07 July Thursday

അക്വേറിയം: ചില്ലുകൂട്ടിൽ നീറുന്ന പെൺജീവിതം

ജസ്‌ന ജയരാജ്‌ jas33jay@gmail.comUpdated: Sunday May 1, 2022

തിളങ്ങുന്ന ചില്ലുകൂട്ടിലും സ്‌ത്രീജീവിതം പേറുന്ന ദുഃഖത്തിന്റെ കുമിളകളെക്കുറിച്ചാണ്‌ അക്വേറിയം എന്ന സിനിമ. വിലക്കുകളോടെതിരിട്ട്‌ പ്രേക്ഷകരിലെത്തിയ ഈ സിനിമ കേന്ദ്രീകരിക്കുന്നത്‌ പല വേഷത്തിൽ സ്‌ത്രീകൾ നയിക്കേണ്ടിവരുന്ന അടിമജീവിതത്തിൽ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാവ്‌ ടി ദീപേഷ്‌ സംവിധാനം ചെയ്‌ത ചിത്രം ‘സൈന പ്ലേ’ ഒടിടി പ്ലാറ്റ്ഫോമിലാണ്‌ റിലീസ്‌ ചെയ്‌തത്‌.

സ്‌ത്രീ സീരീസ്‌

സ്‌ത്രീജീവിതം പ്രമേയമാക്കി ടി ദീപേഷ്‌ ഒരുക്കിയ മൂന്ന്‌ ചിത്രത്തിൽ രണ്ടാമത്തേതാണ്‌ അക്വേറിയം. ‘പിതാവിനും പുത്രനും’ എന്ന ആദ്യ ചിത്രത്തിന്‌ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. അക്വേറിയവും രണ്ടുതവണ സെൻസർ ബോർഡ് വിലക്കി. മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കമുള്ളതിനാൽ സിനിമ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ്‌ തള്ളിയത്‌. നേരത്തേ ഡൽഹി ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു. സ്‌ത്രീ സീരീസിലെ മൂന്നാമത്തെ ചിത്രം അമ്രപാലിയും പൂർത്തിയായി. നഖരം, അങ്കുരം, സ്വനം, കറുപ്പ്‌ തുടങ്ങിയ ചിത്രങ്ങൾക്ക്‌ ടി ദീപേഷിന്‌ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ടി ദീപേഷ്‌

ടി ദീപേഷ്‌

ചൂഷണത്തിനെതിരെ സിനിമ

ജീവിതത്തിലെ ഏത്‌ റോളിലും ചൂഷണം ചെയ്യപ്പെടുന്ന സ്‌ത്രീജീവിതങ്ങളെ ആവിഷ്‌കരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ ദീപേഷ്‌ പറഞ്ഞു. വീട്ടമ്മയായാലും അധ്യാപികയായാലും സന്യാസിനിയായാലും സ്‌ത്രീ അവരുടെ ജീവിതപരിസരങ്ങളിൽ നേരിടുന്ന അധിക്ഷേപങ്ങളും വിവേചനങ്ങളും ഏറെക്കുറെ സമാനമാണ്‌. അത്‌ പറയുമ്പോൾ ചിലപ്പോൾ ചില പരിധികൾ ലംഘിക്കേണ്ടിവരും. സിനിമയെ ഒരു കലാസൃഷ്‌ടിയായി കാണണം. ചൂഷണത്തിനെതിരെയുള്ള രാഷ്‌ട്രീയം സംസാരിക്കുന്ന കലയാകണം സിനിമ.

മേളകളിൽ വൻ വരവേൽപ്പ്‌

കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ ചിത്രമായിരുന്നു ‘അക്വേറിയം’. ജർമനി, ഇംഗ്ലണ്ട്, ചിലി എന്നീ രാജ്യങ്ങളിലെ അന്താരാഷ്ട്ര മേളകളിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. ദീപേഷിന്റെ കഥയ്‌ക്ക്‌ ബൽറാമാണ് തിരക്കഥ ഒരുക്കിയത്. ഹണിറോസ്, സണ്ണി വെയ്ൻ, ശാരി എന്നിവരോടൊപ്പം കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി കെ പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിച്ചിട്ടുണ്ട്‌. ഛായാഗ്രഹണം പ്രദീഷ് വർമ. കലാസംവിധാനം നിമേഷ് താനൂർ. സംഗീതം ബിജി പാൽ. നിർമാണം ഷാജ് കണ്ണമ്പേത്ത്‌.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top