19 January Tuesday

ഗോവന്‍ മേള വിളിക്കുന്നു ; ജെല്ലിക്കട്ട് ഇന്ത്യന്‍ പനോരമയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2019

ഇന്ത്യയുടെ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിൽ പനോരമ വിഭാഗത്തിൽ മലയാളത്തിൽനിന്ന്‌ മൂന്ന് സിനിമ. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ജെല്ലിക്കട്ട്, ടി കെ രാജീവ്കുമാർ സംവിധാനംചെയ്ത കോളാമ്പി, മനു അശോകൻ ഒരുക്കിയ ഉയരെ എന്നിവയാണ് പനോരമയിൽ മലയാളത്തെ പ്രതിനിധാനംചെയ്യുക.​ഗോത്രഭാഷയായ പണിയഭാഷയിൽ  ഒരുക്കിയ ചിത്രവും പനോരമയിലുണ്ട്. ശ്രദ്ധേയനായ മലയാളി സംവിധായകൻ മനോജ് കാനയാണ് കെഞ്ചിര എന്ന സിനിമ ഒരുക്കിയത്. ​ഇരുള ആദിവാസി ഭാഷയിൽ ഒരുക്കിയ നേതാജി എന്ന ചിത്രവും തെരഞ്ഞെടുക്കപ്പെട്ടു. വിജേഷ് മണിയാണ് ചിത്രം ഒരുക്കിയത്. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

പനോരമയില്‍ ഹിന്ദിചിത്രങ്ങളാണ് കൂടുതൽ. വൻ പ്രദർശനവിജയംനേടിയ ബോളിവുഡ് ചിത്രങ്ങളായ ഉറി, ഗല്ലി ബോയ്, സൂപ്പർ 30, ബദായ്‌ഹോ തുടങ്ങിയവ ഉൾപ്പെടുത്തി. മറാത്തിയിൽനിന്ന്‌ അഞ്ചും തമിഴിൽനിന്ന്‌ രണ്ടും ചിത്രം പനോരമയിൽ ഇടംനേടി.  മികച്ചചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയ ഗുജറാത്തി ചിത്രം ഹെല്ലാരോ ആണ് ഇക്കുറി പനോരമ വിഭാഗത്തിലെ ഉദ്ഘാടനചിത്രം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് ചിത്രവും പനോരമയിലുണ്ട്. കഥേതരവിഭാഗം പനോരമവിഭാഗത്തിൽ മലയാളത്തിൽനിന്ന്‌ രണ്ട് ചിത്രം ഇടംനേടി. ജയരാജ് ഒരുക്കിയ ശബ്ദിക്കുന്ന കലപ്പ, നൊവിൻ വാസുദേവ് ഒരുക്കിയ ഇരവിലും പകലിലും ഒടിയൻ എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്. 

നവംബർ 20 മുതൽ 28 വരെ ഗോവ വേദിയാകുന്ന മേളയിൽ 76 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേള അരനൂറ്റാണ്ട് പിന്നിടുന്നു എന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത.  ഇന്ത്യയിൽ വിവിധഭാഷകളിൽ ഒരുക്കിയ 50 വർഷം പിന്നിട്ട 12 ചിത്രങ്ങളുടെ പ്രത്യേകവിഭാഗവും ഇക്കുറി ഉൾപ്പെടുത്തി. ദാദാസാഹിബ് ഫാൽകെ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചനെ മേളയിൽ ആദരിക്കും. സമകാലീന റഷ്യൻചിത്രങ്ങളുടെ പ്രത്യേക വിഭാഗമായിരിക്കും മേളയുടെ പ്രധാന ആകർഷണം. കാഴ്ചയില്ലാത്തവര്‍ക്കായി പ്രത്യേകവിവരണത്തോടെയുള്ള പ്രത്യേകപാക്കേജ് ഇക്കുറിയും ഉള്‍പ്പെടുത്തയിട്ടുണ്ട്.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top