25 March Monday

പൊറിഞ്ചു മറിയം ജോസ‌് അഥവാ ജോജു

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

സൂപ്പർഹിറ്റ‌് ചിത്രങ്ങളുടെ സംവിധായകൻ ജോഷി നാലുവർഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും എത്തുന്നു, നായകൻ ജോജു ജോർജ‌്. പൊറിഞ്ചു മറിയം ജോസ‌് എന്നു പേരിട്ട ചിത്രത്തിൽ നൈല ഉഷയും ചെമ്പൻ വിനോദും മുഖ്യകഥാപാത്രങ്ങളാകുന്നു. ജോജുവിന‌് നായികയായി മഞ‌്ജു വാര്യർ എത്തുമെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ. തൃശൂർ ആസ‌്പദമായി നടക്കുന്ന ത്രില്ലർ ചിത്രമായിരിക്കുമിത‌്. അഭിലാഷ‌് എൻ ചന്ദ്രനാണ‌് തിരക്കഥ.

1995ൽ മഴവിൽക്കൂടാരം എന്ന ചിത്രത്തിൽ സഹതാരമായാണ‌് ജോജു സിനിമയിലെത്തിയത‌്. പിന്നീട‌് ഒരുപാട‌് ചിത്രങ്ങളിൽ പേരുപോലുമില്ലാത്തതും പേരുള്ളതുമായ നിരവധി ചെറുകഥാപാത്രങ്ങൾ ചെയ‌്തു. പതുക്കെ വില്ലൻ വേഷത്തിലേക്കും കടന്നു. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ചിത്രത്തിലൂടെ ഹാസ്യതാരമായി സ്ഥാനക്കയറ്റം. രാജാധിരാജയിലെ അയ്യപ്പൻ കഥാപാത്രവും വൻ ഹിറ്റായി. ആക്ഷൻ ഹീറോ ബിജുവിലെ വേഷം ഏവർക്കും പ്രിയങ്കരമായി.

രാമന്റെ ഏദൻതോട്ടത്തിലെ എൽവിസ‌് എന്ന കഥാപാത്രത്തിലൂടെ ജോജുവിന്റെ ക്ലാസ‌് പ്രകടനത്തിനാണ‌് പ്രേക്ഷകർ സാക്ഷിയായത‌്. ഒറ്റയ‌്ക്കൊരു ചിത്രം വിജയിപ്പിക്കാനുള്ള ത്രാണി തനിക്കുണ്ടെന്ന‌് ആ പ്രകടനം വിളിച്ചോതി. ഇതിനിടെ സിനിമാ നിർമാണത്തിലേക്കും കടന്നു, ചാർളി, ഉദാഹരണം സുജാതപോലുള്ളവ വൻ വിജയമായി. എം പത്മകുമാറിന്റെ ജോസ‌ഫ‌് എന്ന ചിത്രവുമായി കഴിഞ്ഞവർഷം വൻ തിരിച്ചുവരവാണ‌് ജോജു നടത്തിയത‌്. ജോജു നിർമാണപങ്കാളികൂടിയായ ചിത്രം അദ്ദേഹത്തിന്റെ കരിയർതന്നെ മാറ്റിമറിച്ചു. അതിഗംഭീര പ്രകടനത്തിൽ ജോസഫെന്ന നായകനായി ജീവിച്ചുകാട്ടി ജോജു. സൂപ്പർഹിറ്റായ ജോസഫിനു പിന്നാലെ ഈവർഷമിറങ്ങിയ ജൂൺ എന്ന ചിത്രത്തിൽ നായിക രജിഷ വിജയന്റെ അച്ഛനായി മിന്നുന്ന പ്രകടനമാണ‌് ജോജു കാഴ‌്ചവച്ചത‌്.


പ്രധാന വാർത്തകൾ
 Top