07 July Tuesday

എല്ല് കോച്ചുന്ന തണുപ്പ്‌; കൺമുന്നിൽ മരണം: "ഹെലൻ' സർവൈവൽ ത്രില്ലർ

സി എം അസ്രUpdated: Saturday Nov 16, 2019

എല്ല് കോച്ചുന്ന തണുപ്പില്‍ ഒരുവള്‍ തന്റെ മരണം മുന്നില്‍ കാണുമ്പോള്‍ നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് ഹെലന് പറയാനുള്ളത്. മരണത്തെ അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്തിടത്ത് ഒരു പെണ്‍കുട്ടി തന്റെ ജീവന്‍ നിലനിര്‍ത്താന്‍ തേടുന്ന വഴികളുടെ നേര്‍ക്കാഴ്ച്ച. ഒറ്റവാക്കില്‍ ഹെലന്‍ ഒരു സര്‍വൈവല്‍ ത്രില്ലറാണ്‌. ഒപ്പം വളരെ ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ച ഹെലന്റേയും അച്ഛന്റേയും ജീവിതം മനോഹരമായി തന്നെ ചിത്രം വരച്ചു കാട്ടുന്നു. വിദേശത്തേക്ക് പോകാനായുള്ള ഹെലന്റെ തയാറെടുപ്പുകളും, അസര്‍ എന്ന യുവാവുമായുള്ള പ്രണയവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന സങ്കീര്‍ണ്ണതയുമാണ് ചുരുക്കത്തില്‍ സിനിമ.

ഒരു ചിത്രത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതില്‍ ട്രൈലറിനും പോസ്റ്ററുകളുടേയും പങ്ക് ചെറുതല്ല. അങ്ങിനെ നോക്കുമ്പോള്‍ ഹെലന്‍ എന്ന ചിത്രത്തിന്റെ സംഗ്രഹം പ്രവചിക്കാവുന്ന ഒന്നായിരുന്നെങ്കിലും, ട്രീറ്റ്‌മെന്റ് കൊണ്ടും മികച്ച പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയമാവുകയാണ് ചിത്രം. ഒരു സാധാരണ കഥാ തന്തുവില്‍ നിന്നും ഒട്ടും മടുപ്പിക്കാതെ പ്രേക്ഷകരെ ഇരുത്താന്‍ നവാഗതനായ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ചിത്രത്തിന്റെ സംഗീതം കഥയുടെ ഒഴുക്കിനെ ചിലയിടങ്ങളിലെങ്കിലും സാരമായി ബാധിക്കുന്നുണ്ട്.

പ്രവചിക്കാവുന്ന കാര്യങ്ങൾ സിനിമയിൽ സംഭവിക്കുമ്പോൾത്തന്നെ ഹെലനും അച്ഛനുമായുള്ള ബന്ധമാണ്‌ ഏറെ ഹൃദ്യം. അന്ന ബെൻ അവതരിപ്പിച്ച ഹെലനും ലാല്‍ അവതരിപ്പിച്ച പോള്‍ എന്ന ഹെലന്റെ അച്ഛന്‍ കഥാപാത്രവും മികച്ചതായിരുന്നു. ഹെലനും പോളും തമ്മിലുള്ള ബന്ധം വളരെ എളുപ്പത്തില്‍ എന്നാല്‍ ക്ലീഷേകള്‍ ഇല്ലാതെ അവതരിപ്പിക്കാന്‍ ലാലിന്റെ കഥാപാത്രത്തിലൂടെ കഴിഞ്ഞു.

കുമ്പളങ്ങിയിലെ ബേബിമോളുടെ സ്വാധീനം ഒട്ടും തന്നെ ഇല്ലാതെയാണ് അന്നാ ബെന്‍ ഹെലനെ മുന്നോട്ട് വെക്കുന്നത്. ലാല്‍ അവതരിപ്പിച്ച പോള്‍ എന്ന കഥാപാത്രത്തിന് പുതുമയൊന്നും പറയാനില്ലെങ്കിലും മികച്ചതു തന്നെ. മരണത്തെ മുന്നില്‍ കാണുന്ന, രക്ഷപ്പെടാനായി ഓരോ നിമിഷവും പൊരുതുന്ന ഹെലനെ അതേ അര്‍ത്ഥത്തില്‍ കാണുന്നവരിലേക്ക് എത്തിക്കാന്‍ അന്നയ്ക്ക് സാധിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന് അജു വര്‍ഗ്ഗീസ് അവതരിപ്പിച്ച നെഗറ്റിവ് കഥാത്രം എസ്.ഐ രതീഷ് കുമാറാണ്. ക്ലീഷേകളില്‍ മാത്രം ഒതുങ്ങിപ്പോകാറുള്ള അജു വര്‍ഗ്ഗീസിന് ഈ കഥാപാത്രം തീര്‍ച്ചയായും ഒരു ബ്രേക്കാണ്. വരുന്ന ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ പ്രേക്ഷകന് അജുവിന്റെ പൊലീസ് ഓഫീസറോട് ദേഷ്യവും വെറുപ്പും തോന്നും. വളരെ കുറച്ച് നേരം സ്‌ക്രീന്‍ പ്രസന്‍സ്സുള്ള കഥാപാത്രമാണ് ബിനു പപ്പുവിന് ഉള്ളതെങ്കിലും ശ്രദ്ധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രമാണെന്നതിന്റെ ഒരു പോരായ്മകളും മുന്നോട്ട് വെക്കാതെയാണ് നായക കഥാപാത്രം നോബിള്‍ തോമസിന്റെ പ്രകടനം.

സിനിമയില്‍ ചുവപ്പിനേയും വെള്ളയേയും ഉപയോഗിച്ചിരിക്കുന്നത് പ്രേക്ഷകരെ ചിത്രത്തിന്റെ തണുത്തുറഞ്ഞ മൂഡിലേക്ക് കൊണ്ടു പോകുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. കഥാപാത്രത്തോടൊപ്പം പ്രേക്ഷകരും ചിലപ്പോഴെങ്കിലും തണുത്തുറഞ്ഞ അവസ്ഥയിലാണ്ട് പോകുന്നു. ആദ്യ പകുതിയില്‍ ഹെലന്‍ എന്ന കഥാപാത്രത്തോടൊപ്പം ഹെലന് ചുറ്റുമുള്ള കഥാപാത്രങ്ങളേയും ചികച്ചും വ്യക്തതയോടെ അവതരിപ്പിക്കുന്നു. അച്ഛന്‍ മകള്‍ ബന്ധത്തെ എസ്റ്റാബ്ലിഷ് ചെയ്യുന്ന സീനുകള്‍ കണ്ടു മടുത്ത പാറ്റേണില്‍ നിന്നുമാറി പുതുമ നല്‍കുന്നുണ്ട്. ഹെലന്‍ എന്ന കഥാപാത്രവും ഒരു പ്രത്യേക ക്യാരക്റ്റര്‍ സ്ട്രച്ചിലൂടെ പോകുന്ന ഒന്നല്ല. കുട്ടിത്തമുള്ള കഥാപാത്രമെന്നിരിക്കെ കഥാപാത്രമാവശ്യപ്പെടുന്ന തരത്തില്‍ ഫ്‌ലക്‌സിബിളാണ് ഹെലന്‍. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഒട്ടും തന്നെ നാടകീയത നിറഞ്ഞതല്ല എന്നതാണ അതുക്കൊണ്ടു തന്നെ ഒരു തരത്തിലുള്ള അമാനുഷികതയും ചിത്രത്തിലെവിടേയുമില്ല.ഒരുപാട് നല്ല ചിന്തകളെ വളരെ സിമ്പിളായി പറഞ്ഞ് പോകുന്നതില്‍ തിരക്കഥ കാണിച്ച മികവ് എടുത്ത് പറയേണ്ട ഒന്നാണ്. ഏതൊരു സിനിമയും വിജയിക്കുന്നത് ഒടുവില്‍ കഥാപാത്രങ്ങളില്‍ സംഭവിക്കുന്ന രൂപാന്തരമാണ്. ജാതി നോക്കി കൂട്ടു കൂടിക്കൂടെ എന്ന് ചോദിച്ച കഥാപാത്രത്തിനു മുന്‍പില്‍ ഒരു ജീവനേക്കാള്‍ വലിപ്പമൊന്നും ഒരു ജാതിക്കും മതത്തിനും ഇല്ലെന്ന ബോധ്യത്തിലേക്ക് ചിത്രം കൊണ്ടെത്തിക്കുന്നു. ഒരാണും പെണ്ണും രാത്രിയില്‍ ഒരുമിച്ച് യാത്ര ചെയ്താല്‍ ഉണ്ടാകുന്നതും ഇന്ന് വളരെ സാധാരണയായും കണ്ടു വരുന്ന കപട സദാചാര ബോധത്തിലേക്കും ചിത്രം ചലിക്കുന്നു. ജീവിതത്തിന്റെ പല നിസ്സഹായാവസ്ഥകളെ കൂട്ടി ചേര്‍ക്കുന്നിടത്ത് സിനിമ പ്രേക്ഷകരുടേതായി മാറുന്ന കാഴ്ചയാണ് ഹെലന്‍.

ഈ വര്‍ഷത്തില്‍ ഒരുപാട് നല്ല നവാഗതരെ മലയാള സിനിമക്ക് ലഭിച്ചു എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വളരെ കയ്യടക്കത്തോടെയാണ് തങ്ങളുടെ പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്.

നോബിള്‍ തോമസ്, മാതത്തുക്കുട്ടി സേവ്യര്‍, ആല്‍ഫ്രഡ് കുര്യന്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥയുടെ ദിശ പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്നതൊഴിച്ചാല്‍ ആദ്യാവസാനം വരെ ഒട്ടും തന്നെ മടുപ്പുളവാക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് ഹെലന്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top