07 April Tuesday

കൊറോണപ്പേടിയില്‍ കാന്‍ മേള മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

കൊറോണപ്പേടിയില്‍ ഒടുവില്‍ വിഖ്യാതമായ കാൻ ചലച്ചിത്രമേളയും മാറ്റിവച്ചു. മെയ് 12 മുതല്‍ 23 വരെ നടക്കേണ്ട മേളയുടെ 72–--ാം പതിപ്പ് ജൂണിലോ ജൂലൈയിലോ നടത്താനാണ് തീരുമാനം. കച്ചവടസിനിമയ്ക്കുപുറത്ത് ലോകത്തെ മികച്ച സിനിമകളുടെ മേളയായി അറിയപ്പെടുന്ന കാന്‍സില്‍ നാല്‍പ്പതിനായിരത്തോളം പേരെങ്കിലും എത്തിച്ചേരാറുണ്ട്.

യൂറോപ്പില്‍ രോഗം തീവ്രമായ സാഹചര്യത്തില്‍ സംഘാടകരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രമുഖ അമേരിക്കന്‍ സംവിധായകനും മേളയുടെ ജൂറി അധ്യക്ഷനുമായ സ്‌പൈക് ലീ പ്രതികരിച്ചു. അമേരിക്കയില്‍ ജൂണില്‍ നടക്കേണ്ട ഡേ ടൈം എമ്മി എന്നറിയിപ്പെടുന്ന സംഗീത പരിപാടിയും മാറ്റിവച്ചു.

ചലച്ചിത്രത്തൊഴിലാളികള്‍ക്കായി കൈകോര്‍ത്ത് ബോളിവുഡ്
ബോളിവുഡ് ചലച്ചിത്രമേഖല ഒന്നടങ്കം അടച്ചിട്ട സാഹചര്യത്തില്‍ സിനിമയുമായി ബന്ധപ്പെട്ട ദിവസവേതന തൊഴിലാളികള്‍ക്ക് ദുരിതാശ്വാസ പ്രഖ്യാപനവുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തുവന്നു. ചലച്ചിത്രമേഖലയിലെ ദിവസത്തൊഴിലാളികള്‍ക്കായി ദുരിതാശ്വാസനിധി സ്വരൂപിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് പ്രഖ്യാപിച്ചു.

ദുരിതാശ്വാസനിധിയിലേക്ക് ചലച്ചിത്രതാരങ്ങള്‍ ഉദാരമായി സംഭാവന നല്‍കണമെന്ന് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. താനും കുടുംബവും നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകളും യുവതാരവുമായ സോനം കപൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ചിത്രീകരണം നിര്‍ത്തവച്ച സാഹചര്യത്തില്‍ വീട്ടിലിരിക്കുന്ന താരങ്ങള്‍ കൊറോണ ബോധവൽക്കരണത്തിലും സജീവമാണ്. കൊറോണ വ്യാപനം തടയാന്‍ ഈ മാസം 31വരെ സിനിമ, സീരിയല്‍, വെബ്‌സീരീസ് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഹോളിവുഡ് താരങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളും രോഗഭീതിയിലാണ്. ബുഡാപെസ്റ്റില്‍നിന്ന്‌ മടങ്ങിയെത്തിയ പ്രമുഖ അഭിനേത്രി ശബാന ആസ്മി സമ്പര്‍ക്കവിലക്കില്‍ തുടരുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top