19 January Sunday

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 27 പെണ്ണുങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധേയമാകാൻ 27 വനിതാ സംവിധായകരുടെ ചിത്രങ്ങൾ.  ലോകസിനിമാ വിഭാഗത്തിലാണ്‌ സ്ത്രീ സംവിധായകരുടെ സിനിമകൾ ഏറെയുള്ളത്. ഒപ്പം ഇന്ത്യൻ സിനിമ ഇന്ന്, കാലിഡോസ്കോപ്പ് തുടങ്ങിയ വിഭാഗങ്ങളിലും സ്ത്രീ സംവിധായകരുടെ സിനിമകളുണ്ട്. വിദേശിസംവിധായികമാർക്കൊപ്പം മലയാളിസംവിധായിക ഗീതു മോഹൻദാസ്, ഇന്ത്യൻ സംവിധായകരായ സീമ പഹ്വ, ഗീതാഞ്ജലി റാവു, അപർണ സെൻ‍ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. ഗീതു മോഹൻദാസിന്റെ  മൂത്തോനാണ്‌ പ്രദർശിപ്പിക്കുന്നത്‌. 

വിഭജനാനന്തര യൂഗോസ്ലാവിയയിലെ സ്ത്രീകളുടെ അരക്ഷിതജീവിതം അഭ്രപാളിയിലെത്തിച്ച ബോസ്നിയൻ സംവിധായിക ഐഡ ബെഗിച്ച്, ടിയോണ, നേർവസ് ട്രാൻസ്ലേഷൻ എന്ന ചിത്രത്തിലൂടെ അംഗീകാരങ്ങൾ സ്വന്തമാക്കിയ ഷിറിൻ സെനോ തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ മരിയം തുസാനിയുടെ ആദം, മാറ്റി ഡോയുടെ ദി ലോങ്ങ് വാക്ക്, സഹിറാ കരീമിയുടെ ഹവാ മറിയം ആയിഷ, മറീനാ ഡി വാനിന്റെ മൈ നൂഡിറ്റി മീൻസ് നത്തിങ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇവാ അയണെസ്‌കോ, സെലിൻ സ്‌കിയമ, അപോളിൻ ട്രവോർ, ശിൽപ്പ കൃഷ്ണൻ ശുക്ല, റബേക്ക സ്ലോറ്റോവ്സ്കി തുടങ്ങി 15 പേരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ സീമ പഹ്വ സംവിധാനംചെയ്ത ദി ഫ്യൂണറൽ പ്രദർശിപ്പിക്കും.  കെലൈഡോസ്കോപ്പിൽ  അപർണ സെന്നിന്റെ ‘ദി ഹോം ആൻഡ്‌ ദി വേൾഡ് ടുഡേ', ഗീതാഞ്ജലി റാവുവിന്റെ 'ബോംബേ റോസ്' എന്നിവയും ഉണ്ടാകും.  വിഭജനാനന്തര യൂഗോസ്ലാവ്യയുടെ പരിച്ഛേദമായ   ഐഡ ബെജിക് ചിത്രം ‘സ്നോ', ടിയോണയുടെ ‘ഗോഡ്  എക്സിസ്റ്റ്സ് ഹെർ നെയിം ഈസ് പെട്രൂണ്യ' എന്നിവയും വനിതാ സംവിധായകരുടെ  ചിത്രങ്ങളിൽ ഉൾപ്പെടും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top