14 November Thursday

കുറച്ചായിട്ട് ഞാൻ ഇവിടില്ലായിരുന്നു; ഒരു ആമസോൺ വെബ് സീരീസിൽ അഭിനയിക്കുകയായിരുന്നു...

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

നീരജ് മാധവന് എന്ത്‌ സംഭവിച്ചു. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിനുശേഷം താരത്തെ കാണാനില്ലല്ലോ എന്ന ചോദ്യത്തിന് ഒടുവിൽ താരംതന്നെ ഉത്തരം  നല്‍കി. ആമസോൺ പ്രൈം 200 രാജ്യങ്ങളിലായി ഈ മാസം അവസാനം റിലീസ് ചെയ്യാൻ പോകുന്ന വെബ്‌ സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവതാരം. ബോളിവുഡിൽ പിറവിയെടുത്ത വെബ്‌ സീരീസിൽ പ്രധാനകഥാപാത്രത്തെയാണ് നീരജ് അവതരിപ്പിക്കുന്നത്. മനോജ് ബാജ്‌പേയി നായകനാകുന്ന "ദ ഫാമിലി മാൻ' എന്ന വെബ്‌ സീരീസിന്റെ ആദ്യപ്രചാരണ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നു.

മലയാളത്തിൽ തന്റെ അസാന്നിധ്യം സൃഷ്ടിച്ച ചോദ്യങ്ങൾക്ക് കഴിഞ്ഞദിവസം നീരജ് ഫെയ്‌സ്ബുക്കിലൂടെ മറുപടി നൽകി."എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലല്ലോ? തുടങ്ങി അനവധി ചോദ്യങ്ങൾ പലരും തമാശരൂപേണയും പരിഹാസരൂപേണയും ചുരുക്കം ചിലർ ആശങ്കയോടെയും ചോദിച്ച് കാണാറുണ്ട്. ശരിയാണ്, കുറച്ചായിട്ട് ഞാൻ ഇവിടില്ലായിരുന്നു. അങ്ങ്‌ മുംബൈയിൽ ഒരു ആമസോൺ ഒറിജിനൽ വെബ് സീരീസിൽ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുള്ളതുകൊണ്ട് കുറച്ചു സമയമെടുത്തു. എങ്കിലും തെറ്റു പറയാൻ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്നുതോന്നുന്നു'–- നീരജ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ആഗോള വിനോദചാനലിന്റെ ശ്രദ്ധേയമായ സംരംഭത്തിൽ അംഗമാകാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന താരം മനോജ് ബാജ്‌പേയി ഉൾപ്പെടെയുള്ളവർക്കൊപ്പമുള്ള ഷൂട്ടിങ്‌ അനുഭവം മറക്കാനാകില്ലെന്നും കുറിച്ചു.

ഷോർ ആൻഡ് ദ സിറ്റി, ഗോ ഗോ ഗോവ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ സംവിധാനംചെയ്ത രാജ്, ഡികെ എന്ന ഇരട്ട സംവിധായകരാണ് ഫാമിലി മാൻ ഒരുക്കിയത്. മനോജ് ബാജ്‌പേയിക്ക് ഒപ്പം തെന്നിന്ത്യയിൽനിന്ന്‌ പ്രിയാമണിയും പ്രധാനവേഷത്തിൽ എത്തുന്നു. ഒരേസമയം കുടുംബസ്ഥനും ഭീകരവിരുദ്ധസേനയിലെ ഉദ്യോഗസ്ഥനുമായ  കഥാപാത്രത്തെയാണ് മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്നത്. ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് നീരജിന്റേത്.

ഹിന്ദി വെബ്‌ സീരീസിൽ അഭിനയിച്ചതുകൊണ്ട് നാട്‌ വിട്ട്‌ പോകാനൊന്നും ഉദ്ദേശ്യമില്ലെന്നും ചോറ് മലയാള സിനിമതന്നെയാണെന്നും താരം പറയുന്നു. തിരക്കഥാകൃത്തും നർത്തകനും കോറിയോഗ്രാഫറുമായ യുവതാരം "ഗൗതമന്റെ രഥം', "ക' എന്നീ രണ്ടുചിത്രം പൂർത്തിയാക്കി. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. 

 


പ്രധാന വാർത്തകൾ
 Top