20 April Saturday

24 കോടി വാങ്ങി ‘തലൈവി’

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേഷംചെയ്യാൻ ബോളിവുഡ് നടി കങ്കണ റണൗത് പ്രതിഫലമായി വാങ്ങുന്നത് 24 കോടി രൂപയെന്ന് റിപ്പോർട്ട്. തമിഴ‌്, ഹിന്ദി ഭാഷകളിലാണ‌് സിനിമ പുറത്തിറങ്ങുക. പിറന്നാൾ ദിവസം സിനിമയ‌്ക്കായി കങ്കണ കരാറിൽ ഒപ്പിട്ടു. തമിഴ‌ിൽ തലൈവി എന്നും ഹിന്ദിയിൽ ജയ എന്നുമാണ‌് സിനിമയുടെ പേര‌്.

പ്രതിഫലം സംബന്ധിച്ച‌് പുറത്തുവരുന്ന വാർത്തകൾ യാഥാർഥ്യമാണെങ്കിൽ ഒരു ബോളിവുഡ്‍ നടിക്ക് ഒരു സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാകും ഇത്. ദിയ(കരു), ലക്ഷ‌്മി എന്നീ സൂപ്പർഹിറ്റുകൾക്കുശേഷം വിജയ‌് സംവിധാനംചെയ്യുന്ന ചിത്രത്തിന‌് കെ വി വിജയേന്ദ്ര പ്രസാദ‌് ആണ‌് തിരക്കഥ. ഷൂട്ടിങ‌് ഉടനെ ആരംഭിക്കും. പ്രതിഫല വിഷയത്തിൽ കങ്കണ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബോളിവുഡ‌് സൂപ്പർ താരങ്ങളായ വിദ്യാ ബാലൻ, ഐശ്വര്യ റായ്‍ എന്നിവരെ ജയലളിതയുടെ വേഷം ചെയ്യാൻ പരിഗണിച്ചിരുന്നെങ്കിലും ഇരുവരും പിന്മാറുകയായിരുന്നു.

സഞ‌്ജയ‌് ലീല  ബൻസാലിയുടെ പത്മാവതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുകോൺ 13 കോടിരൂപ പ്രതിഫലം വാങ്ങിയത‌് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സിനിമയിലെ നായകനടൻമാരായ രൺവീർ സിങ്ങും ഷാഹിദ‌് കപൂറും 10 കോടിരൂപ വീതമാണ‌് പ്രതിഫലം വാങ്ങിയത‌്. വീരേ ദി വെഡ്ഡിങ്ങിന്റെ ഉജ്വലവിജയത്തിന‌് പിന്നാലെ കരീന കപൂർ ഖാൻ പ്രതിഫലം 10 കോടി രൂപയാക്കി ഉയർത്തിയിരുന്നു.

ഇതിനിടെ മിഷ‌്കിന്റെ സഹായിയായിരുന്ന എ പ്രിയദർശിനി സ്വതന്ത്ര സംവിധായികയാകുന്ന ജയലളിതയുടെ ജീവചരിത്രസിനിമയും അണിയറയിലുണ്ട‌്. അയൺലേഡി എന്നുപേരിട്ട ചിത്രത്തിൽ നിത്യാമേനോനാണ‌് തലൈവിയായെത്തുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top