23 February Saturday

കൂടെ പോരുന്ന 'കൂടെ'

അനശ്വര കൊരട്ടിസ്വരൂപംUpdated: Sunday Jul 15, 2018

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

തിരുവനന്തപുരം കാർണിവൽ തീയറ്റർ ആണ് രംഗം. കൂടെ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ നടക്കുന്നു. സ്ക്രീനിൽ സംവിധാനം അഞ്ജലി മേനോൻ എന്ന് എഴുതി കാണിക്കുമ്പോൾ കാണികളുടെ ഇടയിൽ നിന്നും ഉയരുന്ന നിറഞ്ഞ കയ്യടി. അതെ ബാംഗ്ലൂർ ഡെയ്സും മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും മലയാളികൾക്ക് തന്ന ഉറപ്പാണ് അഞ്ജലി മേനോൻ എന്ന സംവിധായിക.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത് പാർവതി, പൃഥ്വിരാജ്, നസ്രിയ, രഞ്ജിത്ത്, മാലപാർവ്വതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് കൂടെ. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളും ശരിയും തെറ്റും ഏതെന്നു കാണുന്ന വീക്ഷണവും ജീവിതത്തെ എങ്ങിനെ മാറ്റുന്നു എന്നുമാണ് ചിത്രം പറയുന്നത്.. ജീവിതത്തൽ ഒറ്റപ്പെട്ടുപോകുന്നത് ചിലപ്പോൾ നമ്മുടെ തീരുമാനങ്ങൾ കൊണ്ടാവാം അല്ലെങ്കിൽ ചിലപ്പോൾ യാദൃശ്ചികതയാവാം. പക്ഷെ ഒറ്റപ്പെട്ടുപോകുന്ന ഓരോ മനുഷ്യനും ഒരു കൂട്ട് എവിടെയോ ഉണ്ട് എന്നും.അത് കണ്ടെത്തുക എന്നതാണ് പ്രധാനം എന്നുമാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. ഗൾഫിൽ ക്ളീനിംഗ് ജോലി ചെയ്യുന്ന ജോഷ്വ(പൃഥ്വിരാജ്)യിലൂടെ ആണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്.

ജോലി സ്ഥലത്തേക്ക് വരുന്ന ഒരു ഫോൺകോളിനെ തുടർന്ന് നാട്ടിലെത്തുന്ന ജോഷ്വ എത്തുന്നത് ഒരു സെമിത്തേരിയയിലേക്കാണ്. ആരാണ് മരിച്ചത് എന്നോ അത് ജോഷ്വായുടെ ആരാണ് എന്നോ കാണിക്കുന്നില്ല. പതിനഞ്ചാം വയസിൽ കുടുംബം നോക്കാൻ ഗൾഫിലേക്ക് പോയ ഒരാളാണ് ജോഷ്വാ. പിന്നീട് നാലുകൊല്ലത്തിനൊരിക്കൽ വീട്ടിൽ വന്നുപോകുന്ന അദ്ദേഹം തീർത്തും ഒറ്റപ്പെട്ട ഒരു ജീവിതമാണ് നയിക്കുന്നത്. ഫോൺ ചെയ്യാനോ വിശേഷങ്ങൾ കൈമാറാനോ സുഹൃത്തുക്കൾ ഇല്ല. ചെറുപ്പത്തിലേ ഒരു ബന്ധുവിന്റെ കൂടെ തന്നെ ദൂരത്തേക്ക് അയച്ചതിനാൽ അച്ഛനോടും അമ്മയോടു ദേഷ്യവുമാണ്. തന്നെ കാശുണ്ടാക്കുന്ന ഒരു യന്ത്രമായാണ് അവർ പരിഗണിക്കുന്നത് എന്നാണ് ജോഷ്വ വിശ്വസിക്കുന്നത്. അതോടൊപ്പം ഗൾഫിലേക്ക് കൊണ്ടുപോകുന്ന ബന്ധു ജോഷ്വയെ ലൈംഗികമായി ഉപയോഗിക്കുന്നുണ്ട്.

ഈ പീഡനങ്ങൾ ഒക്കെ സഹിക്കാൻ അവനെ നിര്ബന്ധിതമാക്കിയത് തന്റെ കുടുംബമാണ് എന്നുള്ളതിനാൽ അവൻ ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടവനാണ്. നാട്ടിൽ നടക്കുന്ന ഈ മരണം ജോഷ്വായുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ആണ് സിനിമയുടെ പ്രമേയം. അവന്റെ ജീവിതത്തിന്റെ ഭാഗമാകുന്ന ജെന്നിഫറിന്റെയും (നസ്രിയ) സോഫിയുടെയും (പാർവതി) കഥകൂടിയാണ് കൂടെ. ഹാപ്പി ജേർണി എന്ന കന്നഡ ചിത്രത്തിന്റെ മലയാളത്തിൽ ഉള്ള റീമേക്കാണ് കൂടെ. സച്ചിൻ കുണ്ഡൽക്കർ ആണ് ചിത്രത്തിന്റെ കഥ എഴുതിയത്. എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേർന്നാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മനോഹരങ്ങളായ നാല് പാട്ടുകൾ ആണ് ഉള്ളത്. പ്രവീൺ പ്രഭാകർ ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ അഭിനയശേഷി വേണ്ട വിധം പ്രയോജനപ്പെടുത്തിയ സംവിധായകർ മലയാളത്തിൽ കുറവാണ്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറാൻ ജോഷ്വക്ക് സാധിച്ചു. നസ്രിയയുടെ നാലുവര്‍ഷത്തിന് ശേഷമുള്ള വരവ് ഒട്ടും മോശമാക്കിയതുമില്ല. പാർവതിയുടെ സോഫി സിനിമയിൽ കുറച്ചു നേരമേ ഉള്ളൂ എങ്കിലും ഇരുത്തം വന്ന അഭിനയം കൊണ്ട് ശ്രദ്ധേയമായി. രഞ്ജിത്തിന്റെ ആലോഷിയും മാല പാർവതിയുടെ ലില്ലിയും എല്ലാം മികച്ച കഥാപാത്രങ്ങൾ ആയി. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരുടെ സംഘർഷങ്ങളുടെ കഥകൂടെയാണ് കൂടെ. ടൈറ്റിൽ കാർഡിൽ തെളിയുന്ന പോലെ ഒരു വൃത്തത്തിൽ ഒടുങ്ങുന്ന കൊച്ചു ജീവിതത്തിൽ നാം എന്തിന് വേണ്ടി ജീവിച്ചു എന്നത് ഏറെ പ്രധാനമാണ്. നസ്രിയയുടെ കഥാപാത്രം ചോദിക്കുന്ന പോലെ ജോഷ്വ വീടിനുവേണ്ടി ചെയുന്നത് കടമയാണോ അതോ സ്നേഹമാണോ എന്ന ചോദ്യമാണ് നാം ജീവിതത്തോടും ചോദിക്കേണ്ടത്.

നമ്മുടെ ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ നാം.എങ്ങനെ വിലയിരുത്തുന്നു എന്നതിന് അനുസരിച്ചാണ് ജീവിതത്തിലെ സങ്കീർണതകൾ രൂപപ്പെടുന്നത്. ഒരു മരണം നമ്മുടെ ജീവിതത്തിൽ ശൂന്യതയാണ് നിറയ്ക്കുക എന്നാണ് പറയുക. എന്നാൽ ചിലപ്പോളെങ്കിലും ചില മരണങ്ങൾ നമ്മുടെ ഉള്‍കാഴ്‌‌ചയെ തന്നെ മാറ്റുന്ന നമ്മെ സ്വയം പരിവർത്തനത്തിന് വിധേയമാക്കാറുണ്ട്. അത്തരം ഒരു ദൃശ്യാനുഭവമാണ് കൂടെ സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ ഒറ്റ കാഴ്ച്ചയിൽ നിങ്ങൾക്ക് കണ്ടു തീർക്കാൻ സാധിക്കുന്ന ഒന്നല്ല ഈ സിനിമ.

സിനിമകഴിഞ്ഞിറങ്ങുമ്പോൾ ജോഷ്വായുടെ നിസ്സഹായമായ ജീവിതവും സോഫിയുടെ പ്രണയവും ജെനിയുടെ കുറുമ്പും നിങ്ങൾക്കൊപ്പം സഞ്ചരിക്കും. സിനിമ എന്നത് എന്റർടൈന്മെന്റ് മാത്രമെന്ന് കരുതുന്നവർ ദയവായി ക്ഷമിക്കുക. കൂടെ നിങ്ങൾക്കുള്ളതല്ല. സിനിമയെന്നത് നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്ന ഒന്നാകുമ്പോൾ അത് നിങ്ങളുടെ ജീവിതത്തെ പരിഷ്കരിക്കാൻ ഉതകുന്നതാകുമ്പോൾ ആണ് അത് ഒരു കലാരൂപം എന്ന നിലയിൽ പൂർണമാകുന്നത്. അത്തരത്തിൽ ഒരു പൂര്‍ണതയാണ് കൂടെ.

ഈ ചിത്രത്തിന്റെ ക്യാമറയെ കുറിച്ച് പറയാതെ ഒരു റിവ്യൂ അവസാനിപ്പിക്കാൻ സാധിക്കില്ല. പറവ എന്ന ചിത്രത്തിന്റെ ചടുലതയാർന്ന ക്യാമറ നിർവഹിച്ച ലിറ്റിൽ സ്വയംപ് ആണ് കൂടെയുടെയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വളരെ പതിഞ്ഞു മറ്റൊരാളെ ശല്യപ്പെടുത്താതെ യാതൊരു ശബ്ദങ്ങളും ഇല്ലാതെ ഒഴുകുന്ന ഒരു ഉറവയാണ് കൂടെ എന്ന സിനിമ. അത്രതന്നെ നിശ്ശബ്ദമാണ് ചിത്രത്തിൽ ക്യാമറയും. ഫ്രെയിമുകളുടെ മനോഹാരിതക്കു അപ്പുറമാണ് കഥാപാത്രങ്ങളുടെ നിറവും നരപ്പും അടയാളപ്പെടുത്തുന്ന ക്യാമറ. പൃഥിക്കും പാർവതിക്കും നസ്രിയയ്ക്കും ഒപ്പം ക്യാമറയും ഈ ചിത്രത്തിലെ ഒരു കഥാപാത്രമാകുന്നത് ഇങ്ങനെയാണ്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top