13 November Wednesday
ട്രംപിന്റെ പരിസ്ഥിതിവിരുദ്ധ നിലപാടുകള്‍ക്കെതിരെ ലിയനാര്‍ഡോ ഡി കാപ്രിയോ

പോരിനിറങ്ങാം പരിസ്ഥിതിക്കായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2019

ലിയനാർഡോ ഡി കാപ്രിയോയുടെ ഒറ്റ ട്വീറ്റാണ് കത്തിയെരിഞ്ഞ ആമസോൺ മഴക്കാടുകളുടെ നിലവിളി ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. പാശ്ചാത്യമാധ്യമങ്ങൾ മനഃപൂർവം വിട്ടുകളഞ്ഞ ആമസോൺ കാട്ടുതീയെ ആഗോളപ്രശ്‌നമായി മാറ്റുന്നതിൽ ഹോളിവുഡ് താരത്തിന്റെ രോഷപ്രകടനം വഴിതുറന്നു. "ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുമ്പോൾ നിങ്ങൾ എന്തുചെയ്യുകയാണെ'ന്നായിരുന്നു ഡി കാപ്രിയോ ചോദിച്ചത്. പാരിസ്ഥിതികപ്രശ്‌നങ്ങളോട് കണ്ണടയ്ക്കുന്ന മാധ്യമങ്ങളെയാണ് ഡി കാപ്രിയോ ആദ്യം ലക്ഷ്യമിട്ടതെങ്കിൽ ലോകനേതാക്കളുടെ നിഷ്‌ക്രിയതയെ ചോദ്യംചെയ്യുകയാണ് താരമിപ്പോൾ. ലൊസ് അഞ്ചലസിലെ ആഗോള സിറ്റിസൺ മേളയിലാണ് താരം പരിസ്ഥിതിപ്രശ്‌നം വീണ്ടും ഉന്നയിച്ചത്‌. കാലാവസ്ഥാവ്യതിയാനം നേരിടാൻ ലോകരാഷ്ട്രങ്ങൾ ഒപ്പിട്ട പാരീസ് ഉടമ്പടിയുമായി മുന്നോട്ടുപോകുന്നതിൽ പരാജയപ്പെട്ട ലോകനേതാക്കൾ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായി പരാജയപ്പെട്ടെന്ന് അദ്ദേഹം തുറന്നടിച്ചു. പതിനാറുകാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രക്ഷോഭക ഗ്രേറ്റ ത്യൂൺബർഗിനെ അഭിനന്ദിക്കാനും താരം മറന്നില്ല.

"കഴിഞ്ഞ വെള്ളിയാഴ്ച, യുവജനങ്ങൾ പരിസ്ഥിതിക്കുവേണ്ടി ലോകമെമ്പാടും പ്രക്ഷോഭത്തിനിറങ്ങി. നാം അധിവസിക്കുന്ന ഗ്രഹത്തിന് അനിവാര്യമായ നീതിക്കായി അവർ പ്രക്ഷോഭത്തിനിറങ്ങി. ലോകനേതാക്കളുടെ നിഷ്‌ക്രിയതയ്ക്ക് എതിരെയാണ് അവരുടെ പോരാട്ടം'–-അദ്ദേഹം പറഞ്ഞു.

പാരീസ് ഉടമ്പടിയിൽനിന്ന്‌ ഏകപക്ഷീയമായി പിന്മാറിയ അമേരിക്കൻ പ്രസിഡന്റിനെ പരോക്ഷമായി വിമർശിക്കുന്നതാണ് ഡി കാപ്രിയോയുടെ പരാമർശം. ഗ്രേറ്റ ത്യൂൺബർഗിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തെ ട്രംപ് കളിയാക്കിയതിലുള്ള അസന്തുഷ്ടിയും അദ്ദേഹം പ്രകടിപ്പിച്ചു.

"ചില ലോകനേതാക്കൾ യുവജനങ്ങളുടെ പ്രക്ഷോഭത്തെ മോശം ട്വീറ്റർ പ്രതികരണംകൊണ്ട് നേരിടാമെന്ന് കരുതുന്നു. അവർ സ്വന്തം ലാഭത്തിനും വ്യക്തിപരമായ താൽപ്പര്യത്തിനും മാത്രമേ മുൻഗണന നൽകുന്നുള്ളൂ എന്നാണ് വെളിപ്പെടുന്നത്‌. പരിസ്ഥിതിക്കുവേണ്ടിയുള്ള യുവജനങ്ങളുടെ മുന്നേറ്റമാണ് ഇപ്പോൾ മനുഷ്യരാശിക്ക് അത്യാവശ്യമായ കാര്യം. മറ്റൊന്നുമല്ല-'–-താരം പറഞ്ഞു.

ഓസ്‌കർ പുരസ്‌കാരജേതാവായ ടൈറ്റാനിക് താരം ശക്തമായ രാഷ്ട്രീയനിലപാടുകൊണ്ടാണ് സിനിമയ്‌ക്ക് പുറത്ത് ശ്രദ്ധിക്കപ്പെടുന്നത്. ആഗോള പരിസ്ഥിതി പ്രവർത്തനത്തിന് കൈനിറച്ച് സംഭാവനചെയ്യുന്ന താരം പരിസ്ഥിതിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ നേരിട്ട്
പങ്കെടുക്കാറുമുണ്ട്.


പ്രധാന വാർത്തകൾ
 Top