികള്‍ക്ക് അവരോടുണ്ട്. എന്നാല്‍ ആ കഥകളിലൂടെ തന്നെയാണ് സ്ത്രീകളുടെ മനോവ്യാപാരം മലയാളികള്‍ മനസിലാക്കിത്തുടങ്ങിയത്. ഒരു തലമുറയെ തന്നെ അന്നവര്‍ ഇതിലൂടെ വാര്‍ത്തെടുത്തു. രണ്ട് തരത്തിലുള്ള വര്‍ഗീയതയെ ഒരു പോലെ പ്രകോപിപ്പിക്കുന്നതാകും ആമി എന്ന സിനിമ. എന്നാല്‍ അതിന്റെ അര്‍ഥ ശൂന്യത സിനിമയില്‍ വ്യക്തമാകും.

പട്ടണം റഷീദ്

മാധവിക്കുട്ടിക്കും മഞ്ജുവാര്യര്‍ക്കും രണ്ട് മുഖങ്ങള്‍ തന്നെയാണ്. അതുകൊണ്ട് മാധവിക്കുട്ടിയെ ഒരുക്കുന്നത് വലിയ വെല്ലുവിളിയായി. മാധവിക്കുട്ടിയെ കുറിച്ച് എല്ലാവരുടെയും മനസില്‍ ആര്‍ക്കും മാറ്റാനാവാത്ത ഒരു ബിംബമുണ്ട്.  അതുകൊണ്ട്തന്നെ മാധവിക്കുട്ടിയുടെ മുഖാവരണമല്ല, മഞ്ജുവാര്യര്‍ എന്ന പ്രതിഭയുടെ മാധവിക്കുട്ടിയിലേക്കുള്ള മനംമാറ്റമാണ് വേണ്ടത്. അതുവഴി അവരുടെ ശരീരഭംഗിയിലേക്കെത്തിക്കുക എന്നതാണ്. മഞ്ജുവാര്യറില്‍ നിന്നു തന്നെ മാധവിക്കുട്ടിയുടെ ഐഡന്റിറ്റി ഉണ്ടാക്കാനാണ് ശ്രമിച്ചത്. ആ തലത്തിലാണ് മേക്കപ്. മൂക്കുത്തി, പൊട്ട്, കണ്ണട, മുടിയിടുന്ന സ്വഭാവം ഇതൊക്കെ അതിനുദാഹരങ്ങളാണ്. അതുപോലെ പ്രായമാകുമ്പോള്‍ അവര്‍ക്ക് സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ ഘട്ടംഘട്ടമായി അവതരിപ്പിച്ചു. മൂന്നുമണിക്കൂറോളമാണ് ആമിയാകാനായി എന്റെ മുന്നില്‍ ക്ഷമയോടെ മഞ്ജു ഇരുന്നുതന്നത്.

മധു നീലകണ്‌‌‌ഠന്‍

ക്യാമറ ആയാലും ലെന്‍സ് ആയാലും ഏറ്റവും ക്വാളിറ്റിയുള്ള ഹൈ എന്‍ഡ് എക്വിപ്മെന്റുകളാണ് ഞാനിതില്‍ ഉപയോഗിച്ചത്. എന്നാല സിനിമ ചലഞ്ചിങ് ആവുന്നത് അഭിനേതാക്കളുടെ മാനസിക വ്യാപാരങ്ങളിലേക്ക് നമുക്ക് എത്രത്തോളം കടന്നു ചെല്ലാന്‍ പറ്റുന്നു എന്നത് സംബന്ധിച്ചാണ്.

മാധവിക്കുട്ടിയും മഞ്ജുവാര്യറും മലയാളികള്‍ക്ക് പരിചയമുള്ള ഇമേജുകളാണ്. ഒന്നിനെ മറ്റൊന്നിനോട് അടുപ്പിക്കുകയാണ് ചെയ്‌തത്.

സിനിമയുടെ സംഗീതവും പശ്ചാത്തലസംഗീതവുമൊക്കെ പ്രതീക്ഷയുണ്ടാക്കുന്നതാണ്.

 

റഫീഖ് അഹമ്മദ്

ചിത്രത്തില്‍ രണ്ട് പാട്ടാണ് ഞാനെഴുതിയത്. ഇത്രയും വലിയൊരു എഴുത്തുകാരിയുടെ മനസില്‍ കയറിയിരുന്ന് എഴുതണം. അതുകൊണ്ട് തന്നെ വളരെയധികം ആത്മവിശ്വാസക്കുറവ് എനിക്കുണ്ടായിട്ടുണ്ട്.

ഞാനും ജയചന്ദ്രനും കമല്‍ സാറും ഒരുപാടിരുന്ന് മാറ്റിയും തിരുത്തിയുമാണ് പാട്ടുകളുണ്ടാക്കിയത്. മാധവിക്കുട്ടിയുടെ ജീവിതം തുറന്ന പുസ്‌തകം പോലെയുള്ള ഒരു കാര്യമാണ്. അതില്‍ എതിര്‍പ്പിന്റെ കാര്യമില്ല.

 

എം ജയചന്ദ്രന്‍

ആമിയുടെ സംഗീതംചെയ്യുക എന്നത്  ഒരു നിയോഗമാണ്. ആ വേര്‍സറ്റൈല്‍ ജീനിയസിന്റെ ക്യാരക്ടറില്‍ നിന്ന് സംഗീതം കണ്ടുപിടിക്കാനാണ് ഞാന്‍ ശ്രമിച്ച ത്. രണ്ട് പാട്ടുകള്‍ ഞാന്‍ കമ്പോസ് ചെയ്‌തു.

മലയാളത്തിന്റെ ചൂരുള്ള സംഗീതത്തില്‍ നിന്ന് പെട്ടെന്ന് ബംഗാളിയിലേക്ക് പോകുന്ന ഒരു കൂടുമാറ്റം അതിനകത്തുണ്ട്. അതൊരു സംഗീതസംവിധായകനെ സംബന്ധിച്ചിടത്തോളം ചലഞ്ചിങ് ആണ്.

നാലു ദിവസംകൊണ്ടാണ്  പാട്ടുകള്‍ ചെയ്‌തുതീര്‍ത്തത്.

ടൊവിനോ തോമസ്

നുണ പോലും കഥകളാക്കിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. അവരുടെ ക്രിയേറ്റിവിറ്റിയെയും ആവിഷ്കാരസ്വാതന്ത്യ്രത്തെ ഞാന്‍ ബഹുമാനിക്കുന്നു. മഞ്ജു നടി എന്ന നിലയിലും ഹ്യൂമണ്‍ ബീയിങ് എന്ന നിലയിലും എനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയും. ആമിയില്‍  മാധവിക്കുട്ടി ജീവിതത്തിലെ എല്ലാ സ്വകാര്യങ്ങളും ചര്‍ച്ചചെയ്യുന്നത് ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തോടാണ്.

ഒട്ടും സമ്മര്‍ദ്ദം തരാതെ നമ്മളില്‍ നിന്ന് വേണ്ടത് വേര്‍തിരിച്ചെടുക്കാനുള്ള സ്കില്‍ സംവിധായകനായ കമല്‍ സാറിനുണ്ട്. അദ്ദേഹത്തിനെ അന്ധമായി വിശ്വസിച്ചാല്‍ മാത്രം മതി. അതുകൊണ്ട് തന്നെ ഷൂട്ടിങ് വളരെ റിലാക്സ്ഡ് ആയിരുന്നു. സ്ക്രിപ്റ്റിലെ ഓരോ ഡയലോഗും പോയറ്റിക് ആണ്. അപകടം പിടിച്ച വിഷയം അതിമനോഹരമായാണ് കൈകാര്യംചെയ്യുന്നത്. ഫാന്റസിയും ഫിക്ഷ്‌നും അങ്ങനെ ഒരുസിനിമയ്ക്ക് വേണ്ടിയുള്ളതെല്ലാമുണ്ട്. 

മുരളി ഗോപി

കമലാദാസിന്റെ ഭര്‍ത്താവ് മാധവദാസിനെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അവരുടെ എഴുത്തുലോകം നോക്കിയാല്‍ അതില്‍ അദൃശ്യമായി മാധവദാസിന്റെ സാന്നിധ്യം കാണാം.

എഴുത്തിനെ പരിപോഷിപ്പിക്കാന്‍ അദ്ദേഹം ഒപ്പം നിന്നു. ഒരുപാട് സ്വാതന്ത്യ്രം കൊടുത്തു. മറ്റൊരാളുടെ വളര്‍ച്ചയ്ക്ക് കൂട്ടുനില്‍ക്കുക എന്നത് വലിയ സംഗതിയാണ്. ഗിഫ്റ്റഡ് ആക്‌ടര്‍ ആണ് മഞ്‌‌ജു.

അങ്ങനെ ഉള്ളവരുടെ കൂടെ അഭിനയിക്കാന്‍ നല്ല സുഖമാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top