തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി അണിയറയിൽ ഉടൻ തയ്യാറാകുന്നത് രണ്ട് ചിത്രം. ഒന്നിൽ കങ്കണ റാവത്തും മറ്റൊന്നിൽ നിത്യാമേനോനുമാണ് ജയലളിതയാകുന്നത്. അമ്മയുടെ ജീവിതത്തോട് കിടപിടിക്കുന്ന താരമാരായിരിക്കുമെന്ന ചർച്ചയിലാണ് തമിഴ് ആരാധകർ.
കങ്കണാ നായികയാകുന്ന എ എല്‍ വിജയ് ഒരുക്കുന്ന ബയോപികിന് തമിഴിൽ ‘തലൈവി’ എന്നും ഹിന്ദിയിൽ ‘ജയ’ എന്നുമാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ എം ജി ആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. ബാഹുബലിക്കും മണികര്‍ണികയ്ക്കും ശേഷം കെആര്‍ വിജയേന്ദ്ര പ്രസാദാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
നിത്യാമേനോൻ ജയയാകുന്ന സിനിമയ്ക്ക് ‘ദി അയണ്‍ ലേഡി' എന്നാണ് പേര്. സംവിധായകന് മിഷ്കിന്റെ അസോസിയറ്റ് ആയിരുന്ന പ്രിയദര്‍ശിനിയാണ് സംവിധാനം.
വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിങ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്.
ജയലളിത ജീവിച്ചിരിക്കുമ്പോൾ തന്നെ മുതിര്‍ന്ന സംവിധായകന് ഭാരതിരാജ, അവരുടെ ജീവചരിത്ര സിനിമ പ്രഖ്യാപിച്ചിരുന്നു. ‘അമ്മ: പുരട്ചി തലൈവി' എന്നു പേരിട്ട സിനിമയിൽ അനുഷ്കാ ഷെട്ടിയോ ഐശ്വര്യാ റായിയോ ജയലളിതയാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.