27 September Sunday

ആദ്യ സിനിമയ്‌ക്ക്‌ സുവർണ ചകോരം

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

പഴമയിൽനിന്ന്‌ ആധുനികതയിലേക്കുള്ള പരാവർത്തനം സൃഷ്‌ടിക്കുന്ന ആത്മസംഘർഷങ്ങളെ ക്യാമറയിൽ ഒപ്പിയെടുത്താണ്‌ ജോ ഒഡഗിരി കേരള രാജ്യാന്തര ചലച്ചിത്രമേളയിൽമികച്ച ചിത്രത്തിനുള്ള സുവർണ ചകോരം സ്വന്തമാക്കിയത്‌. ജപ്പാനിലെ  പ്രശസ്‌ത നടനാണെങ്കിലും ആദ്യമായി സംവിധാനംചെയ്‌ത  ചിത്രത്തിലെ അസാമാന്യ കൈയടക്കത്തിനുകൂടിയാണ്‌ ഈ അംഗീകാരം.

സമയവും കാലത്തിന്റെ മാറ്റവുമാണ് ‘ദെ സേ നതിങ് സ്‌റ്റെയ്‌സ്‌ ദ സെയിം’ എന്ന സിനിമയുടെ പ്രധാന തീമുകൾ. പാലം വരുമ്പോൾ തന്റെ പണി ഇല്ലാതാകുമെന്ന കടത്തുകാരന്റെ ഉൽക്കണ്‌ഠയെയും ആത്മസംഘർഷങ്ങളെയുമാണ്‌ സംവിധായകൻ സൂക്ഷ്‌മമായി പിന്തുടർന്നത്‌.  പാലത്തിന്റെ നിർമാണം പൂർത്തിയായാൽ തോണിയും ബോട്ടും ആർക്കും പ്രയോജനപ്പെടില്ല. എന്നാലും ഗ്രാമീണരുടെ ജീവിതം വളരെ എളുപ്പമാക്കുമെന്നതിനാൽ അദ്ദേഹം സന്തുഷ്ടനാണ്.


 

മറ്റുള്ളവർ പാലത്തെ സ്വീകരിക്കാനൊരുങ്ങുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ടോയ്‌ചി.  ഒരു പെൺകുട്ടി, ടോയ്‌ചിയുടെ ജീവിതത്തിലേക്ക്‌ കടന്നുവരുമ്പോൾ  ടോയ്‌ചിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന വഴിത്തിരിവുകളെയും സിനിമ ദൃശ്യമികവോടെ അവതരിപ്പിക്കുന്നു. ക്രിസ്റ്റഫർ ഡോയലിന്റെ ഛായാഗ്രഹണമാണ്‌ ചിത്രത്തെ ആകർഷകമാക്കുന്ന പ്രധാന ഘടകം. ആദ്യസംവിധാനത്തിന്‌ തന്നെ കേരളത്തിൽനിന്ന്‌ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌   ജോ ഒഡഗിരി പറഞ്ഞു.

ഗോവൻ മേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ്‌ പെല്ലിശേരിയുടെ ജല്ലിക്കട്ടിന്‌ മേളയിൽ പ്രേക്ഷകപുരസ്‌കാരം ലഭിച്ചതും മലയാളത്തിന്‌ അഭിമാനമായി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top