07 April Tuesday

എനിക്കൊപ്പം രോ​ഗമുണ്ട് ; കാര്യങ്ങൾ അത്ര പന്തിയല്ല, ആരോഗ്യത്തോടെ ഇരിക്കും, മറ്റുള്ളവരോട് കരുണകാട്ടൂ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

സൂപ്പർതാരം ടോംഹാങ്ക്‌സും ഭാര്യയും കോവിഡ്ചികിത്സാകാലം ഉല്ലാസഭരിതമായ വിശ്രമകാലമാക്കി മാറ്റുകയാണ്. വിശ്രമസങ്കേതത്തിൽ ചീട്ടുകളിച്ച് സമയം കളയുന്നതിന്റെ വിശേഷങ്ങൾ താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. ലോകത്തെ വിനോദമേഖലയെ ഒന്നടങ്കം നിശ്ചലമാക്കിയ കോവിഡ് കൂടുതൽ താരങ്ങളിലേക്കും പടരുകയാണ്.

മീര നായരുടെ കാമസൂത്രയിലൂടെ ശ്രദ്ധേയയായ താരം ഇന്ദിര വർമയാണ് കോവിഡ് ബാധിതയാണെന്ന് ഒടുവിൽ വെളിപ്പെടുത്തിയത്. അമേരിക്കൻ ഫാന്റസി സീരിയലായ ഗെയിം ഓഫ് ത്രോൺസിലെ ഇന്ദിരയുടെ സഹതാരം ക്രിസ്‌റ്റോഫർ ഹെയ്ജുവും കോവിഡ് ബാധിതനാണ്.

"ഞാൻ രോഗശയ്യയിൽ കോവിഡിനൊപ്പമാണ്, കാര്യങ്ങൾ അത്ര പന്തിയല്ല, ആരോഗ്യത്തോടെ ഇരിക്കും, മറ്റുള്ളവരോട് കരുണകാട്ടൂ–-- ഇന്ദിര വർമ ട്വിറ്ററിൽ കുറിച്ചു.

ഇന്ദിരയുടെ പിതാവ് ഇന്ത്യൻ വംശജനും അമ്മ ഇറ്റലിയിൽ വേരുള്ള സ്വിസ് പൗരയുമാണ്. ബ്രിട്ടീഷ് പൗരയായ താരം അന്താരാഷ്ട്ര നാടകവേദിയിൽനിന്നാണ് സിനിമയിൽ എത്തുന്നത്. 1996ൽ വിവിധ ലോകഭാഷകളിൽ പുറത്തിറങ്ങിയ കാമസൂത്ര താരത്തിന് മികച്ച തുടക്കമാണ് നൽകിയത്. ഹോളിവുഡ് സിനിമകളിലും വേഷമിട്ടെങ്കിലും പിന്നീട് അമേരിക്കൻ ടെലിവിഷൻ രംഗത്തേക്ക് ചുവടുമാറ്റി. ഗെയിം ഓഫ് ത്രോൺസിൽ പ്രധാന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്.

ആന്റൺ ചെഖോവിന്റെ ‘സീഗൾ’ നാടകം ലണ്ടനിൽ അവതരിപ്പിക്കാനിരിക്കെയാണ് താരം രോഗബാധിതയായത്. സീഗൾ എന്തായാലും ചാരത്തിൽനിന്ന് പറന്നുയരുമെന്ന് കുറിച്ചുകൊണ്ടാണ് താരം ട്വിറ്റർ കുറിപ്പ് അവസാനിപ്പിക്കുന്നത്. അമേരിക്കൻ താരങ്ങളായ റേച്ചൽ മാത്യൂസ്, ഇന്ദ്രിസ് എൽബ, ജെയിംസ് ബോണ്ട് താരം ഓൾഗ കുര്യലെങ്കോ എന്നിവരും രോഗബാധിതരാണ്. അമേരിക്കൻ ആക്ഷൻതാരം ഹു​ഗ് ജാക്മാന് ന്യൂയോർക്കിലെ സ്വന്തം കട അടച്ചു.


പ്രധാന വാർത്തകൾ
 Top