29 May Friday

പൃഥ്വിരാജിനെ അറിയാത്ത നഞ്ചിയമ്മ

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

 

അമ്മയ്‌ക്ക്‌ പൃഥ്വിരാജിനെ അറിയാമോ..?
ഇല്ല,ഏത്‌ സിനിമക്ക്‌ വേണ്ടിയാണ്‌ ഈ പാട്ട്‌ പാടിയത്‌ എന്നറിയുമോ?
ഇല്ല. എന്റെ പാട്ടാണോ...

പിന്നൊരു നിഷ്‌കളങ്കമായ ചിരിയും..

അട്ടപ്പാടിയുടെ ആദിവാസി ഗാനത്തിന്റെ ഈരടികൾ ഇന്ന്‌ യൂട്യൂബിൽ ഹിറ്റ്‌ചാർട്ടിലാണ്‌. വരികൾ അറിയില്ലങ്കിലും ഏതൊരാളും മൂളിപ്പോകും അട്ടപ്പാടി ഗൂളിക്കടവ് നക്കുപ്പതി ഊരിലെ നഞ്ചിയമ്മയുടെ പുത്തൻപാട്ട്‌. പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷത്തിലെത്തുന്ന "അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ടൈറ്റിൽ പാട്ടായ "കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാൻ പോകിലാമ്മ... എന്ന പാട്ടിന്റെ ഈരടികളാണ്‌ സമൂഹമാധ്യമങ്ങളിൽ  തരംഗമായിരിക്കുന്നത്‌.

ആദിവാസി ഇരുള വിഭാഗത്തിന്റെ ഭാഷയിൽ നഞ്ചിയമ്മ എഴുതി, ഈണമിട്ട് പാടിയ ഈ ഗാനമിന്ന്‌ ഏവരും ഏറ്റുപാടുന്നു. പുറത്തിറങ്ങി ഒരു ദിവസം കൊണ്ടുതന്നെ ലക്ഷത്തിലധികം പേരാണ് യൂട്യൂബ്, വാട്സ്ആപ്‌, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി കണ്ടത്‌. ഏത് സിനിമക്ക് വേണ്ടിയാണ് പാടിയതെന്നറിയുമോ എന്നും പൃഥ്വിരാജ് ചോദിക്കുന്നുണ്ട് അതിന് അറിയില്ല എന്ന അർഥത്തിൽ ഒരു ചിരി മാത്രമാണ് മറുപടി. എന്നാലിന്ന് എല്ലാവരിൽ നിന്നും അറിഞ്ഞും കേട്ടും എല്ലാ കാര്യങ്ങളും മനസിലാക്കിയിട്ടുണ്ട് നഞ്ചിയമ്മ.


 

അട്ടപ്പാടിയിലെ ഗോത്ര കലാരൂപങ്ങളുടെ തനതു കാഴ്ചകൾ ഇതിനുമുമ്പും ചലച്ചിത്രങ്ങളിൽ വന്നുപോയിട്ടുണ്ടെങ്കിലും നഞ്ചിയമ്മയുടെ ഈ പാട്ടാണ്‌ ഇന്ന്‌ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌.

കഴിഞ്ഞ പത്ത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഗോത്ര കലാകാരന്മാരുടെ കൂട്ടായ്മയായ ആസാദ് കലാസമിതിയിലെ പ്രധാന അംഗമാണ് ഇവർ. സിനിമ അഭിനേതാവും ഗോത്ര വിഭാഗത്തിലെ കലാകാരനുമായ പഴണിസ്വാമിയുടെ നേതൃത്വത്തിലാണ് നഞ്ചിയമ്മ പാടി തുടങ്ങിയത്.

റാസി സംവിധാനം ചെയ്തു നിർമിച്ച് 2017ൽ സംസ്ഥാന അവാർഡ് നേടിയ "വെളുത്ത രാത്രികൾ' എന്ന സിനിമയിലെ മൂന്നു പാട്ടുകൾ ആലപിച്ചിട്ടുണ്ട്. കൂടാതെ 2015ൽ സംസ്ഥാന ടെലിവിഷൻ ചലച്ചിത്ര അവാർഡ് നേടിയ 'അഗ്ഗെദ് നയാഗ' എന്ന ഹൃസ്വ ചിത്രത്തിലും പാടി. 2009ൽ ആദിവാസിപ്പാട്ട് വിഭാഗത്തിൽ സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top