13 November Wednesday

ഹനി അബു അസാദ് : പലസ്തീന്റെ ശബ്ദം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

സിനിമയെ പ്രക്ഷോഭത്തിന്റെ മാധ്യമമാക്കിമാറ്റിയ ചലച്ചിത്രകാരനാണ് ഹനി അബു അസാദ്. ആഗോളചലച്ചിത്രവേദികളിൽ പലസ്തീന്റെ ശബ്ദം കേൾപ്പിച്ച സംവിധായകൻ. ഓസ്‌കർ നാമനിർദേശം ലഭിച്ച പാരഡൈസ് നൗ (2005), ഒമർ(2013) എന്നിവ പാശ്ചാത്യലോകത്തിനുമുന്നിൽ പലസ്തീനിലെ ജീവിതയാഥാർഥ്യം തുറന്നുവയ്ക്കുകയായിരുന്നു. ഹനി അബു അസാദിന്റെ ഏതാണ്ട് എല്ലാ ചിത്രവും കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുംബൈ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ ഹനി അബു അസാദ് ഇന്ത്യയിലെത്തി. അടിച്ചമർത്തപ്പെടുന്ന പലസ്തീൻകാർക്കുവേണ്ടി ശബ്ദിക്കാനുള്ള മാർഗമായാണ് സിനിമയെ കാണുന്നതെന്ന് അബു അസാദ് പറയുന്നു.

"ഹിംസയെ ഹിംസകൊണ്ട് നേരിടാൻ ശ്രമിച്ചാൽ ഒടുവിൽ ഹിംസതന്നെ വിജയംവരിക്കും. അതിനാലാണ് കലയിലൂടെ ഹിംസയെ ചെറുക്കാൻ തുനിഞ്ഞത്. പലസ്തീൻ ജനതയുടെ പ്രതിസന്ധി ലോകത്തെ അറിയിക്കാൻ കഴിയുന്നതുതന്നെയാണ് എന്റെ സിനിമകളുടെ വിജയം'- ‐ അദ്ദേഹം പറഞ്ഞു.


 

നസ്രേത്തിൽ ജനിച്ചുവളർന്ന അബു അസാദ് പതിനെട്ടാം വയസ്സിൽ നെതർലൻഡ്‌സിലേക്ക് കുടിയേറുകയായിരുന്നു. തുടർന്ന്, രാഷ്ട്രീയദൗത്യത്തിന്റെ ഭാഗമായാണ് ചലച്ചിത്രജീവിതം ആരംഭിച്ചത്. ടെൽ അവീവിൽ ചാവേർ സ്‌ഫോടനം നടത്താൻ നിയോഗിക്കപ്പെട്ട രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പാരഡൈസ് നൗ പറഞ്ഞത്. ഗോൾഡൻ ഗ്ലോബ് അടക്കമുള്ള പുരസ്‌കാരങ്ങൾ ചിത്രത്തിന് ലഭിച്ചു. പലസ്തീനെ പ്രതിനഫൊനം ചെയ്‌ത്‌ ആദ്യമായി ഓസ്‌കറിനെത്തിയ ചിത്രമായിരുന്നു പാരഡൈസ് നൗ.

"സോവിയറ്റ് യൂണിയന്റെ പതനത്തോടെയാണ്‌ ലോകത്ത് വലതുപക്ഷ രാഷ്ട്രീയം വേരുപിടിച്ചത്. അതിന്റെ ഏറ്റവും മാരകമായ അവസ്ഥയാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. അമേരിക്കയിലും  ഇന്ത്യയിലും തീവ്ര വലതുപക്ഷ ആശയം അപകടകരമായി കടന്നുകയറി. രാഷ്ട്രീയം പരാജയപ്പെടുമ്പോൾ, സത്യം വിളിച്ചുപറയേണ്ടവർ എന്ന നിലയിൽ ചലച്ചിത്രപ്രവർത്തകർക്ക്‌ ഉത്തരവാദിത്തം ഏറുകയാണ്. കഥകളിലൂടെ ലോകത്തെ സത്യം ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്'.-‐ അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top