17 July Wednesday

"ക്യാപ്‌റ്റനു'ശേഷം വീണ്ടും സത്യൻ

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019


ആസ്വാദകമനസ്സ‌് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയശൈലിമാത്രമേ വേണ്ടൂ എന്ന് തെളിയിച്ച സത്യന്റെ ജീവിതവും സിനിമയാകുന്നു. ഫുട‌്ബോൾതാരം സത്യനായി  ‘ക്യാപ‌്റ്റനി’ൽ തിളങ്ങിയ ജയസൂര്യതന്നെയാണ‌് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളുടെ വേഷമണിയുന്നത‌്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

ഫിലിപ്സ് ആൻഡ‌് ദി മങ്കി പെന്നിനുശേഷം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും- ജയസൂര്യയും ഒന്നിക്കുന്ന ചിത്രവുമാണിത‌്. സത്യന്റെ ക്യാപ്റ്റനുശേഷം ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ബയോപിക് ആയിരിക്കും ഈ ചിത്രം. 

ജയസൂര്യയെ കൂടാതെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ല. സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയെന്ന് സത്യന്റെ മകൻ സതീഷ് സത്യൻ പറഞ്ഞു.

ജീവിതം മുന്നോട്ടുവച്ച എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച സത്യൻ 20 വർഷം മലയാള സിനിമയുടെ അഭിമാനമായി വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു. കൗമുദി ബാലകൃഷ്ണന്റെ ത്യാഗസീമ എന്ന സിനിമയിലാണ‌് സത്യൻ ആദ്യം അഭിനയിച്ചതെങ്കിലും ആത്മസഖിയാ (1952)ണ്‌ ആദ്യം പുറത്തിറങ്ങിയ സത്യന്‍ ചിത്രം.
സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരാണ്‌ ബാലകൃഷ്ണന്‌ സത്യനെ പരിചയപ്പെടുത്തുന്നത്‌.

ആത്മസഖിയിലെ നായകവേഷത്തില്‍നിന്ന്‌ നീലക്കുയില്‍, പാലാട്ട്‌ കോമന്‍, തച്ചോളിഒതേനന്‍, മുടിയനായപുത്രന്‍, ഭാര്യ, പഴശ്ശിരാജ, ഓടയില്‍നിന്ന്‌, കാട്ടുതുളസി, യക്ഷി, അടിമകള്‍, മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒരുപെണ്ണിന്റെ കഥ, കടല്‍പ്പാലം, ചെമ്മീന്‍ തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ പ്രതിഭയുടെ അവിസ്മരണീയ സാന്നിധ്യമേകി സത്യന്‍ മലയാളസിനിമയില്‍ നിറഞ്ഞുനിന്നു. 60 പിന്നിട്ടവർക്ക‌്  ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ സത്യനും അദ്ദേഹത്തിന്റെ സിനിമകളും ഇന്നും സമ്മാനിക്കുന്നു. കാമുകനായ സത്യനെ, അച്ഛനും മകനുമായ സത്യനെ, വടക്കന്‍പാട്ടിലെ വീരനായകനായ സത്യനെ.

1971ൽ രക്താർബുദം ബാധിച്ചാണ് അദ്ദേഹം മരിക്കുന്നത്. താരത്തിന്റെ അവസാന നാൾവരെ സിനിമയിൽ നിറസാന്നിധ്യമായിരുന്നു.


പ്രധാന വാർത്തകൾ
 Top