19 May Sunday

നിർമാണം ഡിക്യു , നായികമാർ മൂന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

ദുൽഖർ സൽമാൻ നിർമാണരംഗത്തേക്കും കടക്കുന്നു. താരം നിർമിക്കുന്ന ആദ്യ ചിത്രത്തിൽ നായികമാർ മൂന്നാണ‌്. ‘അശോകന്റെ ആദ്യ രാത്രി’ എന്നു പേരിട്ട‌ സിനിമയുടെ ചിത്രീകരണം തുടങ്ങി. നവാഗതനായ ഷംസു സൈബയാണ‌് സംവിധാനം. നിഖില വിമൽ, അനു സിതാര, അനുപമ പരമേശ്വരൻ എന്നിവരാണ‌് നായികമാർ. ചിത്രീകരണം കഴിഞ്ഞ ദിവസം തുടങ്ങി. പൂജയുടെ ചിത്രങ്ങൾ ദുൽഖർതന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ആലുവയും പരിസരത്തുമായിരിക്കും ചിത്രീകരണം.

ജേക്കബ‌് ഗ്രിഗറിയാണ‌് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത‌്. ആദ്യം നിർമിക്കുന്ന ചിത്രത്തിൽതന്നെ പുതുമുഖങ്ങൾക്ക‌് അവസരം നൽകുകയാണ‌് ദുൽഖർ. ജേക്കബ‌് ഗ്രിഗറിയും അനുപമയും നിഖിലയും ദുൽഖറിനോടൊപ്പം നേരത്തെ അഭിനയിച്ചിട്ടുണ്ട‌്. എബിസിഡി, 100 ഡേയ‌്സ‌് ഓഫ‌് ലൗ, ജോമോന്റെ സുവിശേഷങ്ങൾ, പറവ എന്നീ ചിത്രങ്ങളിൽ ജേക്കബ‌് ഗ്രിഗറി ദുൽഖറിനൊപ്പം അഭിനയിച്ചു.

എന്നാൽ, താൻ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കുമോ എന്ന കാര്യത്തിൽ ദുൽഖർ സസ‌്പെൻസ‌് നിലനിർത്തിയിരിക്കുകയാണ‌്. സണ്ണി വെയ‌്ൻ, വിജയരാഘവൻ എന്നിവർ പൂജാ ചടങ്ങിൽ സംബന്ധിച്ചു. അഭിനയിക്കുന്ന മറ്റു താരങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള ചിത്രമാണ‌് ഒരുക്കുന്നതെന്ന‌് ദുൽഖർ പറഞ്ഞു.

സജാദ‌് കക്കുവാണ‌് ഛായാഗ്രഹണം. മുസമ്മിൽ കുന്നുമ്മൽ എന്ന നവാഗതനാണ‌് ഗാനരചന. നിർമാണ കമ്പനിയുടെ പേര‌് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പൂജാ ചടങ്ങുകളിലൊന്നും മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

താരങ്ങളിൽ അടുത്ത കാലത്ത‌് പൃഥ്വിരാജ‌് നിർമാണരംഗത്തേക്കും തുടർന്ന‌് ലൂസിഫറിലൂടെ സംവിധാനത്തിലേക്കും കടന്നു. മലയാളത്തിൽ സോളോ കഴിഞ്ഞ്‌ ഒന്നര വർഷത്തിനുശേഷം ദുൽഖർ നായകനായെത്തിയ ഒരു യമണ്ടൻ പ്രേമകഥ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top