19 August Monday

'കീ': കമ്പ്യൂട്ടര്‍ ഹാക്കിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍-video

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്ന പുതിയ സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമാണ് 'കീ'. മലയാളിയായ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. നായകന്‍ ജീവ കമ്പ്യൂട്ടര്‍ ഹാക്കറായ കോളേജ് വിദ്യാര്‍ഥി കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടര്‍ ഹാക്കര്‍ കഥാപാത്രം തന്നെ. ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന പോരാട്ടത്തിലൂടെയാണ് 'കീ' യുടെ കഥ വികസിയ്ക്കുന്നത്. തന്റെ സിനിമയെക്കുറിച്ച് സംവിധായകന്‍ കാലീസ് പറയുന്നു;

  'ഇന്ന് ജീവിതത്തില്‍  സെക്‌സ് എഡ്യുക്കേഷന്‍ എത്രത്തോളം അത്യന്താപേക്ഷിതമാണോ അതുപോലെ തന്നെ കമ്പ്യൂട്ടര്‍ എഡ്യുക്കേഷനും അത്യന്താപേക്ഷിതമാണെന്ന സന്ദേശം സമൂഹത്തിനു നല്‍കുന്ന സിനിമയാണിത്. ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നു അല്ലെങ്കില്‍ കൊല ചെയ്യപ്പെടുന്നുവെങ്കില്‍ പ്രേമം  മാത്രമല്ല  അതിനു കാരണമായി ഭവിയ്ക്കുന്നത് .

കമ്പ്യൂട്ടറും കൂടിയാവാം, നമ്മുടെ വീടുകളില്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയുടെ സ്ഥാനം കിടപ്പുമുറി(ബെഡ് റൂം)കളിലാവരുത് സ്വീകരണമുറി(ഹാള്‍)കളിലായിരിക്കണം  . കിടപ്പു മുറിയും സ്വീകരണ മുറിയും തമ്മിലുള്ള അകലം കേവലം പത്തു മീറ്റര്‍ മാത്രമായിരിക്കും. ഈ പത്തു മീറ്റര്‍ അകലത്തിലാണ് ജീവിതത്തില്‍ പല അപകടങ്ങളും പതിയിരിക്കുന്നത് എന്ന സന്ദേശമാണ് ചിത്രത്തിലൂടെ നല്‍കുന്നത്.

 'കീ' യെ വെറും സയന്‍സ് ഫിക്ഷന്‍ സൈക്കോളജിക്കല്‍ സിനിമ മാത്രമല്ലാതെ കളി തമാശയും, പ്രണയവും,ആക്ഷനും, സസ്‌പെന്‍സുമൊക്കെ ഉള്ള രസകരമായ എന്റര്‍ടെയിനറായി അവതരിപ്പിക്കയാണ്. സമൂഹത്തിലെ ഗുരുതരമായ  ഒരു പ്രശ്‌നത്തിനുള്ള  സന്ദേശം കൂടിയാവുകയാണീ ചിത്രം.

 നിക്കി ഗില്‍റാണിയാണ് 'കീ'യില്‍ ജീവയുടെ നായിക.അനൈകാ ബോട്ടില്‍, സുഹാസിനി, ആര്‍.ജെ.ബാലാജി,മനോബാല,പ്രശസ്ത തെലുങ്ക് നടന്‍ രാജേന്ദ്രപ്രസാദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്നു.

ഗ്ലോബല്‍ ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ മൈക്കിള്‍ രായപ്പന്‍ നിര്‍മ്മിച്ച 'കീ' ശിവഗിരി ഫിലിംസ് ഏപ്രിലില്‍ 12 ന്  കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു


 


പ്രധാന വാർത്തകൾ
 Top