20 June Thursday

സേനാപതി തമിഴ്‌ നായകനാകുമോ?

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019


പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ‌്തത പുലർത്തിയ ചിത്രമായിരുന്നു ശങ്കറിന്റെ കമൽഹാസൻ ചിത്രം ഇന്ത്യൻ. ഇരുപത്തിമൂന്ന‌് വർഷം മുമ്പ‌് പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസയും നേടി. സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം 18ന‌് തുടങ്ങുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഇരട്ടിയാണ‌്. കമൽഹാസൻ സജീവരാഷ്ട്രീയത്തിലേക്ക‌് ചുവട‌്മാറ്റുമ്പോൾ സേനാപതിയുടെ രണ്ടാംവരവിനും ഏറെ പ്രാധാന്യമുണ്ട‌്. കമലിന്റെ രാഷ‌്ട്രീയ സ്വപ‌്നം സഫലീകരിക്കാൻ സഹായകമാകുംവിധമാണ‌് ചിത്രമൊരുക്കുകയെന്നാണ‌് വിവരം. ഉലകനായകന്റെ അവസാന ചിത്രമായിരിക്കും ഇന്ത്യൻ 2 എന്ന അഭ്യൂഹവും ശക്തമാണ‌്. 

ചിത്രത്തിന്റെ ഫസ്റ്റ‌് ലുക്ക‌് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കി. സംവിധായകൻ ശങ്കർ തന്നെയാണ‌് പോസ്റ്റർ പുറത്തുവിട്ടത‌്. സേനാപതി കൂർത്ത വിരലുകൾ ചൂണ്ടിനിൽക്കുന്ന ചിത്രമാണ‌് പോസ്റ്ററിലുള്ളത‌്.

നെടുമുടി വേണുവും ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുമെന്നാണ‌് റിപ്പോർട്ട‌്. കാജൽ അഗർവാളും ചിമ്പുവുമാണ‌് മറ്റ‌് താരങ്ങൾ. അനിരുദ്ധ‌് രവിചന്ദർ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത‌് ലൈക്ക പ്രൊഡക‌്ഷൻസാണ‌്.

ഇന്ത്യൻ 1996ലാണ‌് പുറത്തിറങ്ങിയത‌്. മനീഷ കൊയ‌്‌രാള, ഊർമിള മണ്ഡോദ‌്കർ, സുകന്യ‌‌, ഗൗണ്ടമണി എന്നിവരും അണിനിരന്ന ചിത്രം എ ആർ റഹ‌്മാൻ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top