22 February Saturday

വ്യാജവാര്‍ത്തക്കാര്‍ സൂക്ഷിച്ചോ ; ആഞ്ജലീന ജോളി ബിബിസിയുമായി കൈകോർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

വ്യാജവാർത്തകൾകൊണ്ട് പൊറുതിമുട്ടിയ താരമാണ് ആഞ്ജലീന ജോളി. പുതിയകാലത്ത് യുവജനങ്ങൾ വാർത്തകളിലെ കള്ളനാണയങ്ങളെ തിരിച്ചറിയണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനായി ബിബിസിയുമായി കൈകോർക്കുകയാണ് ഹോളിവുഡ് താരം. വ്യാജവാർത്തകളെ എങ്ങനെ തിരിച്ചറിയാം എന്ന് യുവതയെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.  പതിമൂന്ന് വയസ്സിന് മുകളിലുള്ളവരെ മാധ്യമസാക്ഷരരാക്കുന്ന പരിപാടി ബിബിസിയിലൂടെ കാണാം.

"തെറ്റിദ്ധരിപ്പിക്കുന്നതും വളച്ചൊടിക്കപ്പെട്ടതുമായ വാർത്തകളാണ് എവിടെയും പ്രചരിക്കുന്നത്. യുവജനങ്ങൾക്ക് ലോകത്തിന്റെ മറുഭാഗങ്ങളിൽ നടക്കുന്നകാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ അവസരമൊരുക്കേണ്ടതുണ്ട്. രക്ഷിതാവെന്നനിലയിൽ ഞാൻ ഇതിൽ വളരെ പ്രാധാന്യം കാണുന്നു-'  എടുത്തുവളർത്തുന്നതടക്കം ആറുമക്കളുടെ അമ്മകൂടിയായ താരം പറഞ്ഞു. 

ഹോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിലൊരാളായ അഞ്ജലീന സംവിധായിക, നിർമാതാവ് എന്ന നിലയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. നിത്യജീവിതത്തിലെ നടുക്കുന്ന സംഭവങ്ങളെ അധികരിച്ചുള്ളവയാണ് അവർ നിർമിക്കുന്ന സിനിമകളേറെയും. രണ്ടാംലോകയുദ്ധത്തെ അധികരിച്ചൊരുക്കിയ "അൺബ്രോക്കൺ', കംബോഡിയൻ ജീവിതാവസ്ഥകൾ വെളിപ്പെടുത്തിയ "ഫസ്റ്റ് ദെ കിൽഡ് മൈ ഫാദർ' തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയം. ദ എറ്റേണൽസ്, കം എവേ എന്നിവയാണ് അവർ അഭിനയിച്ച പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.

സൂപ്പർതാരം ബ്രാഡ്പിറ്റുമായുള്ള വിവാഹമോചനത്തിന് ശേഷം വീണ്ടും ചലച്ചിത്രരംഗത്ത് സജീവമാകുകയാണ് അഞ്ജലീന. ബ്രാഡ് പിറ്റുമായുള്ള ദാമ്പത്യത്തിൽ മൂന്ന് കുട്ടികളുണ്ട്. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് കുട്ടികളെ ദത്തെടുക്കുകയുംചെയ്തു. എന്നാൽ,  അഞ്ജലീന വീണ്ടും ഒരു കുട്ടിയെ കൂടി ദത്തെടുക്കാനുള്ള നീക്കം ആരംഭിച്ചെന്നും റിപ്പോർട്ടുണ്ട്. അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ പ്രചാരകകൂടിയായ അവർ ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top