05 April Sunday

ഇടവേള കഴിഞ്ഞു ; ജെന്നിഫർ ലോറൻസ് തിരിച്ചുവരവിന് ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

വിവാഹം കഴിഞ്ഞാലൊരിടവേള ബോളിവുഡ് നായികമാർക്ക് മാത്രമല്ല, അങ്ങ് ഹോളിവുഡിലുമുണ്ട്. ഓസ്‌കർ പുരസ്‌കാരജേത്രിയായ നടി ജെന്നിഫർ ലോറൻസ് സിനിമയിൽനിന്ന് വിട്ടുനിന്നിട്ട് ഒരുവർഷത്തിലേറെയായി. ലോകത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയായിരുന്ന താരം വിവാഹത്തോടെയാണ് അഭിനയത്തിന് അവധികൊടുത്തത്. നെറ്റ്ഫ്ലിക്സിന്റെ  കോമഡി ചിത്രത്തിലൂടെയാണ്‌ ഹോളിവുഡിൽ തിരിച്ചുവരവിന് ഒരുങ്ങുന്നത്‌. കോമഡി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ആദം മക്‌കെയാണ് തിരിച്ചുവരവ് ചിത്രം ഒരുക്കുന്നത്. ഭൂമി ലക്ഷ്യമാക്കി പാഞ്ഞുവന്നുകൊണ്ടിരിക്കുന്ന ഉൽക്കയിൽനിന്ന്‌ ലോകത്തെ രക്ഷിക്കുന്ന ശാസ്ത്രജ്ഞയുടെ വേഷമാണ് താരത്തിന്. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.

ഗ്ലാഡ്‌സ്റ്റൺ ആർട്ട്‌ ഗ്യാലറി മേധാവിയായ കൂക്ക് മാറോണിയും ജെന്നിഫറുംതമ്മിൽ പോയ വർഷമാണ് വിവാഹിതരായത്. അമേരിക്കയിൽ ഹിറ്റായ എക്‌സ്-മെൻ പരമ്പര, ഹംഗർഗെയിംസ് പരമ്പര എന്നിവയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ആക്‌ഷൻതാരം എന്ന നിലയിലും അമേരിക്കൻ യുവത്വത്തിന്റെ ശ്രദ്ധനേടി.

2015–--16 കാലയളവിൽ ഹോളിവുഡിലെ ഏറ്റവും പ്രതിഫലംപറ്റുന്ന താരമായി മാറി. ഡേവിഡ് ഒ റസ്സലിന്റെ സിൽവർ ലൈനിങ് പ്ലേബുക്കിലൂടെ മികച്ച നടിക്കുള്ള ഓസ്‌കർ നേടി. ഡാരൻ അഫ്രോസ്‌കിയുടെ മദർ എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധേയം. മൂന്ന് തവണ ഓസ്‌കർ നാമനിർദേശം ലഭിച്ചിട്ടുണ്ട്. വെള്ളിത്തിരയ്‌ക്ക് പുറത്ത് ശക്തമായ നിലപാടുള്ള താരമാണ് ജെന്നിഫർ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകൾക്കെതിരെ ശക്തമായി പൊതുവേദികളിൽ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയിലെ  ശക്തയായ വനിതാവകാശപ്രവർത്തക കൂടിയാണ് താരം.


പ്രധാന വാർത്തകൾ
 Top