19 November Tuesday

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമഗ്ര സംഭാവനാ പുരസ്കാരം സൊളാനസിന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

24–-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ സമഗ്ര സംഭാവനാ പുരസ്‌കാരം  അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന്‌. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് ക്യാമറയെ സമരായുധമാക്കിയ സംവിധായകനാണ് സൊളാനസ്. അദ്ദേഹത്തിന്റെ അഞ്ച് ചിത്രം മേളയിൽ പ്രദർശിപ്പിക്കും. 

ഡിസംബർ ആറ്‌ മുതൽ 13 വരെ മേള തിരുവനന്തപുരത്ത് നടക്കും. ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. നടി ശാരദ മുഖ്യാതിഥിയാകും. ശാരദയുടെ റെട്രോസ്പെക്റ്റീവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. 14 തിയറ്ററിലായി നൂറ്റിഎൺപതോളം ചിത്രം  പ്രദർശിപ്പിക്കും.

ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയൻ സിനിമകളുടെ പാക്കേജ്, മൃണാൾസെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം ജെ രാധാകൃഷ്ണൻ എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലെ മറ്റ് ആകർഷണങ്ങളാണ്.     


 

ഓഫ് ലൈൻ രജിസ്ട്രേഷൻ നാളെമുതൽ
ചലച്ചിത്ര മേളയുടെ ഓഫ് ലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്‌ച ആരംഭിക്കും.  1000 രൂപയാണ്‌ ഫീസ്. 25നുശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് 1500 രൂപയായിരിക്കും. വിദ്യാർഥികൾക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും. ഓൺലൈൻ രജിസ്ട്രേഷൻ 10ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാർഥികൾക്കു മാത്രമാണ്‌ രജിസ്ട്രേഷൻ. 12 മുതൽ പൊതുവിഭാഗത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങും.

ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിലും ഓഫ് ലൈൻ രജിസ്ട്രേഷന് സൗകര്യമുണ്ടാകും.  മുതിർന്ന പൗരന്മാർക്ക് മുൻഗണന ഉണ്ടാകും. ആകെ 10,000 പാസ്‌ വിതരണം ചെയ്യും. അതിൽ നാല് മേഖലാകേന്ദ്രങ്ങൾക്ക്‌ 250 വീതവും തിരുവനന്തപുരത്ത് 500 ഉം ഉൾപ്പെടെ 1500 പേർക്ക് ഓഫ്‌ ലൈനായി പാസ്‌ നൽകും.  ബാക്കിയുള്ള 8500 പ്രതിനിധികൾക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.


പ്രധാന വാർത്തകൾ
 Top