04 August Tuesday

​ഞാൻ ഇങ്ങനാണ്‌ ഭായി...

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

താങ്കളെന്ത്‌ പ്രഹസനമാണ്‌ മാഡീ... എന്നുചോദിച്ച ആരാധികയ്‌ക്ക്‌ തക്ക മറുപടി നൽകി സോഷ്യൽ മീഡിയയിലും തരംഗമായി നടൻ മാധവൻ. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യദിനാശംസകളോടെ സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രമാണ്‌ സംസാരവിഷയം. അച്ഛൻ രംഗനാഥനും മകൻ വേദാന്തിനുമൊപ്പം വീട്ടിലെ ചടങ്ങിന്റേതായിരുന്നു ചിത്രം.  

ജിക്സ എന്നുപേരുള്ള ട്വിറ്റർ ഹാൻഡിലിൽനിന്നാണ്‌ മാധവനെ ട്രോളിക്കൊണ്ട്‌ കമന്റ്‌ വന്നത്‌. ചിത്രപശ്‌ചാത്തലത്തിലുള്ള ഒരു കുരിശിന്റെ രൂപം ചൂണ്ടിക്കാട്ടി വളരെ അപകീർത്തികരമായാണ്‌ ജിക്‌സ പ്രതികരിച്ചത്‌. "എനിക്ക്‌ നിങ്ങളോടുള്ള ബഹുമാനം തന്നെ നഷ്ടപ്പെട്ടു. ഇതെന്താണ്‌ കാണുന്നത്‌, ഒരു കുരിശ്‌! ഇതെന്താ പള്ളിയാണോ? ക്രിസ്ത്യൻ പള്ളികളിൽ നിങ്ങൾ ഹിന്ദുദൈവങ്ങളെ കാണാറുണ്ടോ? ഇതെല്ലാം നിങ്ങളുടെ കപടനാടകമാണ്!' എന്നായിരുന്നു ജിക്‌സയുടെ കമന്റ്‌.

എന്നാൽ, "നിങ്ങളെപ്പോലുള്ളവരുടെ ബഹുമാനത്തെക്കുറിച്ച്‌ ഞാൻ തൽക്കാലം ആശങ്കപ്പെടുന്നില്ല. താങ്കളുടെ അസുഖത്തിൽനിന്ന്‌ താങ്കൾ വേഗം സുഖം പ്രാപിക്കുമെന്ന്‌ കരുതുന്നു. കാരണം, ചിത്രത്തിലെ സുവർണക്ഷേത്രം നിങ്ങളുടെ കണ്ണിൽപ്പെട്ടില്ല. അതിൽ എനിക്ക്‌ ആശ്‌ചര്യം തോന്നുന്നു. എല്ലാ സിഖ്‌ ദർഗകളിൽനിന്നും ലോകമെമ്പാടുമുള്ള എല്ലാ മതസ്ഥലങ്ങളിൽ നിന്നുമുള്ള അനുഗ്രഹം എനിക്കുണ്ട്. പല മതസൂചകങ്ങളും ഞാൻ തന്നെ വാങ്ങിയതാണ്‌. ചിലത്‌ സമ്മാനംകിട്ടിയതും. എന്റെ വീട് എല്ലാ മതങ്ങളിൽ നിന്നുമുള്ളവരുടെയും  വീടാണ്, ഞങ്ങളുടേത്‌ പൊതുപ്രാർഥനയാണ്‌. ഓരോ മതത്തെയും വിശ്വാസത്തെയും ഞാൻ മാനിക്കുന്നു.

എന്റെ മകനും അത്‌ പിന്തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ ദർഗയിലും ഗുരുദ്വാരയിലും പള്ളിയിലും ഞാൻ പ്രാർഥിക്കാറുണ്ട്‌. ഞാൻ ഒരു ഹിന്ദുവാണെന്ന് അറിഞ്ഞുകൊണ്ട് അവർ എന്നെ അങ്ങേയറ്റം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്‌തിട്ടുണ്ട്‌. എനിക്ക് അത് തള്ളിക്കളയാനാകില്ല. എന്റെ യാത്രകളും അനുഭവങ്ങളും എല്ലാത്തിനെയും സ്‌നേഹിക്കാനാണ്‌ പഠിപ്പിച്ചത്‌'' എന്നായിരുന്നു മാധവൻ നൽകിയ മറുപടി. ഇത്‌ ഏറെ ചർച്ചയായി.
അലൈപായുതേ എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത നടനാണ്‌ മാധവൻ. ശാസ്ത്രജ്ഞൻ നമ്പി നാരായണനായി 'റോക്കറ്റ് - ദി നമ്പി ഇഫക്റ്റ്' എന്ന ബയോപിക് ചിത്രത്തിലാണ്‌ മാധവൻ അഭിനയിക്കുന്നത്‌. ഈ വർഷം അവസാനം  പ്രദർശനത്തിനെത്തും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top