15 October Tuesday

"കലാമ്മാ...സത്താലും പറവാലാ, സണ്ട പോട്‌ലാം'; ഇരുട്ടിനെ പേടിപ്പിക്കുന്ന "ഗെയിം ഓവർ'

ഡി കെ അഭിജിത്ത്‌Updated: Thursday Jun 20, 2019

സമീപകാലത്ത്‌ സൈക്കോളജിക്കൽ, സർവൈവൽ ത്രില്ലറുകൾ ഒരുപാട്‌ കണ്ടതാണ്‌ തമിഴ്‌ സിനിമയിൽ. തീരൻ അധികാരം ഒണ്ട്ര്‌, രാക്ഷസൻ തുടങ്ങിയ സിനിമകളൊക്കെ അവതരണംകൊണ്ടാണ്‌ പ്രശംസ പിടിച്ചുപറ്റിയത്‌. "മായ' എന്ന ഒറ്റ സിനിമകൊണ്ട്‌ ത്രില്ലർ സിനിമകളിൽ സ്വന്തം സിഗ്‌നേച്ചർ നൽകിയ സംവിധായകനാണ്‌ അശ്വിൻ സരവണൻ. ജോണറുകൾ ഒന്നുതന്നെയാണെങ്കിലും സ്വയം ആവർത്തിക്കാതെ ഇരിക്കുക എന്ന വെല്ലുവിളിയാണ്‌ അശ്വിന്‌ "ഗെയിം ഓവർ' സിനിമയിൽ ഉണ്ടായിട്ടുണ്ടാവുക. അമാനുഷികമായ കാര്യങ്ങൾ, സൈക്കോളജിക്കൽ ത്രില്ലർ, സർവൈവൽ ത്രില്ലർ എന്നിവയൊക്കെ ഒറ്റ സിനിമയിൽ ഉൾക്കൊള്ളിച്ച്‌ വിജയം കണ്ടെത്തിയതിനാണ്‌ അശ്വിനെ ആദ്യം അഭിനന്ദിക്കേണ്ടത്‌.

രണ്ട്‌ മണിക്കൂറിൽ താഴെ സമയംകൊണ്ട്‌, അനാവശ്യ സീനുകൾ ഒന്നും തന്നെയില്ലാതെ ഗെയിം ഓവർ നമ്മെ പിടിച്ചിരുത്തുകയാണ്. ആദ്യരംഗം മുതൽ കണ്ണ്‌ ചിമ്മാതെ നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്നത്‌ താപ്‌സി പന്നു എന്ന നായികയുടെ പ്രകടനമാണ്‌. മായ സിനിമയിൽ നയൻതാര ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌. രണ്ടാം സിനിമയിലും നായകർ വേണ്ട എന്ന സംവിധായകന്റെ തീരുമാനം തമിഴ്‌ സിനിമയെ പുതിയൊരു തലത്തിലേക്ക്‌ എത്തിക്കുന്നുണ്ട്‌.

അമേച്വർ മേക്കിങ്‌ ഫീലിൽ തുടങ്ങുന്ന സിനിമ തുടക്കത്തിലേ കൊലപാതക രംഗം കൊണ്ടുതന്നെ ത്രില്ലർ സിനിമകളെ ഇഷ്‌ടപ്പെടുന്നവർക്ക്‌ നല്ല ഓപ്പണിങ് ആണ്‌ നൽകുന്നത്‌. സ്വപ്‌ന(താപ്‌സി) യുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഷോക്കുകളും അതിൽനിന്നുള്ള സർവൈവലുമാണ്‌ പ്രധാന കഥ. പോസ്റ്റ് ട്രൊമാറ്റിക് ഡിസോഡര്‍ ഉള്ള ആളാണ്‌ സ്വപ്‌ന. പേര്‌ സൂചിപ്പിക്കുന്നതുപോലെ ഒരു ഗെയിം കളിക്കുന്ന ഫോർമാറ്റിലാണ്‌ അത്‌ സ്വപ്‌ന അത്‌ റിക്കവർ ചെയ്യുന്നതും. പഴയകാല വീഡിയോ ഗെയിമുകളുടെ രംഗങ്ങളും ശബ്‌ദവുമെല്ലാം ഭയപ്പെടുത്താൻ പറ്റുന്ന തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌ സിനിമയിലേക്ക്‌ കൂടുതൽ അടുപ്പിക്കും.

ഗെയിം ഡവലപ്പറായ സ്വപ്നയുടെ കയ്യിൽ ചെയ്യുന്ന ഗെയിം ടാറ്റൂ ആണ് കഥ മറ്റൊരു തലത്തിൽ എത്തിക്കുന്നത്. ടാറ്റൂവിന്റെ പിന്നിലുള്ള കഥയൊക്കെ പ്രധാന കഥയുമായി ബന്ധപ്പെടുന്നുണ്ടോ എന്നത്‌ പ്രേക്ഷകന്റെ യുക്തിക്ക്‌ വിട്ടിരിക്കുകയാണ്‌. അമാനുഷികമായ ഒന്നുംതന്നെ പ്രത്യക്ഷമായി എവിടെയും സിനിമയിൽ കാണിക്കുന്നില്ല. സിനിമയിലെ പല കാര്യങ്ങളും വേണമെങ്കിൽ ഇല്ല്യൂഷൻ ആയി കാണാം. തൊട്ടുമുന്നത്തെ ന്യൂ ഇയർ രാത്രിയിൽ സ്വപ്‌നക്ക്‌ സംഭവിച്ചത്‌ പലയിടത്തായി ചിതറിക്കിടക്കുന്ന ഷോട്ടുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. സ്വപ്ന എന്തുകൊണ്ട് ഇരുട്ടിനെ ഭയപ്പെടുന്നു എന്ന് പ്രേക്ഷകനെക്കാണ്ടുകൂടി ചിന്തിപ്പിച്ചാണ്‌ ഈ രംഗങ്ങളുടെ അവതരണം. സ്വപ്‌നയുടെ ട്രോമ കൃത്യമായി ഫീൽ ചെയ്‌താലാണ്‌ കഥയ്‌ക്ക്‌ പുറത്തെന്ന്‌ തോന്നുന്ന പല രംഗങ്ങളും കണക്‌ട്‌ ചെയ്യാൻ കഴിയൂ.

യൗവ്വനത്തിൽ തന്നെ സ്വന്തം ജീവിതത്തിൽ ഉണ്ടായ ഒരു ദുരന്തത്തിന്റെ ഷോക്കിൽ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത ഒരു പെൺകുട്ടിക്ക്‌ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ്‌ ആദ്യപകുതിയിൽ. ഒരു ഇമോഷണൽ ഡ്രാമ എന്ന്‌ തോന്നിത്തുടങ്ങുമ്പോഴേക്കും സിനിമയുടെ ജോണർ മാറുകയായി. പിന്നീടാണ്‌ ഗെയിം ഓവറിൽ "ഗെയിം ഓൺ'' ആകുന്നത്‌. രണ്ടാം പകുതിയിൽ സിനിമ സൈക്കോളജിക്കൽ ത്രില്ലർ + ഹോം ഇൻവേഷൻ ആയി മാറുകയും ചെയ്യുന്നു. അവസാന ഭാഗങ്ങളിൽ സർവൈവൽ എന്ന ഏരിയയിൽ സിനിമ നൽകുന്ന ഫീൽ സമീപകാലത്തൊന്നും മാറ്റൊരു ഇന്ത്യൻ സിനിമയ്‌ക്ക്‌ നൽകാൻ കഴിഞ്ഞിട്ടുണ്ടാകുമോ എന്ന സംശയമാണ്‌.

ഡയറക്‌ടേഴ്‌സ്‌ ടച്ച്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന പലതും സിനിമക്കുള്ളിലുണ്ട്‌. താപ്‌സിയുടെ ഗംഭീരപ്രകടനം സിനിമയെ മറ്റൊരു തലത്തിലാണ്‌ എത്തിച്ചിരിക്കുന്നത്‌. ആദ്യാവസാനം ഭാവങ്ങളും, കഥാപാത്രത്തിനുവണ്ട സട്ടിൽ ആയ ഇമോഷനുകളുമെല്ലാം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌. വിനോദിനി വൈദ്യനാഥന്റെ കഥാപാത്രം മനസ്സിൽ തങ്ങി നിൽക്കുന്നതാണ്‌. മാലാപാര്‍വതിയും ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷം ചെയ്തിട്ടുണ്ട്. മൊത്തത്തിൽ സ്‌ത്രീ കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ്‌ ഗെയിം ഓവർ.

ഒരു ചെറിയ ചിത്രമായി തുടങ്ങി പ്രേക്ഷകന്‌ പല രീതിയിൽ റിലേറ്റ്‌ ചെയ്യാൻ കഴിയുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന അനുഭവമാണ്‌ "ഗെയിം ഓവർ''. സിനിമയായും യാഥാർത്ഥ്യമായും ഗെയിം ആയുമെല്ലാം അത്‌ കണ്ടിരിക്കാം. ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ കാവ്യ രാംകുമാര്‍ സിനിമയെപ്പറ്റി പറയുന്നതുപോലെ, ഇത്‌ നിങ്ങളാരും കാണാത്ത സിനിമയായിരിക്കും. ദൃശ്യ, ശബ്‌ദ അനുഭവങ്ങളോടെ തീയറ്ററിൽ കാണേണ്ടതാണ്‌ "ഗെയിം ഓവർ''.

നമ്മൾ പ്രതീക്ഷിക്കുന്ന ഒന്നും അല്ല ഓരോ സീനും കഴിയുമ്പോൾ സിനിമയിൽ സംഭവിക്കുന്നത്. അത് തന്നെയാണ് പടത്തിന്റെ വിജയവും. സ്ഥിരം ത്രില്ലർ സിനിമകളിലെ കാഴ്ചകൾ പ്രതീക്ഷിക്കാതെ വ്യത്യസ്തമായ അവതരണവും ശൈലിയും ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ഒട്ടും നിരാശരാക്കില്ല "ഗെയിം ഓവർ".


പ്രധാന വാർത്തകൾ
 Top