17 June Monday

സ്വപ‌്നസുന്ദരിക്ക്‌ ഡൂഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

വാലന്റൈൻസ‌് ദിനത്തിൽ ഇന്ത്യൻ സിനിമയുടെ സ്വപ‌്ന സുന്ദരി മധുബാലയ‌്ക്ക‌് ആദരമർപ്പിച്ച‌് ഗൂഗിൾ. ലോക പ്രണയദിനത്തിലാണ‌് മധുബാല ജനിച്ചത‌്. അതുകൊണ്ടുതന്നെ ഫെബ്രുവരി 14ന‌് ഡൂഡിലിന്റെ രൂപത്തിലാണ‌് ഗൂഗിൾ വെള്ളിത്തിരയുടെ താരറാണിയ്ക്ക‌് ആദരമർപ്പിച്ചത‌്. 

അമ്പതുകളിലും അറുപതുകളിലും ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന മധുബാലയ‌്ക്ക‌് ബോളിവുഡിന്റെ മെർലിൻ മൺറോ, ദുരന്ത നായിക, ഇന്ത്യൻ സിനിമയുടെ അനാർക്കലി തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട‌്. ലോകം പ്രണയം ആഘോഷിക്കുന്ന ദിനത്തിൽ വെള്ളിത്തിരയുടെ സ്വപ‌്നനായികയെ അനു‌സ‌്മരിക്കാൻ സിനിമാ ലോകം പോലും മറന്നപ്പോഴാണ‌്  ആദരവുമായി ഗൂഗിൾ രംഗത്തെത്തിയത‌്.

സെന്റ‌് വാലന്റൈനെക്കുറിച്ച‌് ലോകം കേൾക്കുന്നതിന‌ും മുമ്പേ 1933 ഫെബ്രുവരി 14ന‌് മുംബൈ ടാക്കീസ‌് എന്ന‌ വിഖ്യാത സ‌്റ്റുഡിയോയ‌്ക്ക‌് സമീപമുള്ള ചേരിയിലായിരുന്നു മുംതാസ‌് ജെഹാൻ ബീഗം ദെഹൽവി എന്ന മധുബാലയുടെ ജനനം. ഒമ്പതാം വയസ്സിൽ ബേബി മധുബാല എന്ന പേരിൽ ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ താരം 14–-ാം വയസ്സിൽ മധുബാലയായി ‘നീൽകമലിൽ’ നായികയായി. അസാമാന്യ അഭിനയമികവുകൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡിന്റെ താരറാണിപ്പട്ടം മധുബാല സ്വന്തമാക്കുന്നതാണ‌് ബോളിവുഡ‌് പിന്നീട‌് കണ്ടത‌്. 

വെള്ളിത്തിരയിലെ തിളക്കം മധുബാലയുടെ ജീവിതത്തിലുണ്ടായിരുന്നില്ല. നാല‌് സഹോദരിമാർ അടങ്ങിയ കുടുംബത്തിന്റെ അത്താണിയായിരുന്നു അവർ. വ്യക്തിജീവിതത്തിൽ പിതാവിന്റെയടക്കം കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ പ്രശ‌സ‌്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഒറ്റപ്പെട്ട ജീവിതമായിരുന്നു അവരുടേത‌്.

എഴുപതോളം സിനിമകളിൽ വേഷമിട്ട നടി ഹൃദ‌്രോഗിയായി മുപ്പത്താറാം വയസ്സിലാണ‌് മരിച്ചത‌്. 1952ലെ ലോകത്തെ ഏറ്റവും വലിയ താരമായി തിയറ്റർ ആർട‌്സ‌് മാഗസിൻ തെരഞ്ഞെടുത്തത‌് മധുബാലയെയായിരുന്നു.


പ്രധാന വാർത്തകൾ
 Top