03 August Monday

പളനിയുടെയും കറുത്തമ്മയുടെയും മകൾ ഒരു ഗായികയായി നമുക്കിടയിലുണ്ട്‌

കെ വി അബ്‌ദുൾ ഖാദർ എംഎൽഎUpdated: Sunday Jun 14, 2020

ചെമ്മീനിൽ ഷീലയ്‌ക്കും സത്യനുമൊപ്പം ഷക്കീല

1971 ജൂൺ 15ന് അമ്പത്തെട്ടാം വയസ്സിൽ അന്തരിച്ച സത്യൻ എന്ന മഹാനടന്റെ ഓർമകൾ മനസ്സിൽ വാടാതെ സൂക്ഷിക്കുന്നവരാണ് പ്രേക്ഷകർ. സത്യന്റെ മകളായി ചെമ്മീനിൽ അഭിനയിച്ച ഷക്കീലയ്‌ക്ക് പക്ഷേ അഭ്രപാളിയിലെ അച്ഛനെ ഓർമയില്ല. അന്ന് കൈക്കുഞ്ഞായിരുന്ന ഷക്കീല ഒരു ഗായികയായി നമുക്കിടയിലുണ്ട്

 
വിഖ്യാതമായ ചെമ്മീനിൽ സത്യന്റെ മകളായി അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഓർമയില്ല. ഷക്കീല ഇങ്ങനെ പറയുമ്പോൾ അതിശയിക്കേണ്ട. പളനിയുടെയും കറുത്തമ്മയുടെയും മകളായി അഭിനയിക്കുമ്പോൾ ഷക്കീലയ്‌ക്ക്‌ പ്രായം വെറും ഏഴ് മാസം.
 
"ഷീലാമ്മയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതെന്റെ ഏറ്റവും വലിയ മോഹമാണ്‌..' ഷക്കീല പറയുന്നു. അതൊരു വലിയ മോഹമാകാൻ കാരണമെന്താണെന്ന് അറിയാൻ 55 വർഷം പിന്നിലേക്ക്‌ പോകണം
 

ആ പ്രക്ഷുബ്‌ധരംഗം

 

ഷക്കീല

ഷക്കീല

കടലിൽ പോയി തിരിച്ചു വരുന്ന പളനി (സത്യൻ ) കടപ്പുറത്ത് കറുത്തമ്മയെക്കുറിച്ച് അപവാദം പറയുന്നവരുമായി വഴക്കുണ്ടാക്കുന്നു. പ്രക്ഷുബ്‌ധ മനസ്സുമായ് കുടിലിൽ വന്നു കയറുമ്പോൾ കറുത്തമ്മ (ഷീല)യും അനുജത്തി പഞ്ചമിയും പരീക്കുട്ടിയെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുന്നു.  ക്ഷുഭിതനായി പളനി, ‘‘നിനക്കവനെ ഇഷ്ടമുണ്ടോടി '' എന്ന് ചോദിക്കുന്നു. ആ ചോദ്യം ഇഷ്ടപ്പെടാത്തതുകൊണ്ട് കറുത്തമ്മ നീരസത്തോടെ മറുപടി പറയുന്നു. ‘ഉണ്ട്'. സമനില തെറ്റിയ പളനി കറുത്തമ്മയ്ക്കുനേരെ ഇരുകൈകളും ഉയർത്തുന്നു. കറുത്തമ്മയുടെ അരികിൽ കിടന്ന് കളിക്കുകയായിരുന്ന പൈതലിന്റെ ഓമന മുഖം അയാളുടെ മനസ്സിലെന്ന പോലെ സ്ക്രീനിലും തെളിയുന്നു. പളനി  പിന്മാറുന്നു.
  
പിരിമുറുക്കമുള്ള പിന്നീടുള്ള സീനുകളിലും കുഞ്ഞ് പ്രാധാന്യത്തോടെ നിറഞ്ഞു നിൽക്കുന്നുണ്ട്. ആ കൈക്കുഞ്ഞ് ഷക്കീലയാണ്. ഗുരുവായൂർ പുതുവീട്ടിൽ മൂക്കത്തയിൽ ഷംസുദ്ദീന്റെ ഭാര്യ.  ചെമ്മീനുശേഷം അവസരങ്ങൾ തേടിയെത്തിയെങ്കിലും  സ്വീകരിച്ചില്ല. ചെമ്മീനെക്കുറിച്ച് ഒന്നും ഓർമയില്ല ഷക്കീലയ്‌ക്ക്‌.  ഉമ്മ നബീസ പറഞ്ഞറിയാം ചെമ്മീൻ അനുഭവങ്ങൾ.
 

രാമു കാര്യാട്ട്‌ കേട്ട കരച്ചിൽ

 

ചെമ്മീൻ സിനിമയിൽ സത്യന്റെയും ഷീലയുടെയും മകളായി ഷക്കീലയെ രാമുകാര്യാട്ട് തെരഞ്ഞെടുത്തതിനു പിന്നിൽ ഒരു കഥയുണ്ട്. തൃശൂരിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രവുമായി കൂടി ബന്ധപ്പെട്ട  കഥ.
 
നാടക നടിയും ഗായികയുമായിരുന്ന നബീസയുടെ മകളാണ് ഷക്കീല. അളഗപ്പനഗറിൽ കമ്യൂണിസ്റ്റ് പാർടി അനുഭാവിയും തൊഴിലാളിയുമായ ബീരാൻകുട്ടിയാണ് നബീസയുടെ ബാപ്പ. അളഗപ്പ മിൽ തൊഴിലാളികൾക്കെതിരെ ഗുണ്ടാ ആക്രമണങ്ങൾ ശക്തമായി നടന്ന 1958‐60 കാലം. പാർടി ഓഫീസിൽ കയറി ടി കെ പരമു എന്ന തൊഴിലാളിയെ ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തി. പാർടി ശക്തമായ  പ്രതിരോധമുയർത്തി. ഇ എം എസും എ കെ ജി യുമെല്ലാം എത്തി. വലിയ പൊതുയോഗങ്ങൾ. ഈ ഘട്ടത്തിലാണ് ഒമ്പതാം ക്ളാസിൽ പഠിച്ചിരുന്ന നബീസയെ പാർടി പ്രവർത്തകൻ ബാലൻ പണിക്കർ പൊതുയോഗത്തിൽ പാടാൻ കൊണ്ടുപോയത്. ജനങ്ങൾക്ക് കൊച്ചു ഗായിക പ്രിയപ്പെട്ടവളായി. നന്നേ ബോധിച്ചു.  നബീസയ്‌ക്ക് പിന്നീട് ധാരാളം വേദികൾ. നിരവധി നാടകങ്ങളിലും അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ  ‘ഇത് ഭൂമിയാണ്' ഉൾപ്പെടെയുള്ള  നാടകങ്ങളിൽ അഭിനയിച്ചു. സമുദായ പ്രമാണിമാരുടെ എതിർപ്പ് അവഗണിച്ചാണ് ബീരാൻകുട്ടി മകളെ വളർത്തിയത്.
 
ഗുരുവായൂർ സ്വദേശിയായ അബുവാണ് നബീസയെ വിവാഹം കഴിച്ചത്. ഇവർ തൃശൂരിലേക്ക് താമസം മാറ്റിയത് 1962കാലത്തായിരുന്നു. 63ൽ കുഞ്ഞു പിറന്നു. അന്ന് അവരുടെ വീടിനടുത്ത് ഒരു ലോഡ്ജുണ്ടായിരുന്നു. അതിലാണ് രാമു കാര്യാട്ടും കൺമണി ഫിലിംസ് ഉടമ ബാബു സേഠും താമസിച്ചിരുന്നത്. ചെമ്മീന്റെ ചർച്ചകൾ നടക്കുന്ന കാലം. ലോഡ്ജിന്റെ അടുത്തവീട്ടിൽ ഒരു ദിവസം നിർത്താതെ കരഞ്ഞ കുഞ്ഞിനെ കാണാൻ രാമു കാര്യാട്ടെത്തി. അദ്ദേഹത്തിന്റെ മനസ്സിലുള്ള അതേ കുഞ്ഞ്. അങ്ങനെയാണ് നബീസയുടെ മകൾ ചെമ്മീനിൽ എത്തുന്നത്
 
1964ൽ നാട്ടിക കടപ്പുറത്തായിരുന്നു ഷൂട്ടിങ്.  പത്തു ദിവസം കുട്ടിയുമായി സെറ്റിൽ പോയി നബീസയും അബുവും.  കറുത്തമ്മയ്ക്കെതിരെ അപവാദം പറയുന്ന മീൻവിൽപ്പനക്കാരികളിൽ ഒരാളായി നബീസയും ചെമ്മീനിൽ വേഷമിട്ടു.
 
1965ൽ സിനിമ റിലീസായി. മറ്റൊരു മലയാള സിനിമയ്ക്കും ലഭിയ്ക്കാത്ത വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. മുഴുനീള കളർ ചിത്രം. മാർക്കസ് ബർട്‌ലിയെന്ന ബ്രിട്ടീഷ് ക്യാമറാമാന്റെ ജീവൻ തുടിക്കുന്ന ഫ്രെയിമുകൾ. വയലാർ–- സലിൽ ചൗധരി ടീമിന്റെ മികച്ച ഗാനങ്ങൾ. പല രാജ്യങ്ങളിലും ചെമ്മീൻ കൈയടി നേടി. മലയാളത്തിലേക്ക് ആദ്യമായി രാഷ്ട്രപതിയുടെ സ്വർണപ്പതക്കവും ചെമ്മീൻ കൊണ്ടുവന്നു.
 

ചെമ്മീൻകുട്ടി

 
അരിമ്പൂരിലെ സ്കൂളിൽ  പഠിക്കുമ്പോൾ മുതിർന്ന വിദ്യാർഥികൾ ചെമ്മീൻകുട്ടി എന്ന് വിളിക്കുമായിരുന്നു ഷക്കീലയെ. പിന്നീട് മുതിർന്നപ്പോൾ അതൊരഭിമാന വിളിയായി. അബുവും നബീസയും കുടുംബവും പിന്നീട് ഗുരുവായൂരിലേക്ക് താമസം മാറ്റി. ഷക്കീലയുടെ കോളേജ് വിദ്യാഭ്യാസം മമ്മിയൂർ ലിറ്റിൽ ഫ്ലവറിലായിരുന്നു.
 
ചെമ്പൈ സ്മാരക സംഗീത വിദ്യാലയത്തിൽനിന്ന് സംഗീതവും അഭ്യസിച്ചു. 1986ലായിരുന്നു ഷംസുദ്ദീനുമായുള്ള വിവാഹം. വിവാഹാനന്തരം മസ്‌ക്കത്തിലും  ദുബായിലും താമസിച്ചു. മുഹമ്മദ് ഷൈൻ, മുഹമ്മദ് സജിൽ  എന്നിവർ മക്കൾ. ദുബായിലായിരിക്കുമ്പോൾ പ്രശസ്ത ഗായകർക്കൊപ്പം പാടാൻ അവസരം ലഭിച്ചു. നാട്ടിൽ സ്ഥിരതാമസമായശേഷം രാഗമാലിക, ജനകീയ സംഗീത സഭ ബ്ളാങ്ങാട്, ദിൽക്കി ആവാസ് എന്നീ ട്രൂപ്പുകളിൽ പാടുന്നു.
 

പ്രതീക്ഷയോടെ

 

അഭ്രപാളിയിലെ അച്ഛനും സംവിധായകൻ രാമുകാര്യാട്ടും മരിച്ചതൊന്നും കുഞ്ഞു ഷക്കീല അറിഞ്ഞിരുന്നില്ല. പരീക്കുട്ടി(മധു)യെ കണ്ടത്‌  വർഷങ്ങൾക്കു ശേഷം, തിരുവനന്തപുരം നിശാഗന്ധിയിൽ ചെമ്മീനിന്റെ ഇരുപത്തിയെട്ടാം വാർഷികത്തിൽ. അടൂർ ഭവാനിയും മറ്റും വേദിയിൽ ഉണ്ടായിരുന്നു. "ഷീലാമ്മയെ കാണാൻ  ഏറെ മോഹിച്ചാണ്‌ ആ പരിപാടിക്ക്‌ പോയത്‌. പക്ഷേ കണ്ടില്ല.'  സംവിധായകൻ കെ ജി ജോർജിൽനിന്നും ഏറ്റുവാങ്ങിയ ഉപഹാരം ഷക്കീല ഇന്നും  പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട്‌. ഗുരുവായൂരിൽ  ചെമ്മീന്റെ അമ്പതാം വാർഷിക പരിപാടിയിലും മധുവിനെ കണ്ടു.  സമയം കിട്ടുമ്പോഴെല്ലാം ചെമ്മീനിലെ തന്റെ കുട്ടിക്കാലം കാണാറുണ്ടെന്ന്‌ ഷക്കീല. അപ്പോഴൊക്കെ ഉള്ളിലൊരു മോഹം; അഭ്രപാളിയിലെ അമ്മയെ കാണണം. അത്‌ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഷക്കീല.
 

ചെമ്മീൻ

 

അഞ്ചര പതിറ്റാണ്ട് കഴിഞ്ഞിട്ടും മലയാളി മറക്കാത്ത സിനിമയാണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘ചെമ്മീൻ'. തകഴി ശിവശങ്കര പിള്ളയുടെ നോവലിനെ ആസ്പദമാക്കി കൺമണി ഫിലിംസിന്റെ ബാനറിൽ ബാബു സേഠ് ആണ് ചിത്രം നിർമിച്ചത്. മലയാള സിനിമയ്ക്ക് ആദ്യമായി രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിത്തന്നതും ചെമ്മീനായിരുന്നു.
 
തകഴിയും എസ്എൽപുരം സദാനന്ദനും രാമുകാര്യാട്ടും ചേർന്ന് സൃഷ്ടിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കുന്നു. പളനിയും ചെമ്പൻകുഞ്ഞും കറുത്തമ്മയും പരീക്കുട്ടിയും ചക്കിയും പഞ്ചമിയുമെല്ലാം കാലപ്രവാഹത്തെ അതിജീവിച്ചും പ്രേക്ഷകമനസ്സിൽ ജീവിക്കുന്നു. ഒരു സിനിമ 55 ആണ്ടുകൾക്ക് ശേഷവും ഓർക്കപ്പെടുന്നത് ആ കലാസൃഷ്ടി മനുഷ്യരിലുളവാക്കിയ അനുഭൂതികൊണ്ടു മാത്രമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top