29 February Saturday

ഇതിനപ്പുറം പരിഷ്കാരമില്ല, കുഞ്ഞച്ചൻ ചേട്ടൻ വരില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ്‌ ചിത്രങ്ങളിലൊന്നായ കോട്ടയം കുഞ്ഞച്ചൻ രണ്ട്‌ വരാത്തതിന്റെ കാരണം തുറന്നുപറഞ്ഞ്‌ സംവിധായകൻ മിഥുൻ മാനുവൽ തോമസ്‌. 1990ൽ ടിഎസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗം മിഥുൻ ഒരുക്കുന്നുവെന്ന പ്രഖ്യാപനം മലയാള സിനിമാ പ്രേമികൾ വലിയ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്‌.  ആട് 2 വിജയാഘോഷ വേളയിൽ വച്ചായിരുന്നു മിഥുന്റെ പ്രഖ്യാപനം. തിരക്കഥ ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ്‌ കുഞ്ഞച്ചൻ രണ്ടിനെ കൈവിട്ടതെന്ന്‌ ഓൺലൈൻ മാധ്യമമായ 'ദ ക്യൂ' വിനോട്‌ മിഥുൻ പറഞ്ഞു.

ആട്‌ രണ്ടിന്‌ ശേഷം ഒരുക്കേണ്ട സിനിമയായിരുന്നു കുഞ്ഞച്ചൻ. വർഷങ്ങൾക്ക് മുമ്പ്‌ അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകർ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന കുഞ്ഞച്ചനെ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവച്ചത്‌.

ജയസൂര്യയെ നായകനാക്കി ഒരുക്കാനിരുന്ന ടർബോ പീറ്റർ എന്ന സിനിമയും ഉപേക്ഷിച്ചതായി മിഥുൻ പറഞ്ഞു.  ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന അഞ്ചാം പാതിരയുടെ സംവിധായകൻ കൂടിയാണ്‌ മിഥുൻ.

മലയാള സിനിമയിലെ മികച്ച ത്രില്ലറുകളിൽ ഒന്ന്‌ എന്നാണ് അഞ്ചാം പാതിരയെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്‌. അടുത്ത സിനിമയും ത്രില്ലറായിരിക്കുമെന്ന്‌ മിഥുൻ മനസ്സ്‌ തുറന്നു. ആട്‌ മൂന്നും ഉടൻ ആരംഭിക്കും. ആട്‌, ആട്‌ രണ്ട്‌ എന്നിവയിൽനിന്നും തികച്ചും വ്യത്യസ്‌തമായ പശ്‌ചാത്തലത്തിലായിരിക്കും ആട്‌ മൂന്ന്‌. അഞ്ചാം പാതിരയ്ക്ക് പിന്നാലെ മറ്റൊരു ത്രില്ലർ ചിത്രം കൂടി ഒരുക്കാൻ പ്ലാനുണ്ടെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു. ആക്‌ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ ആയിരിക്കും അതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ആക്‌ഷൻ ത്രില്ലറിനൊപ്പം തന്നെ ആട് 3ഉം ഉടൻ തന്നെയുണ്ടാകും.

ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു മേക്കിങ് ആയിരിക്കും ആട് മൂന്നാം ഭാഗത്തിനുണ്ടാവുകയെന്നും സംവിധായകൻ അറിയിച്ചു. നിവിൻ പോളി നായകനായ ഓംശാന്തി ഓശാനക്ക്‌ തിരക്കഥയൊരുക്കിയാണ്‌ മിഥുൻ സിനിമാരംഗത്ത്‌ എത്തുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top