18 September Wednesday

എല്ലാമറിഞ്ഞ‌്, അറിയാതെ അമ്പിളിമുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

നവരസങ്ങൾ ഏറെ വിരിഞ്ഞ ആ മുഖത്ത്  നിർവികാരത മാത്രം. മീശമാധവനിലെ കണികാണിക്കലും കിലുക്കത്തിലെ ഹിറ്റ‌് രംഗങ്ങളുമെല്ലാം സ്ക്രീനിൽ തെളിയുമ്പോൾ മുഖത്ത് ഭാവമാറ്റമില്ലെങ്കിലും ഇടതുകൈ ഒന്നുചലിപ്പിച്ചു. എല്ലാമറിയുന്നുണ്ടെങ്കിലും ഒന്നുമറിയാതെ അമ്പിളിമുഖത്ത് നേരിയ ചിരിമാത്രം. 2019 ലെ വി സി പത്മനാഭൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങാനാണ് മലയാളത്തിന്റെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാർ തൃശൂരിലെത്തിയത്. പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ ജഗതിക്ക് ലഭിച്ചത് സാംസ്കാരിക നഗരിയുടെ സ്നേഹാദരം.

ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ചേർന്ന ചടങ്ങിലേക്ക് വീൽചെയറിൽ ജഗതിയെ  എത്തിച്ചപ്പോൾത്തന്നെ ജനം നിറഞ്ഞ കൈയടിയോടെ വരവേറ്റു.  ഉദ്ഘാടന ചടങ്ങിൽ മനുഷ്യാവകാശ കമീഷൻ ചെയർമാൻ  ജസ്റ്റിസ്  ആന്റണി ഡൊമിനിക്  ഉൾപ്പെടെയുള്ളവർ വിളക്ക് തെളിയിക്കുമ്പോൾ ജഗതിയും അടുത്തിരുന്നു. അവാർഡ് പ്രഖ്യാപനവേളയിൽ ജഗതിയുടെ സിനിമാലോകം ഒന്നൊന്നായി സ്ക്രീനിൽ തെളിഞ്ഞുവന്നു. ആദ്യചിത്രമായ ചട്ടമ്പിക്കല്യാണിയുടെ പോസ്റ്റർമുതൽ  1200ഓളം ചിത്രങ്ങളിലെ വൈവിധ്യമാർന്ന ഭാവങ്ങൾ ഒന്നൊന്നായി തെളിഞ്ഞു. യോദ്ധ, കിലുക്കം, മീശമാധവൻ...  രംഗങ്ങൾ മാറിമറിഞ്ഞപ്പോൾ സദസ്സ‌് ഇളകിമറിഞ്ഞു. അപ്പോഴും ജഗതി ഭാവമാറ്റമേതുമില്ലാതെ, എന്നാൽ എല്ലാം അറിഞ്ഞ‌്...  ജസ്റ്റിസ്  ആന്റണി ഡൊമിനിക്കിൽ നിന്ന‌്  വീൽചെയറിലിരുന്ന‌്  പുരസ്കാരം വാങ്ങിയ ജഗതി അതിലേക്ക് സസൂക്ഷ്മം നോക്കി. മറുപടി പ്രസംഗം നടത്തിയത‌് മകൾ പാർവതിയാണ‌്.  പത്മശ്രീയോ പത്മഭൂഷണോ അച്ഛന് ലഭിച്ചില്ലെങ്കിലും ഈ അവാർഡ് ഏറെ ശക്തിപകരുമെന്ന് അവർ പറഞ്ഞു. വിമർശനങ്ങൾക്കപ്പുറം അംഗീകാരമാണ് കലാകാരന്മാർക്ക് വേണ്ടത‌്. അച്ഛനുസമീപമെത്തി വെള്ളം എടുത്തുനൽകിയാണ് പാർവതി സദസ്സിലേക്ക് മടങ്ങിയത്.


പ്രധാന വാർത്തകൾ
 Top