17 July Wednesday

താരപദവി ആരും ആർജിക്കുന്നതല്ല, അടിച്ചേല്‍പ്പിച്ചത്: മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

സൂപ്പർതാരപദവി ആരും ആർജിക്കുന്നതല്ല, അടിച്ചേൽപ്പിക്കുന്നതാണെന്ന് മമ്മൂട്ടി. "താരപരിവേഷമെന്നത് ഒരു സ്ഥിരം പദവിയല്ല, നേടിയെടുക്കുന്നതുമല്ല, നിങ്ങളൊരു താരമാണെന്നത് മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന കാര്യമാണ്. അതും തലയിൽപേറി നടക്കേണ്ട കാര്യമില്ല-' ഇംഗ്ലീഷ് വാർത്താ ഏജൻസിയായ ഐഎഎൻഎസിന് അനുവദിച്ച അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.

"നിങ്ങൾ നിങ്ങളായിരിക്കുക എന്നതും അഭിനേതാവ് ആയിരിക്കുക എന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. അതിലൊരു സംഘർഷമുണ്ട്. നിങ്ങളും നിങ്ങളുടെമേൽ വ്യക്തിത്വവും കഥാപാത്രത്തിന്റെ വ്യക്തിത്വവും തമ്മിലുള്ള സംഘർഷമുണ്ടാകും. നിങ്ങളുടെ വ്യക്തിത്വത്തെ മറികടന്ന് കഥാപാത്രത്തിലേക്ക് കടക്കുമ്പോൾ മാത്രമാണ് നിങ്ങൾ വിജയിക്കുന്ന അഭിനേതാവാകുന്നത്. ചിലപ്പോൾ ഞാൻ വിജയിച്ചിട്ടുണ്ട്. ചിലപ്പോൾ തോറ്റിട്ടുമുണ്ട്'. മമ്മൂട്ടി പറഞ്ഞു. അതുകൊണ്ടുതന്നെ "വളർന്നുകൊണ്ടിരിക്കുന്ന അഭിനേതാവ്' എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു.

നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച മെഗാതാരം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരിത്രസിനിമ മാമാങ്കത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. തമിഴ് ചിത്രം പേരൻപ്, തെലുങ്ക് ചിത്രം യാത്ര എന്നിവയിലൂടെ തെന്നിന്ത്യയിൽ ഈവർഷം മികച്ച തുടക്കംകുറിച്ച മമ്മൂട്ടിയുടെ മധുരരാജ സൂപ്പർഹിറ്റായി. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത "ഉണ്ട' നിരൂപകശ്രദ്ധയും ബോക്‌സ് ഓഫീസ് വിജയവും നേടി മുന്നേറുകയാണ്.

അഭിനേതാവ് എന്ന നിലയിൽ ഒാരോ ചുവടും സ്വയം പുതുക്കലിന്റേതു കൂടിയാണെന്ന് മമ്മൂട്ടി പറഞ്ഞു. "തെറ്റുകൾ സംഭവിക്കും അപ്പോൾ തിരുത്തും. തോൽവികൾ എന്നെ ഭയപ്പെടുത്താറില്ല, പരാജയങ്ങളിൽനിന്ന് മാത്രമേ വിജയത്തിലേക്ക് പോകാനാകൂ.'

"അഭിനേതാവ് ആകാനായിരുന്നു ആഗ്രഹം. പക്ഷേ, അവിചാരിതമായി അഭിഭാഷകനായി. അപ്പോഴും സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യ ചാൻസിനുവേണ്ടിയാണ് ഏറെ ബുദ്ധിമുട്ടിയത്. പിന്നീട് എല്ലാം വന്നുചേർന്നു'. -മമ്മൂട്ടി ഓർത്തെടുത്തു.

ഇത്രയും കാലം ചലച്ചിത്രലോകത്ത് ചെലവഴിച്ചെങ്കിലും തനിക്ക് വ്യക്തിപരമായ മാറ്റം ഉണ്ടായിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടി. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലെ കഥാപാത്രം നടനെന്ന നിലയിൽ ഏറെ താൽപ്പര്യമുളവാക്കുന്നതാണെന്നും മമ്മൂട്ടി പറഞ്ഞു. പതിനഞ്ചും പതിനാറും നൂറ്റാണ്ടിലെ വടക്കൻ കേരളം പശ്ചാത്തലമാകുന്ന സിനിമ പൂർവികരുടെ ത്യാഗത്തെക്കുറിച്ച് പുതിയ തലമുറയെ ഓർമപ്പെടുത്തുമെന്നും മമ്മൂട്ടി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top