23 April Tuesday

"വർമ'യിൽ തൃപ‌്തിയില്ല; വീണ്ടും ഷൂട്ട‌് ചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019


ബാല

ബാല

തമിഴ‌്നടൻ വിക്രമിന്റെ മകൻ ആദ്യമായി നായകനാവുന്ന ചിത്രമെന്നനിലയിലും തെലുങ്കിലെ മെഗാഹിറ്റ‌് "അർജുൻ റെഡ്ഡി'യുടെ റീമേക്ക‌് എന്നനിലയിലും ചലച്ചിത്ര വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ‌് വർമ എന്ന ചിത്രം. റിലീസിന‌് ദിവസങ്ങൾ ശേഷിക്കെ ചിത്രം റിലീസ‌് ചെയ്യില്ലെന്ന‌് നിർമാതാക്കൾ തീരുമാനിച്ചു. ചലച്ചിത്രലോകത്ത‌് കേട്ടുകേൾവിയില്ലാത്ത റിപ്പോർട്ടുകളാണ‌് പിറകെ വന്നുകൊണ്ടിരിക്കുന്നത‌്. ദേശീയ അവാർഡ‌് ജേതാവായ ബാലയാണ‌് സിനിമ തമിഴിൽ ഒരുക്കിയത‌്. എന്നാൽ പൂർത്തിയായ ചിത്രത്തിൽ യാതൊരു തൃപ‌്തിയുമില്ലെന്ന‌് നിർമാണക്കമ്പനിയായ ഇ4 എന്റർടെയ‌്ൻമെന്റ‌് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു ഒപ്പം സംവിധായകനെയടക്കം മാറ്റുമെന്നും പ്രഖ്യാപിച്ചു. ചിത്രം പൂർണമായും ഒരിക്കൽകൂടി ചിത്രീകരിക്കുമെന്നും പുതിയ താരങ്ങളെയും ജീവനക്കാരെയും വച്ചായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട‌്. എന്നാൽ നായകനായി ധ്രുവ‌് തന്നെ തുടരുമെന്നറിയുന്നു.

"ചിത്രീകരണം പൂർത്തിയാക്കി ഞങ്ങൾക്കു കൈമാറിക്കിട്ടിയ "വർമ' എന്ന ചിത്രത്തിന്റെ അവസാന പതിപ്പിൽ നിർമാതാക്കളായ ഇ 4 എന്റർടെയ‌്ൻമെന്റ‌് വളരെ അതൃപ‌്തരാണ‌്. ക്രിയാത്മകവും മറ്റ‌് സാങ്കേതികപരവുമായ അഭിപ്രായ വ്യത്യാസങ്ങളാണുള്ളത‌്. അതിനാൽ ഈ പതിപ്പ‌് റിലീസ‌് ചെയ്യേണ്ടെന്ന‌് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ‌്. പുതിയ സംവിധായകൻ, താരങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പുതിയ ചിത്രം ജൂണിൽ റിലീസാകുംവിധം ഒരുക്കും'  ഇ 4 എന്റർടെയ‌്ൻമെന്റ‌് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ബാലയുടെ നിർമാണക്കമ്പനിയായ ബി സ‌്റ്റുഡിയോസ‌ുമായി നേരത്തേ ഇവർ സഹകരിച്ചിരുന്നു. വർമയിൽ മേഘ ചൗധരി, ഈശ്വരി റാവു, റൈസ വിൽസൺ എന്നിവരായിരുന്നു താരങ്ങൾ. പുതിയതിലെ താരനിരയെപ്പറ്റി നിർമാതാക്കൾ പ്രതികരിച്ചിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top