29 February Saturday

നിലപാട്‌ പറഞ്ഞാൽ സിനിമ പോകും ; തുറന്നുപറച്ചിലുമായി അമീര്‍ സുല്‍ത്താന്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

നിലപാട് പറഞ്ഞാല്‍ സിനിമ നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്ന തുറന്നുപറച്ചിലുമായി പരുത്തിവീരൻ സിനിമയുടെ സംവിധായകനും  നടനുമായ അമീര്‍ സുല്‍ത്താന്‍. ‘ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പല അഭിനേതാകളും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുണ്ട്. ഇത് ഒരു നല്ല ഇടപെടലാണ്. എന്നാല്‍, ഇത് സിനിമാ മേഖലയില്‍ വളരാന്‍ സഹായിക്കില്ല. സാമൂഹ്യസേവനം വേറെയാണ്. രാഷ്ട്രീയം വേറെയാണ്.

ആദ്യ സംവിധാന സംരംഭമായ ‘സന്തന ദേവന്‍’ നിന്ന് പോകാന്‍ കാരണം എന്റെ നിലപാടുകളാണ്. നിര്‍മാതാക്കള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സംസാരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. അത് ഞാന്‍ അം​ഗീകരിച്ചില്ല. അതിനാല്‍ അവര്‍ ഫണ്ട് നല്‍കുന്നത് നിര്‍ത്തി. എന്റെ നിലപാട് മറ്റുള്ളവര്‍ക്കായി മാറ്റാന്‍ കഴിയില്ല. യുവന്‍ ശങ്കര്‍ രാജ സിനിമയ്ക്കായി പാട്ടുകള്‍ തയ്യാറാക്കുകയും ശിവകുമാര്‍ വിജയന്‍ ചിത്രീകരണത്തിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ സിനിമ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിങ്ങള്‍ പൊതുസമൂഹത്തില്‍ ശബ്ദമുയര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സിനിമയില്‍ അവസരം നഷ്ടമാകും. ഞാന്‍ അത്തരം സാഹചര്യങ്ങളുടെ ഇരയാണ്–-  അമീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മായാനദി തമിഴ്‌ സിനിമയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരുത്തിവീരനിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ അമീറിന്റെ തുറന്നുപറച്ചില്‍. 2008ല്‍ ശ്രീലങ്കയില്‍ തമിഴര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ അമീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചതിനായിരുന്നു അറസ്റ്റ്. തമിഴ്നാട്ടിലെ കര്‍ഷക പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന തന്റെ സഹായികൂടിയായ അഭി ശരവണിനുണ്ടായ സമാന അനുഭവംകൂടി മുന്‍നിര്‍ത്തിയായിരുന്നു അമീറിന്റെ പ്രതികരണം.

വെട്രിമാരന്‍–- ധനുഷ് ടീമിന്റെ വടചെന്നൈയില്‍ സുപ്രധാന കഥാപാത്രമായ രാജനായി എത്തിയത് അമീറായിരുന്നു. അമീറിന്റെ കഥാപാത്രത്തിനെ കേന്ദ്രീകരിച്ച് വെബ് സീരീസും വെട്രിമാരന്‍ ഒരുക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top