25 July Sunday

'ജല്ലിക്കട്ട്‌ സമ്മാനിക്കുന്നത്‌ ഒരു ഞെട്ടലാണ്‌'; ലിജോ മാജിക്കിന് ടൊറന്റോയിലും കയ്യടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

‌‌‌ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ജല്ലിക്കട്ടി’ന് വിഖ്യാതമായ ടൊറന്റോ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ അമ്പരപ്പിക്കുന്ന പ്രതികരണം. സമകാലീന ലോക സിനിമാ വിഭാഗത്തില്‍ മത്സരിച്ച ജല്ലിക്കട്ട് അമ്പരപ്പിക്കുന്ന അനുഭവമെന്ന് നിരവധി പ്രേക്ഷകര്‍ ട്വീറ്റ് ചെയ്യുന്നു. ചിത്രത്തിന്റെ ആദ്യ സ്‌ക്രീനിങ്ങായിരുന്നു ഇന്നലെ ടൊറന്റോയില്‍ നടന്നത്.

ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ജല്ലിക്കട്ട്‌ പ്രീമിയർ കണ്ടതിനു ശേഷം ആഷിഷ്‌ തോമസ്‌ എഴുതിയത്‌:

പ്രിയ സുഹൃത്തുക്കളേ, ജല്ലിക്കട്ട്‌ പോലെ ഒരു സിനിമയ്ക്ക് റിവ്യൂ എഴുതാൻ ഞാൻ ആളല്ല. മലയാള സിനിമയ്ക്ക് തീരെ പരിചിതമല്ലാത്ത, നമ്മൾ ഇതുവരെ കണ്ട് ശീലമില്ലാത്ത ഹെവി മേക്കിങ് ആണ് ജല്ലിക്കട്ടിൽ കാണാൻ സാധിക്കുന്നത്. ഞാൻ സിനിമയ്ക്ക് ആസ്പദമായ ഹരീഷേട്ടന്റെ ചെറുകഥ നേരത്തെ വായിച്ചിരുന്നില്ല, അതുകൊണ്ടു തന്നെ സിനിമയുടെ പേര് തന്ന ഒരു മുൻവിധി മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.

പക്ഷെ ആ മുൻവിധിയെ അപ്പാടെ മാറ്റി മറിച്ചൊരു സിനിമ അനുഭവം ആയിരുന്നു ജല്ലിക്കട്ട്‌ നൽകിയത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അന്തരം വളരെ ചെറുതാണെന്ന്, അഥവാ മനുഷ്യന്റെ ഉള്ളിലുള്ള മൃഗീയത അതിഭീകരമാണെന്ന് കാണിച്ചു തരുന്നതാണ് സിനിമയുടെ പ്ലോട്ട് എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. ജല്ലിക്കട്ട്‌ എന്ന പേര് സിനിമയ്ക്ക് അനുയോജ്യം തന്നെയാണ് പക്ഷെ കഥാ പശ്ചാത്തലം വിശദീകരിച്ചു സിനിമയ്ക്ക് വെയിറ്റ് ചെയ്യുന്നവരുടെ ആകാംഷ കളയുന്നത് ശരിയല്ലല്ലോ

നമ്മുടെ നാട്ടിലെ സദാചാര പൊള്ളത്തരങ്ങൾക്കും, സ്വാർത്ഥതയ്ക്കും, എന്തിന്, ഉടായിപ്പ് നാടൻ വൈദ്യത്തിനിട്ടു വരെ കണക്കിന് വിമർശനം ഉന്നയിക്കുന്നുണ്ട് ലിജോയും, എസ് ഹരീഷും. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങും എക്സ്ട്രാ ഓർഡിനറിയാണ്. സിനിമയ്ക്ക് ശേഷം ഇവിടെ ഉള്ളവർ ‘Master of chaos’ എന്നാണ് ലിജോയെ വിശേഷിപ്പിച്ചത്. ഇവിടെ കണ്ടതുപോലെ ആവില്ല നാട്ടിൽ ഇറങ്ങാൻ പോവുന്ന സിനിമ എന്ന് എനിക്കുറപ്പാണ്.

നമ്മൾ വിശദമായി ആസ്വദിക്കുന്ന, മനസ്സിലാക്കുന്ന റിവ്യൂ പോലെ ഒന്ന് എനിക്ക് ഈ സിനിമയ്ക്ക് വേണ്ടി, സിനിമ കണ്ടു കഴിഞ്ഞയുടനെ തയ്യാറാക്കാൻ എന്തുകൊണ്ടോ
സാധിക്കുന്നില്ല, സദയം ക്ഷമിക്കുക. അതിനു കാരണം സിനിമ സമ്മാനിക്കുന്ന ഞെട്ടലാണ്. അതുപോലെ ഒരു ഞെട്ടൽ പലർക്കും ജല്ലിക്കട്ട്‌ കണ്ടു കഴിയുമ്പോൾ തോന്നും എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ ആർക്കെങ്കിലും കഴിഞ്ഞാൽ അവരോടുള്ള മുൻ‌കൂർ ബഹുമാനം അറിയിക്കട്ടെ. ഒരു കാര്യം പറയാനുള്ളത്, അങ്കമാലി ഡയറീസ് പോലെ, അല്ലെങ്കിൽ ഒരു എന്റെർറ്റൈനെർ ആണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ആ വഴിക്ക് പോവരുത്. എന്നാൽ an extraordinary film making ആണ് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ get ready for jellikkettu.

രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഇമയൗ എന്ന സിനിമയ്ക്ക് ശേഷം പുറത്തുവരുന്ന ലിജോ പെല്ലിശേരി ചിത്രവുമാണ് ജെല്ലിക്കട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ജെല്ലിക്കെട്ടിലെ പ്രധാന കഥാപാത്രങ്ങള്‍. തോമസ് പണിക്കര്‍ക്കൊപ്പം ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം. 91 മിനുട്ട് ആണ് സിനിമയുടെ ദൈര്‍ഘ്യം. 108 ലോക സിനിമകളാണ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്ളത്. ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ഒക്്ടോബറോടെ സിനിമ തിയറ്ററുകളിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top